02:45am 08 November 2026
NEWS
ശ്രേഷ്‌ഠ ബസ്സേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് മലങ്കരയിൽ സ്വീകരണം
29/03/2025  07:59 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ശ്രേഷ്‌ഠ ബസ്സേലിയോസ് ജോസഫ് കാതോലിക്ക  ബാവയ്ക്ക് മലങ്കരയിൽ സ്വീകരണം

പുത്തൻകുരിശ് : യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പുതിയ കാതോലിക്കയായി അഭിഷിക്തനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് ജോസഫ് കാതോലിക്ക ബാവായുടെ  സ്ഥാനാരോഹണ ശുശ്രൂഷയും (സുന്ത്രോണീസോ) ശുശ്രൂഷയും അനുമോദന സമ്മേളനവും മാർച്ച് 30 ഞായർ വൈകിട്ട് 3.30 ന് സഭാ കേന്ദ്രമായ പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിൽ നടക്കും.

ശ്രേഷ്‌ഠ ബസ്സേലിയോസ് ജോസഫ് കാതോലിക്ക ബാവായെ സ്വീകരിക്കാൻ പാത്രിയർക്കാ സെന്ററിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഉച്ചയ്ക്ക് 1.30 ന് നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന നവാഭിഷിക്ത ശ്രേഷ്‌ഠ ബാവായെ സഭയിലെ മെത്രാപ്പൊലീത്തമാരും സഭാ ഭാരവാഹികളും, വര്‍ക്കിംഗ് - മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, വൈദികരും വിശ്വാസികളും ചേർന്നു സ്വീകരിക്കും. തുടര്‍ന്ന്  നൂറ് കണക്കിന്  വാഹനങ്ങളുടെ അകമ്പടിയോടെ  പെരുമ്പാവൂര്‍ വഴി  വൈകിട്ട് 3.30 ന് സഭാ ആസ്ഥാനമായ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെക്ക് ശ്രേഷ്ഠ ബാവായെ ആനയിക്കും. പാത്രിയർക്കാ സെന്ററിന്റെ പ്രധാന കവാടത്തിൽ നിന്ന് ശ്രേഷ്ഠ ബാവായെ പാത്രിയർക്കാ സെൻ്ററിലേക്ക് സ്വീകരിക്കും.

വൈകിട്ട് 3.30 ന് പാത്രിയർക്കാ സെൻ്ററിൽ നിന്ന് മുൻഗാമിയായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബറടങ്ങിയിരിക്കുന്ന സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിലേക്ക് സഭയുടെ ആചാര പ്രകാരം സ്വീകരിച്ചാനയിക്കും. ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ ധൂപ പ്രാർഥനയ്ക്കു ശേഷം നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്ക ബാവായെ മലങ്കര സുറിയാനി സഭ ഔദ്യോഗികമായി ഒന്നാകെ അംഗീകരിക്കുന്നു എന്നതിന്റെ അടയാളമായി ' ഓക്സിയോസ്' ചൊല്ലി സഭയിലെ വൈദീകരും വിശ്വാസികളും "അങ്ങ് യോഗ്യന്‍, അങ്ങയെ ഞങ്ങൾ അംഗീകരിക്കുന്നു" എന്ന് മൂന്നുപ്രാവശ്യം ഏറ്റ് പറയുന്ന സ്ഥാനാരോഹണ (സുന്ത്രോണീസോ) ശുശ്രൂഷ നടക്കും. മലങ്കരയുടെ വലിയ മെത്രാപ്പോലീത്ത  എബ്രഹാം മോർ സേവേറിയോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. പാത്രിയർക്കീസ് ബാവായുടെ പ്രതിനിധിയായി എത്തുന്ന ബെയ്റൂട്ട് ആർച്ച് ബിഷപ്പ് മാർ ഡാനിയൽ ക്ലീമീസ്, ഹോംസ് ആർച്ച് ബിഷപ്പ് മാർ തിമോത്തിയോസ് മത്താ അൽ ഖൂറി, ആലപ്പോ ആർച്ച് ബിഷപ്പ് മാർ ബൗട്രോസ് അൽ കിസിസ് എന്നിവരും  സഭയിലെ മുഴുവന്‍ മെത്രാപ്പോലീത്താമാരും സഹകാര്‍മികരായിരിക്കും.

വൈകിട്ട് 5 ന് പാത്രിയർക്കാ സെൻ്റർ ശ്രേഷ്ഠ ബസ്സേലിയോസ്  തോമസ് പ്രഥമന്‍ ബാവാ നഗറില്‍ നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്കാ ബാവായെ അനുമോദിച്ച് സഭാടിസ്ഥാനത്തിലുള്ള പൊതുസമ്മേളനം നടത്തും. വിവിധ ക്രൈസ്തവ-സഭാ മേലദ്ധ്യക്ഷന്മാര്‍, രാഷ്ട്രീയ- സാമൂഹിക- സാംസ്‌ക്കാരീക- സാമുദായിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. മലങ്കര സുറിയാനി സഭയിലെ ആയിരക്കണക്കിന് വിശ്വാസികളും വൈദികരും സംബന്ധിക്കും. സമ്മേളനാനന്തരം എല്ലാവർക്കും  സ്നേഹവിരുന്ന് ക്രമീകരിച്ചിട്ടുണ്ടെന്നും ശ്രേഷ്ഠ ബാവായെ സ്വീകരിക്കാൻ ക്രമീകരണങ്ങൾ പൂർത്തിയായതായും ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img