
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന്റെ ക്രെഡിറ്റ് കത്തോലിക്കാ സഭ അവകാശപ്പെടുന്നില്ലെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സുരേഷ് ഗോപിയുടെ വിജയം അദ്ദേഹത്തിനുതന്നെയിരിക്കട്ടെയെന്നും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ തലശേരി ആർച്ച് ബിഷപ്പ് പറഞ്ഞു. സുരേഷ് ഗോപി വിജയിക്കാൻ മറ്റു പല ഘടകങ്ങളുമുണ്ടാകാമെന്നും അവ പരിശോധിക്കാൻ തയ്യാറാകേണ്ടത് രാഷ്ട്രീയപാർട്ടികളാണെന്നും പാംപ്ലാനി സൂചിപ്പിച്ചു.
തൃശ്ശൂരിലെ വിജയത്തിന് പിന്നിൽ ക്രിസ്ത്യൻ വോട്ടുകളാണെന്ന വിലയിരുത്തലുകളോട് പ്രതികരിക്കുകയായിരുന്നു പാംപ്ലാനി. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിയെന്ന നിലയിലും, സിനിമാ നടനെന്ന നിലയിലും സുരേഷ് ഗോപിയെ ഇഷ്ടപ്പെടുന്ന ക്രിസ്ത്യാനികൾ ഉണ്ടായിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അതിന്റെ പേരിൽ സഭ ഒന്നടങ്കം സുരേഷ് ഗോപിയെ പിന്തുണച്ചുവെന്നോ, ക്രിസ്ത്യാനികൾ കൂട്ടത്തോടെ ബിജെപിയിലേക്കു മാറിയെന്നോ പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിസ്ത്യൻ വോട്ടുകളാണ് വിജയത്തിന് നിർണായകമായതെന്ന് തെളിയിക്കാൻ യാതൊരു വ്യക്തമായ ഡാറ്റയും ഇല്ലെന്ന് പാംപ്ലാനി ചൂണ്ടിക്കാട്ടി. എതിരാളിയോടുള്ള പ്രതിഷേധം, ഭരണവിരുദ്ധ വികാരം തുടങ്ങിയ മറ്റു ഘടകങ്ങളും തിരഞ്ഞെടുപ്പ് ഫലത്തിൽ സ്വാധീനിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജയിച്ചത് ക്രിസ്ത്യാനികൾ വോട്ട് ചെയ്തതുകൊണ്ടാണെന്ന ലളിതവൽക്കരണം രാഷ്ട്രീയ മുന്നണികളുടെ സ്വയംപരിശോധനയുടെ അഭാവമാണ് കാണിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
രാഷ്ട്രീയം “നല്ല കുടുംബങ്ങളിൽ പിറന്നവർക്ക് യോജിച്ചതല്ല” എന്ന പൊതുചിന്ത സഭയും ഒരുകാലത്ത് ഉൾക്കൊണ്ടിരുന്നുവെന്ന് പാംപ്ലാനി തുറന്നു പറഞ്ഞു. സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കക്ഷി രാഷ്ട്രീയം ഒഴിവാക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തിയതായും, അത് കുട്ടികളിൽ അരാഷ്ട്രീയത വളരാൻ കാരണമായെന്ന് ഇപ്പോൾ തിരിച്ചറിയുന്നതായും അദ്ദേഹം വ്യക്തമാക്കി. പ്രത്യേകിച്ച് മധ്യകേരളത്തിൽ ഈ പ്രവണത കൂടുതലാണെന്നും അദ്ദേഹം നിരീക്ഷിച്ചു.
സത്യസന്ധതയ്ക്ക് വിലയില്ലാത്തതും അഴിമതിയാൽ നിറഞ്ഞതുമാണ് രാഷ്ട്രീയം എന്ന പൊതുബോധം സഭയും ഉൾക്കൊണ്ടിരുന്നുവെന്ന് പറഞ്ഞ പാംപ്ലാനി, അതിന്റെ ഫലമായി സമൂഹത്തിൽ ഗുണമേന്മയുള്ള നേതൃനിര ഉയർന്നു വരാത്ത സാഹചര്യം ഉണ്ടായി എന്നും പറഞ്ഞു. എല്ലാ സമുദായങ്ങളും പുതിയ തലമുറയിലെ കഴിവും സമർപ്പണബുദ്ധിയുമുള്ളവരെ രാഷ്ട്രീയത്തിലേക്ക് പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











