12:55am 10 June 2026
NEWS
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ ദലിത് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി
09/06/2026  07:03 AM IST
nila
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ ദലിത് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി

ഖോൽഗഡ്: ഉത്തരാഖണ്ഡിൽ ജാതിവെറിയെ തുടർന്നുണ്ടായ ക്രൂര ആക്രമണത്തിൽ 18കാരനായ ദലിത് യുവാവ് കൊല്ലപ്പെട്ടു. ഉയർന്ന ജാതിയിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള സൗഹൃദമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ യുവാവിന്റെ സുഹൃത്തിന് ഗുരുതര പരുക്കേറ്റു. ദേവൽ ഗ്രാമത്തിൽ താമസിക്കുന്ന കേതൻ ലാലാണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന ദിവാകർ ദിമ്രി ആശുപത്രിയിൽ ചികിത്സയിലാണ്. കേതന്റെ പിതാവ് ധനപാൽ ലാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ആറുമാസമായി ഖോൽഗഡ് സ്വദേശിനിയായ ഒരു പെൺകുട്ടിയുമായി കേതൻ സൗഹൃദത്തിലായിരുന്നുവെന്നാണ് വിവരം. സംഭവദിവസം രാത്രി പെൺകുട്ടിയുടെ ഫോൺവിളിയെ തുടർന്ന് കേതനും ദിവാകറും ഖോൽഗഡിലേക്ക് പോയതായും അവിടെ എത്തിയ ഉടൻ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഇരുവരെയും ഒരു മുറിയിൽ പൂട്ടിയിട്ട് മർദിച്ചുവെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്.

ഗുരുതരമായി പരുക്കേറ്റ കേതനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങളും നാട്ടുകാരും മൃതദേഹം ഏറ്റുവാങ്ങാൻ ആദ്യം വിസമ്മതിക്കുകയും പ്രതികൾക്കെതിരെ കർശന നടപടി ആവശ്യപ്പെടുകയും ചെയ്തു. കൊലപാതകത്തിനും പട്ടികജാതി-പട്ടികവർഗ അതിക്രമനിരോധന നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. കേസിലെ പ്രധാന പ്രതികളിലൊരാളായ യഷ്‌വീർ സിങ് പൻവാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img