
ഖോൽഗഡ്: ഉത്തരാഖണ്ഡിൽ ജാതിവെറിയെ തുടർന്നുണ്ടായ ക്രൂര ആക്രമണത്തിൽ 18കാരനായ ദലിത് യുവാവ് കൊല്ലപ്പെട്ടു. ഉയർന്ന ജാതിയിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള സൗഹൃദമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ യുവാവിന്റെ സുഹൃത്തിന് ഗുരുതര പരുക്കേറ്റു. ദേവൽ ഗ്രാമത്തിൽ താമസിക്കുന്ന കേതൻ ലാലാണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന ദിവാകർ ദിമ്രി ആശുപത്രിയിൽ ചികിത്സയിലാണ്. കേതന്റെ പിതാവ് ധനപാൽ ലാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ആറുമാസമായി ഖോൽഗഡ് സ്വദേശിനിയായ ഒരു പെൺകുട്ടിയുമായി കേതൻ സൗഹൃദത്തിലായിരുന്നുവെന്നാണ് വിവരം. സംഭവദിവസം രാത്രി പെൺകുട്ടിയുടെ ഫോൺവിളിയെ തുടർന്ന് കേതനും ദിവാകറും ഖോൽഗഡിലേക്ക് പോയതായും അവിടെ എത്തിയ ഉടൻ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഇരുവരെയും ഒരു മുറിയിൽ പൂട്ടിയിട്ട് മർദിച്ചുവെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്.
ഗുരുതരമായി പരുക്കേറ്റ കേതനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങളും നാട്ടുകാരും മൃതദേഹം ഏറ്റുവാങ്ങാൻ ആദ്യം വിസമ്മതിക്കുകയും പ്രതികൾക്കെതിരെ കർശന നടപടി ആവശ്യപ്പെടുകയും ചെയ്തു. കൊലപാതകത്തിനും പട്ടികജാതി-പട്ടികവർഗ അതിക്രമനിരോധന നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. കേസിലെ പ്രധാന പ്രതികളിലൊരാളായ യഷ്‌വീർ സിങ് പൻവാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.










