
കർണാടകം: പ്രശസ്ത എഴുത്തുകാരിയും ജീവകാരുണ്യ പ്രവർത്തകയുമായ സുധ മൂർത്തിയും ഭർത്താവ് ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയും ജാതി സെൻസസിൽ പങ്കുചേരാൻ വിസമ്മതം പ്രകടിപ്പിച്ചു. ബംഗളുരു ജയനഗറിലെ വീട്ടിൽ എമ്യുണറേറ്റർമാർ എത്തിയിരുന്നെങ്കിലും വിവരങ്ങൾ പങ്കുവെക്കാൻ ഇരുവരും കൂട്ടാക്കിയില്ല. "ഞങ്ങൾ പിന്നോക്കവിഭാഗത്തിൽ പെടുന്നവരല്ല. അതിനാൽ ജാതി സെൻസസിന് വിവരങ്ങൾ നൽകിയതുകൊണ്ട് ഞങ്ങൾക്കോ ഗവണ്മെന്റിനോ യാതൊരു പ്രയോജനവുമില്ല " സ്വയം തയ്യാറാക്കി നൽകിയ സത്യവാങ് മൂലത്തിൽ ഇരുവരും വ്യക്തമാക്കി. കർണാടക പിന്നോക്കവിഭാഗ ക്ഷേമ കമ്മീഷന്റെ മേൽനോട്ടത്തിലാണ് ജാതി സെൻസസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ സർവ്വേ നടക്കുന്നത്. സപ്റ്റംബർ 22 ന് തുടക്കം കുറിച്ച സർവ്വേ സാങ്കേതിക കാരണങ്ങളാൽ ബംഗളുരുവിൽ ഏതാനും ദിവസം വൈകിയാണ് ആരംഭിച്ചത്. നഗരത്തിലെ 15.42 ലക്ഷം വീടുകളിലേ ഇതുവരെ സർവ്വേ നടന്നിട്ടുള്ളൂ. അതിൽ തന്നെ ജാതിയും മറ്റുവിവരങ്ങളും പങ്കുവെച്ചവർ വളരെ കുറവാണ്. വിവരങ്ങൾ നൽകാൻ ആരെയും നിർബന്ധിക്കരുതെന്നും ശേഖരിക്കുന്ന വിവരങ്ങൾ പുറത്തുപോകാതെ സൂക്ഷിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദ്ദേശപ്രകാരമാണ് സർവ്വേ നടക്കുന്നത്. അതാകട്ടെ അദ്ദേഹത്തിന്റെ അധികാരപദവി നിലനിർത്തുന്നതുമായി ബന്ധപ്പെട്ട കാര്യവുമാണ്. ആദ്യതവണ മുഖ്യമന്ത്രിയായിരിക്കെ 2015 ൽ ജാതി സെൻസസ് നടത്താൻ സിദ്ധരാമയ്യ ഉത്തരവിട്ടിരുന്നു. 2018 ൽ റിപ്പോർട്ട് തയ്യാറായിരുന്നെങ്കിലും തുടർന്നുവന്ന ഗവണ്മെന്റുകൾ അത് പരിഗണിച്ചിരുന്നില്ല. രണ്ടാമതും സിദ്ധരാമയ്യ മുഖ്യമന്ത്രിയായതോടെ പിന്നോക്കവിഭാഗ ക്ഷേമ കമ്മീഷൻ ചെയർമാൻ കഴിഞ്ഞ വർഷം റിപ്പോർട്ട് അദ്ദേഹത്തിന് സമർപ്പിച്ചു. എന്നാൽ പ്രബലസമുദായങ്ങളുടെ ശക്തമായ എതിർപ്പ് കാരണം ആ റിപ്പോർട്ട് ചർച്ചയ്ക്ക് എടുക്കാൻ പോലും കഴിയാതെ തള്ളേണ്ടിവന്നു. ആ സാഹചര്യത്തിലാണ് രണ്ടാമതും ജാതി സെൻസസ് നടത്താൻ സിദ്ധരാമയ്യ ഉത്തരവിട്ടത്. ആ നീക്കം ഭരണകക്ഷിയ്ക്കകത്തും പുറത്തും എതിർപ്പും അഭിപ്രായ വ്യത്യാസവും ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ പ്രതിഫലനമായാണ് സുധ മൂർത്തിയുടെയും നാരായണമൂർത്തിയുടെയും പരസ്യമായ വിട്ടുനിൽക്കലിനെ കാണേണ്ടത്. സർവേയിൽ ബംഗളുരു വളരെ പിറകിലായതിനാൽ ഈ മാസാവസാനം വരെ സമയം നീട്ടിയേക്കും. ബംഗളുരു നഗരവാസികളിൽ പകുതിയിലേറെയും അന്യസംസ്ഥാനങ്ങളിൽ നിന്ന് കുടിയേറിയവരാണ്. ഇവരിൽ പലർക്കും ജാതി സെൻസസിൽ അത്ര താല്പര്യമില്ല എന്നതും എടുത്തുപറയേണ്ടതുണ്ട്.
Photo Courtesy - Google











