08:51am 29 April 2026
NEWS
ജാതി സെൻസസ്: പൊതുമേഖലാസ്ഥാപനത്തിൽ നിന്ന് സൂക്ഷ്മവിവരങ്ങൾ തേടാൻ കർണാടകം
13/05/2025  11:17 AM IST
വിഷ്ണുമംഗലം കുമാർ
ജാതി സെൻസസ്: പൊതുമേഖലാസ്ഥാപനത്തിൽ നിന്ന് സൂക്ഷ്മവിവരങ്ങൾ തേടാൻ കർണാടകം

ബംഗളുരു: ജാതി സെൻസസ് റിപ്പോർട്ടിലെ ശുപാർശകൾ മന്ത്രിസഭയിൽ ചർച്ച ചെയ്ത് അംഗീകാരം നൽകാനുള്ള നീക്കവുമായി മുന്നോട്ട് പോവുകയാണ് സിദ്ധരാമയ്യ ഗവണ്മെന്റ്. പക്ഷെ റിപ്പോർട്ടിനെതിരെ ശക്തമായ വിയോജിപ്പ് നിലനിൽക്കുന്നുണ്ട്. എല്ലാ മന്ത്രിമാരും അഭിപ്രായ നിർദ്ദേശങ്ങൾ രേഖാമൂലം നൽകണമെന്ന് മുഖ്യമന്ത്രി രണ്ടാഴ്ച മുമ്പ് ആവശ്യപ്പെട്ടിരുന്നെങ്കിലും 22മന്ത്രിമാർ ഇനിയും അതിന് തയ്യാറായിട്ടില്ല. റിപ്പോർട്ട് വസ്തുതാവിരുദ്ധവും അശാസ്ത്രീയവുമാണെന്നും അതിനാൽ തള്ളിക്കളയണമെന്നുമാണ് വൊക്കലിഗ, ലിങ്കായത്ത് എന്നീ പ്രബല സമുദായങ്ങൾ ആവശ്യപ്പെടുന്നത്. ആ കാഴ്ചപ്പാടിൽ കാര്യമുണ്ടുതാനും. കാരണം 2015 ലാണ് ജാതി സെൻസസ് നടത്തിയത്. പത്തുവർഷങ്ങൾ കടന്നുപോയിരിക്കുന്നു. 2011 ലെ സെൻസസ് പ്രകാരം സംസ്ഥാന ജനസംഖ്യ 6.10 കോടിയാണ്. 2015 ൽ അത് 6.50 കോടിയായി വർധിച്ചിട്ടുണ്ടാകുമെന്നാണ് അനുമാനിക്കപ്പെടുന്നത്. ജാതി സെൻസസ് സർവ്വേ കവർ ചെയ്തത് 5.98 കോടി ജനങ്ങളെയാണ്. 52 ലക്ഷം ജനങ്ങൾ ജാതി സെൻസസിൽ ഉൾപ്പെട്ടിട്ടില്ല. തങ്ങളുടെ സമുദായത്തിൽ പെട്ടവരുടെ എണ്ണം കുറച്ചാണ് കാണിച്ചിരിക്കുന്നത് എന്നാണ് വൊക്കലിഗരും ലിങ്കായത്തരും പരാതിപ്പെടുന്നത്. ഈ സാഹചര്യത്തിൽ ഡാറ്റ പ്രോസസ് ചെയ്ത പൊതുമേഖലാസ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സിനോട് ( ബിഇഎൽ) സൂക്ഷ്മവിവരങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണ് സംസ്ഥാന പിന്നോക്ക വിഭാഗക്ഷേമ കോർപറേഷൻ. ഒബിസി സംവരണം 32 ൽ നിന്ന് 51 ശതമാനമായി ഉയർത്തണമെന്നുള്ളതാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശ. അതുപോലെ ക്രീമിലെയർ സംവിധാനം നടപ്പിലാക്കുമ്പോൾ ഒന്ന്-എ, ഒന്ന്- ബി കാറ്റഗറിയിലെ ചില സമുദായങ്ങൾക്ക് സംവരണാനുകൂല്യം നഷ്ടമാകും. അത് വലിയ പ്രതിഷേധത്തിന് ഇടയാക്കും. അതിനാലാണ് ഓരോ സമുദായത്തിന്റെയും ആകെ ജനസംഖ്യ, അവരുടെ സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ നിലവാരം എന്നിവയെപ്പറ്റിയുള്ള സൂക്ഷ്മ വിവരങ്ങൾ ഗവണ്മെന്റ് വീണ്ടും തേടുന്നത്. എന്നിരുന്നാലും നിലവിലെ സാഹചര്യത്തിൽ ഭരണകക്ഷിയായ കോൺഗ്രസ്സിൽ അഭിപ്രായ ഐക്യം ഉണ്ടാക്കുക എളുപ്പമല്ല. പക്ഷെ റിപ്പോർട്ട് അംഗീകരിച്ച് നടപ്പിലാക്കാനുള്ള നീക്കവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ മുന്നോട്ട് പോവുകയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img