
കർണാടകം: ഇതിനകം തന്നെ സംസ്ഥാനത്ത് പ്രകമ്പനം സൃഷ്ടിച്ചുതുടങ്ങിയ ജാതി സെൻസസ് റിപ്പോർട്ട് മറ്റെന്നാൾ ചേരുന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് ചർച്ച ചെയ്യുക. വൊക്കലിഗ, ലിങ്കായത്ത് എന്നീ പ്രബലസമുദായങ്ങൾ റിപ്പോർട്ടിനെ നഖശിഖാന്തം എതിർക്കുകയാണ്. റിപ്പോർട്ട് തള്ളണമെന്നും ജാതി അടിസ്ഥാനത്തിലുള്ള ജനസംഖ്യ കൃത്യമായി തിട്ടപ്പെടുത്തുന്നതിന് ശാസ്ത്രീയമായ രീതിയിൽ മറ്റൊരു സർവ്വേ നടത്തണമെന്നുമാണ് ഇരു സമുദായങ്ങളിലെയും നേതാക്കൾ അഭിപ്രായപ്പെടുന്നത്. ഭരണകക്ഷിയായ കോൺഗ്രസിൽ മന്ത്രിസഭയ്ക്ക് അകത്തും പുറത്തും റിപ്പോർട്ടിനെ ശക്തമായി എതിർക്കുന്നവരുണ്ട്. വൊക്കലിഗ സമുദായക്കാരനായ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ റിപ്പോർട്ടിന് എതിരാണ്. റിപ്പോർട്ട് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞവർഷം വൊക്കലിഗരുടെ സംഘടന മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നൽകിയ നിവേദനത്തിൽ ശിവകുമാറും ഒപ്പുവെച്ചിരുന്നു. 48 ഉപജാതികളുള്ള വൊക്കലിഗ സമുദായത്തിന്റെ ആകെ ജനസംഖ്യ 61.58 ലക്ഷമാണെന്നാണ് ജാതി സെൻസസ് റിപ്പോർട്ടിലുള്ളത്. അത് സംസ്ഥാന ജനസംഖ്യയുടെ പത്തുശതമാനത്തിൽ താഴെയാണ്. സംസ്ഥാനത്ത് വൊക്കലിഗരുടെ എണ്ണവും സ്വാധീനവും കുറഞ്ഞു എന്നാണ് റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നത്. ഭരണകക്ഷിയായ കോൺഗ്രസ്സിന് 21 വൊക്കലിഗ എം എൽ എമാരുണ്ട്. അവരുടെ യോഗം വിളിച്ചുചേർത്തിരിക്കുകയാണ് കോൺഗ്രസ്സിന്റെ സംസ്ഥാന അധ്യക്ഷൻ കൂടിയായ ശിവകുമാർ. ജാതി സെൻസസ് വിഷയത്തിൽ പാർട്ടിയിൽ അദ്ദേഹം ഒരു ന്യുനപക്ഷത്തിന്റെ( നിയമസഭയിൽ കോൺഗ്രസിന് 136 എം എൽ എ മാരുണ്ട്.അതിൽ 21 വൊക്കലിഗരും 34 ലിങ്കായത്തരുമാണ്) പ്രതിനിധിയാണെന്നാണ് വ്യക്തമാകുന്നത്. ശിവകുമാറിന് മുഖ്യമന്ത്രിക്കസേര കിട്ടാത്തതിന്റെ കാരണവും മറ്റൊന്നല്ല. റിപ്പോർട്ട് ചർച്ചയ്‌ക്കെടുക്കുമ്പോൾ എല്ലാ വിഭാഗത്തിൽ പെട്ടവരുടെയും താല്പര്യം പരിഗണിക്കുമെന്നും ആരുടെയും വികാരം വൃണപ്പെടുത്തുന്ന നീക്കം ഉണ്ടാകില്ലെന്നും ശിവകുമാർ വ്യക്തമാക്കി. റിപ്പോർട്ട് പറിക്കാൻ പ്രത്യേകസമിതിയെ നിയോഗിക്കണമെന്നാണ് മുൻ പിസിസി അധ്യക്ഷനായ ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു അഭിപ്രായപ്പെട്ടത്. ഈ റിപ്പോർട്ട് പരിഗണിക്കാതെ മറ്റൊരു സർവ്വേ നടത്തണമെന്നാണ് വൊക്കലിഗ, ലിങ്കായത്ത് വിഭാഗക്കാരായ ഏതാനും മന്ത്രിമാരുടെ നിലപാട്. ജാതി സെൻസസ് റിപ്പോർട്ട് വിശദമായി ചർച്ചചെയ്യാൻ പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചുചേർത്തേക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ റിപ്പോർട്ടിനെ പറ്റി പ്രതികരിച്ചിട്ടില്ല. ക്യാബിനറ്റിൽ ചർച്ച നടക്കട്ടെ, അതിന് ശേഷം പറയാമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
Photo Courtesy - Google