02:53pm 30 April 2026
NEWS
കർണാടകത്തിലെ ജാതി സെൻസസ് സർവ്വേ ഈ മാസം 31വരെ നീട്ടി
20/10/2025  04:09 PM IST
വിഷ്ണുമംഗലം കുമാർ
കർണാടകത്തിലെ ജാതി സെൻസസ് സർവ്വേ ഈ മാസം 31വരെ നീട്ടി

ബംഗളുരു: സിദ്ധരാമയ്യയെ മുഖ്യമന്ത്രിക്കസേരയിൽ ഉറച്ചിരിക്കാൻ സഹായിക്കുമെന്ന് കരുതപ്പെടുന്ന ജാതി സെൻസസിന്റെ വിവരശേഖരണം ഈ മാസം 31 വരെ നീട്ടാൻ ഉന്നതതല യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ കെ ജെ ജോർജ്ജ്, രാമലിംഗ റെഡ്ഢി, ശിവരാജ് തങ്കഡഗി, ചീഫ് സെക്രട്ടറി ശാലിനി രജനീഷ്, പിന്നോക്ക വിഭാഗ ക്ഷേമ കമ്മീഷൻ ചെയർമാൻ മധുസൂദൻ നായക് തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ മാസം 22 നാണ് സർവ്വേ ആരംഭിച്ചത്. എന്നാൽ നഗരസഭ അഞ്ചായി വിഭജിച്ച് ജി ബി എയുടെ കീഴിൽ കൊണ്ടുവന്ന ബംഗളുരുവിൽ സാങ്കേതിക കാരണങ്ങളാൽ സർവ്വേ ആരംഭിക്കാൻ വൈകിയിരുന്നു. ആകെയുള്ള 31 ജില്ലകളിൽ 27 ൽ സർവ്വേ തൊണ്ണൂറ്‌ ശതമാനം പൂർത്തിയായിട്ടുണ്ട്. മന്ധ്യ, തുമകൂറു, ഹാവേരി, ചിത്രദുർഗ, ഉഡുപ്പി, ചിക്കമംഗളുരു, ദാവൻഗെരെ എന്നീ ഏഴുജില്ലകളിൽ നൂറുശതമാനം പൂർത്തിയായിട്ടുണ്ട്. എന്നാൽ ബംഗളുരുവിൽ അൻപത്തിരണ്ട് ശതമാനത്തോളമെ പൂർത്തിയായിട്ടുള്ളു. സർവ്വേ നടപടികൾ 31 വരെ നീട്ടാൻ അതാണ് കാരണം. ഏകദേശ കണക്കുപ്രകാരം കർണാടകത്തിലെ ഇപ്പോഴത്തെ ജനസംഖ്യ 6.85 കോടിയാണ്. അതിൽ ഇന്നലെവരെ 5.95 കോടി ആളുകളുടെ സർവ്വേ നടപടികൾ പൂർത്തിയായിട്ടുണ്ട്. അധ്യാപകരെ ഒഴിവാക്കി മറ്റുവകുപ്പിൽ നിന്നുള്ള ജീവനക്കാരെയാണ് ഇനിയങ്ങോട്ടുള്ള സർവ്വേ നടപടികൾക്ക് നിയോഗിച്ചിട്ടുള്ളതെന്ന് പിന്നോക്ക വിഭാഗക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തുളസി മദ്ദിനേനി പറഞ്ഞു. 31 നകം ബംഗളുരുവിലെയും മറ്റുജില്ലകളിലെയും സർവ്വേ നടപടികൾ പൂർത്തിയാക്കാനാണ് നീക്കം. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉന്നതതല യോഗത്തിൽ പങ്കെടുത്തിരുന്നില്ല.അടുത്ത മാസം ഡി കെ ശിവകുമാറിനെ ഹൈക്കമാണ്ട് മുഖ്യമന്ത്രിയാക്കിയേക്കുമെന്നുള്ള വാർത്തയ്ക്കിടയിലാണ് സിദ്ധരാമയ്യ ജാതി സെൻസസ് പ്രഖ്യാപിച്ചത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img