11:03am 29 April 2026
NEWS
ജാതി സെൻസസ് റിപ്പോർട്ട് ബജറ്റിന് മുമ്പേ പുറത്തുവിടും - കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
20/02/2025  12:06 PM IST
വിഷ്ണുമംഗലം കുമാർ
ജാതി സെൻസസ് റിപ്പോർട്ട് ബജറ്റിന് മുമ്പേ പുറത്തുവിടും - കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

കർണാടക : ഏറെ വിവാദങ്ങൾക്ക് കാരണമായിട്ടുള്ള ജാതി സെൻസസ് റിപ്പോർട്ട് അടുത്ത മാസം ഏഴിന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പായി പുറത്തുവിടുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ബജറ്റ് കൂടിയാലോചനകളുടെ ഭാഗമായി പിന്നോക്കവിഭാഗം പ്രതിനിധികളുമായി ചർച്ച നടത്തവെയാണ് മുഖ്യമന്ത്രി ഈ സുപ്രധാന പ്രസ്താവന നടത്തിയത്. ജാതി സെൻസസ് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തണമെന്നും അതിലെ ശുപാർശകൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പിന്നോക്ക വിഭാഗ സംഘടനകൾ മുഖ്യമന്ത്രിയ്ക്ക് നിവേദനം സമർപ്പിച്ചിരുന്നു. " സ്ത്രീകൾ, പിന്നോക്ക വിഭാഗങ്ങളിൽ പെട്ടവർ, സമൂഹത്തിലെ ദുർബ്ബലർ-  ഇവരുടെയൊക്കെ അഭിവൃദ്ധിയാണ് ഗവണ്മെന്റ് ലക്ഷ്യമിടുന്നത്. ആയതിലേക്ക് സഹായകമായേക്കുമെന്ന് കരുതുന്ന ജാതി സെൻസസ് ഗവണ്മെന്റ് പുറത്തുവിടും. സമൂഹം അത് ചർച്ച ചെയ്യട്ടെ" സിദ്ധരാമയ്യ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന്റെ മുഖ്യമന്ത്രിപദവിയ്ക്ക് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിൽ നിന്ന് ഭീഷണിയുണ്ട്. ജാതി സെൻസസ് ബ്രഹ്മാസ്ത്രമാക്കി ആ ഭീഷണി പൂർണമായി തടഞ്ഞ് മുഖ്യമന്ത്രിക്കസേര സുഭദ്രമാക്കുക എന്ന ലക്ഷ്യംകൂടി രാഷ്ട്രീയ തന്ത്രങ്ങൾ നന്നായറിയാവുന്ന സിദ്ധരാമയ്യയ്ക്കുണ്ട്. ന്യുനപക്ഷ-പിന്നോക്കവിഭാഗ-ദളിത്‌ കൂട്ടായ്മയായ അഹിന്ദ യുടെ ഉറച്ച പിന്തുണയും നിർബന്ധവും ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിടുന്നതിൽ സിദ്ധരാമയ്യയ്ക്കുണ്ട്. പ്രബല സമുദായങ്ങളായ ലിങ്കായത്തും വൊക്കലിഗരും ജാതി സെൻസസ് പുറത്തുവിടുന്നതിന് എതിരാണ്. വൊക്കലിഗ നേതാവായ ഡി കെ ശിവകുമാർ ജാതി സെൻസസ് പുറത്തുവിടുന്നതിന് എതിരാണ്. അശാസ്ത്രീയമായി തയ്യാറാക്കിയതെന്ന് പ്രബല സമുദായങ്ങൾ ആരോപിക്കുന്ന ജാതി സെൻസസ് മന്ത്രിസഭ ചർച്ചയ്‌ക്കെടുക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ വർഷം വൊക്കലിഗസംഘം മുഖ്യമന്ത്രിയ്ക്ക് നൽകിയ നിവേദനത്തിൽ ശിവകുമാറും ഒപ്പുവെച്ചിട്ടുണ്ട്. കോൺഗ്രസ്‌ ഹൈക്കമാണ്ട്, വിശേഷിച്ചും രാഹുൽഗാന്ധി ജാതി സെൻസസ് റിപ്പോർട്ടിന് അനുകൂലമാണ് എന്നത് സിദ്ധരാമയ്യയ്ക്ക് ധൈര്യം പകരുന്നുണ്ട്. പിന്നോക്ക വിഭാഗ കമ്മീഷൻ ചെയർമാൻ ജയപ്രകാശ് ഹെഗ്‌ഡെ കഴിഞ്ഞ വർഷം ഫെബ്രവരി 29ന് മുദ്ര വെച്ച കവറിൽ മുഖ്യമന്ത്രിയ്ക്ക് കൈമാറിയ ജാതി സെൻസസ് റിപ്പോർട്ട് ഇതുവരെ പുറത്തുവിടാതിരുന്നത് പ്രധാനമായും ഡി കെ ശിവകുമാറിന്റെ എതിർപ്പ് മൂലമായിരുന്നു. എന്നാൽ ഇപ്പോൾ അതിന് സമയമായി എന്ന തീരുമാനത്തിലാണ് സിദ്ധരാമയ്യ എത്തിച്ചേർന്നിട്ടുള്ളത്. സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ സർവ്വേ റിപ്പോർട്ടാണ് ജാതി സെൻസസ് എന്നറിയപ്പെടുന്നത്. ആദ്യതവണ മുഖ്യമന്ത്രി യായിരിക്കെ 2015ൽ സിദ്ധരാമയ്യയാണ് ജാതി സെൻസസ് നടത്താൻ ഉത്തരവിട്ടത്. 1.6 ലക്ഷം ഉദ്യോഗസ്ഥർ പങ്കുകൊണ്ട സർവ്വേ പൂർത്തിയാകാൻ മൂന്നുവർഷമെടുത്തു. 160 കോടി രൂപ ചെലവായി. എന്നാൽ 2018ൽ സിദ്ധരാമയ്യ അധികാരത്തിൽ നിന്ന് പുറത്തുപോയതിന് ശേഷമാണ് റിപ്പോർട്ട് ഗവണ്മെന്റിന് സമർപ്പിക്കപ്പെട്ടത്. 2018 ൽ കുമാരസ്വാമി നേതൃത്വം കൊടുത്ത കൂട്ടുകക്ഷി ഗവണ്മെന്റോ തുടർന്ന് അധികാരം പിടിച്ച ബിജെപി ഗവണ്മെന്റോ ജാതി സെൻസസ് റിപ്പോർട്ട് സ്പർശിക്കാൻ താല്പര്യം കാട്ടിയില്ല. 2023 ൽ സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയായതോടെയാണ് ജാതി സെൻസസ് റിപ്പോർട്ടിന് വീണ്ടും പ്രാധാന്യം നേടിയത്. തന്റെ മുഖ്യമന്ത്രിക്കസേര ഉറപ്പിച്ചുനിർത്താൻ ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിടേണ്ടതുണ്ടെന്ന് സിദ്ധരാമയ്യ കരുതുന്നു. മുതിർന്ന മന്ത്രിമാർ ഉൾപ്പെടുന്ന അഹിന്ദ നേതാക്കൾ അതിന് അദ്ദേഹത്തിന് അചഞ്ചലമായ പിന്തുണ നൽകുകയും ചെയ്യുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img