
ഏറെ വിവാദം സൃഷ്‌ടിച്ച കർണാടകത്തിലെ രണ്ടാം ജാതി സെൻസസ് വളരെ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. കഴിഞ്ഞ മാസം 22ന് ആരംഭിച്ച് ഈ മാസം ഏഴിന് പൂർത്തിയാക്കുമെന്നാണ് മുഖ്യമന്ത്രി സിദ്ധാരമയ്യ പ്രഖ്യാപിച്ചിരുന്നത്. പന്ത്രണ്ടു ദിവസം കടന്നുപോയെങ്കിലും സർവ്വേ മൂന്നിലൊന്ന് പോലും ആയിട്ടില്ല. ഇന്നലെവരെ 80 ലക്ഷം വീടുകളാണ് കവർ ചെയ്തത്. ഇനിയും ഒരു കോടി എൺപത് ലക്ഷം കുടുംബങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. അതിന് ചുരുങ്ങിയത് ഒരു മാസത്തെ സമയം വേണ്ടിവരും. സാമൂഹിക-സാമ്പത്തിക- വിദ്യാഭ്യാസ സർവ്വേയാണ് ജാതി സെൻസസ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ജാതി മതാടിസ്ഥാനത്തിലുള്ള കണക്കെടുപ്പും സർവ്വെയിൽ നടക്കുന്നുണ്ട്. അഞ്ചു കോർപറേഷനുകളായി വിഭജിച്ച് മുഖ്യമന്ത്രി ചെയർമാനായ ജി ബി എയുടെ ( ഗ്രേറ്റർ ബംഗളുരു അതോറിറ്റി) കീഴിൽ കൊണ്ടുവന്ന ബംഗളുരുവിൽ സർവ്വേ ആരംഭിച്ചിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളു. 32 ലക്ഷത്തിലേറെ വീടുകളുള്ള ബംഗളുരുവിലെ ജനസംഖ്യ ഒരു കോടി 44 ലക്ഷമാണ്. അതിൽ നല്ലൊരു പങ്ക് അന്യ നാട്ടുകാരാണ്. അറുപത് ചോദ്യങ്ങളും ഇരുപത് ഉപചോദ്യങ്ങളുമാണ് സർവ്വേ നടത്തുന്നവർ ആളുകളോട് ചോദിക്കുന്നത്. നഗരത്തിൽ അത്രയൊന്നും വേണ്ടെന്നും ചോദ്യാവലി ചുരുക്കണമെന്നും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ നിർദ്ദേശിച്ചു. എത്ര കോഴിയുണ്ട്, ഫ്രിഡ്ജ് ഉണ്ടോ വാഷിങ് മെഷിൻ ഉണ്ടോ എന്നൊന്നും ബംഗളുരു നിവാസികളോട് ചോദിക്കേണ്ടതില്ലെന്ന് ഉപമുഖ്യമന്ത്രി നിർദ്ദേശം നൽകി. നിർബന്ധ ചോദ്യങ്ങൾ അരുതെന്ന് ഹൈക്കോടതിയും നിദ്ദേശിച്ചിട്ടുണ്ട്. ആദ്യ സെൻസസ് കൃത്യമായിരുന്നില്ലെന്നും അതിനാലാണ് വീണ്ടും സെൻസസ് നടത്താൻ ഗവണ്മെന്റ് ഉത്തരവിട്ടതെന്ന് ശിവകുമാർ പറഞ്ഞു. യഥാർത്ഥത്തിൽ ശിവകുമാർ ജാതി സെൻസസിന് എതിരായിരുന്നു. പക്ഷെ അദ്ദേഹം പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്ന് മാത്രം. മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാനാണ് സിദ്ധരാമയ്യ ജാതി സെൻസസ് നടത്തുന്നതെന്നും സെൻസസ് നടന്നാൽ കാലാവധി തീരുംവരെ തനിയ്ക്ക് മുഖ്യമന്ത്രിപദവി ലഭിക്കില്ലെന്നും ശിവകുമാറിന് നന്നായറിയാം. സിദ്ധരാമയ്യയുടെ പിന്തുണ ഇല്ലാതെ ശിവകുമാറിന് മുഖ്യമന്ത്രിയാകാൻ സാധിക്കാത്ത രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. ഒക്ടോബർ വിപ്ലവമോ നവംബർ വിപ്ലവമോ സംഭവിക്കില്ലെന്ന് സാരം.
Photo Courtesy - Google











