
മുഖ്യപ്രതിപക്ഷമായ ബിജെപി യിൽ നിന്ന് മാത്രമല്ല, ഭരണകക്ഷിയായ കോൺഗ്രസ്സിനകത്തുനിന്നും ഉയർന്ന എതിർപ്പ് കാര്യമാക്കാതെയാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ജാതി സെൻസസ് രണ്ടാമതും നടത്താൻ ഉത്തരവിട്ടത്. മന്ദഗതിയിലാണെങ്കിലും ഒരാഴ്ചയായി സർവ്വേ നടപടികൾ നടന്നുവരികയാണ്. 43 കോടി വീടുകളാണ് സംസ്ഥാനത്തുള്ളത്. അതിൽ ഇന്നലെവരെ 41 ലക്ഷം വീടുകളിൽ മാത്രമെ വിവരശേഖരണം പൂർത്തിയായിട്ടുള്ളൂ. ജാതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ ആളുകളെ നിർബന്ധിക്കരുത് എന്ന കർശന നിർദ്ദേശത്തോടെയാണെങ്കിലും സെൻസസ് നടത്താൻ ഹൈക്കോടതി അനുമതി നൽകിയത് സിദ്ധരാമയ്യയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ ജാതി സെൻസസിനെതിരെ ബിജെപി ഔദ്യോഗിക നിലപാട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്താൽ അഹിന്ദ വിഭാഗം പിണങ്ങുമോ എന്ന ആശങ്കയാണ് ബിജെപിയെ അലട്ടുന്നത്. സിദ്ധരാമയ്യയുടെ തുറുപ്പുശീട്ടും പിന്നോക്കവിഭാഗ- ദളിത്- ന്യുനപക്ഷ കൂട്ടായ്മയായ അഹിന്ദയിൽ നിന്ന് ലഭിക്കുന്ന കറതീർന്ന പിന്തുണയാണ്. അഹിന്ദ വിഭാഗത്തിന്റെ ക്ഷേമവും ഉന്നമനവുമാണ് ജാതി സെൻസസിലൂടെ സിദ്ധരാമയ്യ ലക്ഷ്യമിടുന്നതെന്ന് ഏവർക്കുമറിയാം. മുഖ്യമന്ത്രിസ്ഥാനം നിലനിർത്താനുള്ള വജ്രായുധമാണ് ജാതി സെൻസസ് അദ്ദേഹത്തിന്. സെൻസസിനായി ജാതി വിവരങ്ങൾ പങ്കുവെയ്ക്കുകയില്ലെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ ജോഷിയുടെയും തേജസ്വി സൂര്യ എം പിയുടെയും പ്രസ്താവനയെ സിദ്ധരാമയ്യ കളിയാക്കി. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുടെ ഉന്നമനം ബിജെപി നേതാക്കൾ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. സെൻസസിന് ആളെത്തുമ്പോൾ ഹിന്ദു മത വിശ്വാസികൾ ഹിന്ദുക്കൾ എന്നുമാത്രമേ പറയാവൂ ജാതി- ഉപജാതി വിവരങ്ങൾ പങ്കുവെയ്ക്കരുതെന്നും ബിജെപി എം എൽ എ വി സുനിൽകുമാർ അണികളെ ഉദ്ബോധിപ്പിച്ചു."ഹിന്ദുക്കൾ ഒറ്റക്കെട്ടായി ഒരു വിഭാഗമായി അറിയപ്പെടണം. ജാതി അടിസ്ഥാനത്തിൽ ശിഥലീകരിക്കപ്പെട്ടാൽ മുന്നേറ്റം സാധ്യമാകില്ല" സുനിൽകുമാർ വ്യക്തമാക്കി. ജാതി സെൻസസ് ശുദ്ധ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് ആർ അശോക് അഭിപ്രായപ്പെട്ടു. ജനങ്ങൾക്ക് ലഭിക്കുന്ന പല ആനുകൂല്യങ്ങളും നിർത്തലാക്കാനാണ് അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സിദ്ധരാമയ്യ ജാതി സെൻസസിലൂടെ വിവര ശേഖരണം നടത്തി ലക്ഷ്യമിടുന്നത്. സ്വന്തം മുഖ്യമന്ത്രിക്കസേര സംരക്ഷിക്കുക എന്ന രഹസ്യ അജണ്ടയും അദ്ദേഹത്തിനുണ്ട്" അശോക് ആരോപിച്ചു. കേന്ദ്രം ജാതി സെൻസസ് നടത്തിയാൽ ബിജെപി ബഹിഷ്കരിക്കുമോയെന്ന് സിദ്ധരാമയ്യ പരിഹാസത്തോടെ ചോദിച്ചു. ജാതി സെൻസസിനെ ശക്തമായി എതിർക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി ബഹിഷ്കരണ ആഹ്വാനം നൽകാൻ കർണാടകത്തിലെ ബിജെപി മടിക്കുകയാണ്.
Photo Courtesy - Google











