
കർണാടകത്തിൽ വീണ്ടും ജാതി സെൻസസ് നടത്താൻ തീരുമാനിച്ചിരിക്കുകയാണ് സിദ്ധരാമയ്യ ഗവണ്മെന്റ്. ഈ മാസം 22 മുതൽ ഒക്ടോബർ ഏഴുവരെ ജാതി സെൻസസ് നടക്കും. ആദ്യതവണ മുഖ്യമന്ത്രിയായിരിക്കെ, 2015 ൽ ജാതി സെൻസസ് നടത്താൻ സിദ്ധരാമയ്യ ഉത്തരവിട്ടിരുന്നു. വീണ്ടും മുഖ്യമന്ത്രിയായപ്പോൾ കഴിഞ്ഞവർഷമാണ് ആ റിപ്പോർട്ട് സിദ്ധരാമയ്യ ഏറ്റുവാങ്ങിയത്. എന്നാൽ പ്രബല സമുദായങ്ങളായ ലിങ്കായത്തും വൊക്കലിഗരും ആ റിപ്പോർട്ട് നടപ്പാക്കുന്നതിന് എതിരായിരുന്നു. വൊക്കലിഗ നേതാവായ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ റിപ്പോർട്ട് നടപ്പിലാക്കുന്നതിനെതിരെ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. ലിങ്കായത്ത്, വൊക്കലിഗ വിഭാഗങ്ങൾക്ക് പ്രാമുഖ്യം കുറയുന്ന റിപ്പോർട്ട് വസ്തുതാപരമല്ലെന്നായിരുന്നു ആ സമുദായങ്ങളുടെ വാദം. ആ സാഹചര്യത്തിലാണ് പഴയ റിപ്പോർട്ട് ഉപേക്ഷിച്ച് വീണ്ടും സെൻസസ് നടത്താൻ സിദ്ധരാമയ്യ തീരുമാനിച്ചത്. അതിനായി 420 കോടി രൂപ അനുവദിക്കുകയും ചെയ്തു. അധികാരക്കസേര സംരക്ഷിക്കാൻ സിദ്ധരാമയ്യ ജാതി സെൻസസ് രാഷ്ട്രീയായുധമാക്കുകയാണെന്ന് മുൻമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മായ് ആരോപിച്ചു. " ജാതി അടിസ്ഥാനത്തിൽ സെൻസസ് നടത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല. അത് കേന്ദ്രത്തിന്റെ ചുമതലയിൽ പെടുന്നതാണ്. എന്നിട്ടും സിദ്ധരാമയ്യ ജാതി സെൻസസിന് ഒരുങ്ങുന്നത് സ്വന്തം കസേര സംരക്ഷിക്കാനും ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകുന്നത് തടയാനും വേണ്ടി മാത്രമാണ്" ബൊമ്മായ് വ്യക്തമാക്കി. ഡിസംബറിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സിദ്ധരാമയ്യ പിന്നോക്ക വിഭാഗകമ്മീഷന് നിർദ്ദേശം നൽകിയിട്ടുള്ളത്. ഡിസംബറിൽ മുഖ്യമന്ത്രിയാകാനുള്ള പരിശ്രമമാണ് ശിവകുമാർ നടത്തുന്നത്. അത് തടയുകയാണ് സിദ്ധരാമയ്യയുടെ ലക്ഷ്യം " ഹാവേരി- ഗദഗിൽ നിന്നുള്ള എം പിയായ ബൊമ്മായ് ആരോപിച്ചു. "കൺവേർട്ടഡ് ക്രിസ്ത്യാനികൾക്കായി ഒരു പുതിയ കോളം അപേക്ഷാഫോറത്തിൽ ഗവണ്മെന്റ് ചേർത്തിട്ടുണ്ട്. "അത് ഭരണഘടനാവിരുദ്ധമാണ്. അങ്ങനെയൊരു ജനവിഭാഗത്തിന് നമ്മുടെ രാജ്യത്ത് നിയമസാധുതയില്ല.മതമാറ്റം ഒരു സ്വാഭാവിക പ്രക്രിയയാണ്. എല്ലാ മതങ്ങളിലും അത് സംഭവിക്കും. പൗരന്റെ കാഴ്ചപ്പാടിന് അനുസരിച്ചാണ് അതൊക്കെ തീരുമാനിക്കപ്പെടുന്നത്. ക്രിസ്തുമതത്തിലേക്ക് മാറുന്നവരെ മാത്രം ഒരു പ്രത്യേക വിഭാഗമായി പരിഗണിക്കുന്നതെങ്ങനെ? സംസ്ഥാനത്ത് നിലവിലുള്ള മതമാറ്റ നിരോധന നിയമത്തിലെ വ്യവസ്ഥകൾക്ക് എതിരാണത്. നിരീശ്വരവാദികൾക്കും പ്രത്യേക കോളം ഉണ്ടാക്കിയിട്ടുണ്ട്. അത് സിദ്ധരാമയ്യയ്‌ക്ക് വേണ്ടി മാത്രമാണ്" ബൊമ്മായ് പരിഹസിച്ചു. പിന്നോക്കവിഭാഗ- ന്യൂനപക്ഷ- ദളിത് കൂട്ടായ്മയായ 'അഹിന്ദ'യുടെ ശക്തനായ വക്താവാണ് സിദ്ധരാമയ്യ. ആ വിഭാഗത്തിന് അർഹതപ്പെട്ടതിൽ കൂടുതൽ അനുകൂല്യങ്ങൾ നേടിക്കൊടുക്കാനും അതുവഴി അധികാരക്കസേര ഉറപ്പിക്കാനുമുള്ള സിദ്ധരാമയ്യയുടെ രഹസ്യ അജണ്ടയുടെ ഭാഗമാണ് രണ്ടാം ജാതി സെൻസസ് നീക്കമെന്ന് മറ്റു ബിജെപി നേതാക്കളും ആരോപിച്ചു.
Photo Courtesy - Google