
പതിവായ ജാതി ആക്ഷേപം നടത്തിയെന്നാരോപിച്ച് പിന്നാക്ക വിഭാഗക്കാരനായ ബി.ടെക്ക് രണ്ടാം വർഷ വിദ്യാർഥി ബോംബെ ഐഐടിയിൽ ആത്മഹത്യ ചെയ്തത് സെപ്റ്റംബർ 18ന് വെള്ളിയാഴ്ചയാണ്. (കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾക്കിടയിൽ രാജ്യത്തെ ഐഐടികളിലായി 171 വിദ്യാർഥികളാണ് ജീവനൊടുക്കിയത്. )
അന്ന് ഐഐടിയിലെ വിദ്യാർഥികൾ ആരംഭിച്ച പ്രക്ഷോഭം ഈ റിപ്പോർട്ട് എഴുതുന്ന (സെപ്റ്റംബർ 24) സമയം വരെ അവസാനിച്ചിട്ടില്ല. ആത്മഹത്യയ്ക്ക് കാരണക്കാരനായി പറയപ്പെടുന്ന അഡ്മിനിസ്‌ട്രേറ്റിവ് അഫയേഴ്‌സ് ഡീൻ സത്യനാരായണ ദൂല്ലയെ ഇതിനകം തന്നെ ഐഐടി ഡീൻ സ്ഥാനത്ത് നിന്ന് ഐഐടി ഡയറക്ടർ ഗിരീഷ് കേദാരെ നീക്കിക്കഴിഞ്ഞു. സമൂഹമാധ്യമം വഴിയാണ് ഡയറക്ടർ ഇത് പ്രക്ഷോഭം നടത്തുന്ന വിദ്യാർഥികളെ അറിയിച്ചത്.
എന്നാൽ ദൂല്ല ഇപ്പോഴും ഐഐടിയിലെ എനർജി സയൻസ് ആൻഡ് എൻജിനീയറിംഗ് ഡിപാർട്ട്‌മെന്റിൽ പ്രൊഫസർ ആയി തുടരുകയാണ്. ആ പദവിയിൽ നിന്നു കൂടി നീക്കം ചെയ്യണമെന്നാണ് സമരം ചെയ്യുന്ന വിദ്യാർഥികൾ ആവശ്യപ്പെടുന്നത്.
മഹാരാഷ്ട്രയിലെ യവാത്മാൾ ജില്ലാ നിവാസിയായ രവീന്ദ്ര വകോഡെയുടെ മകൻ സാഹിൽ (20) ആണ് 18-ാം തീയതി ഉച്ചതിരിഞ്ഞ് ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയത്.
അന്ന് ഉച്ചയ്ക്ക് നടന്ന പരീക്ഷയിൽ സാഹിൽ കീശലിരുന്ന മൊബൈൽ നോക്കിയെന്നാരോപിച്ചാണ് പ്രൊഫ. ദൂല്ല വിദ്യാർഥിയെ പിടികൂടി പുറത്തിറക്കിയത്. ഒരു മണിക്ക് പരീക്ഷ അവസാനിക്കാനിരിക്കേ, ഏതാണ്ട് 15 മിനിറ്റ് മുമ്പായിരുന്നു ഇത്. ഒന്നേകാലിന് സാഹിൽ ഹാളിനു പുറത്തു നിൽക്കുന്നത് മറ്റു കുട്ടികൾ കണ്ടിരുന്നു.
ഹോസ്റ്റലിൽ തിരിച്ചെത്തിയ സാഹിലിനെ വൈകിട്ടായിട്ടും പുറത്തു കണ്ടില്ല. പിന്നീട് നടത്തിയ പരിശോധനയിലാണ് വിദ്യാർഥി ജീവനൊടുക്കിയതായി കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറയുന്നു.
മൂന്നുമാസമായി വിദ്യാർഥിക്കെതിരെ ദൂല്ല ജാതി പറഞ്ഞുള്ള ആക്ഷേപം നടന്നു വരുന്നതായാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്.
വിദ്യാർഥിയെ പരീക്ഷാഹാളിൽ നിന്നു പുറത്താക്കിയ ശേഷം കൗൺസെലിംഗ് നടത്തിയിരുന്നുവെന്നാണ് അധികൃതർ ന്യായീകരിക്കുന്നത്. എന്നാൽ, കുട്ടിയെ സസ്‌പെൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നു വിദ്യാർഥികൾ ആരോപിക്കുന്നു.
നേരത്തെ പവയ് പൊലീസ് അന്വേഷിച്ചിരുന്ന കേസ് ഇപ്പോൾ ക്രൈംബ്രാഞ്ച് എസിപി ധരംവീർ ബൻസോഡെയുടെ നേതൃത്വത്തിലാണ് നടത്തി വരുന്നത്.
അന്വേഷണം എവിടെയും എത്തില്ലെന്നോ ?
എന്നാൽ ഈ അന്വേഷണവും എവിടെയും എത്തില്ലെന്നാണ് 2023 ൽ ഇതേ കാംപസിൽ ജാതിആക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ ഗുജറാത്തിലെ ദർശൻ സോളങ്കിയുടെ പിതാവ് രമേശ് സോളങ്കി ആരോപിച്ചത്.
നേരത്തെ ഇതേ കാരണത്താൽ ഇവിടെ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ രക്ഷിതാക്കളും ബന്ധുക്കളും സാഹിലിന്റെ കുടുംബാംഗങ്ങൾക്കു പിന്തുണ പ്രഖ്യാപിച്ച് ഐഐടിയുടെ മെയിൻ ഗേറ്റിൽ എത്തിയിരുന്നു. ഡയറക്ടറെ കാണാൻ ഇവർ ആവശ്യപ്പെട്ടെങ്കിലും പ്രവേശനം ലഭിച്ചില്ല.
'ജാതിയുടെ പേരിൽ മകനെ പലരും ആക്ഷേപിച്ചിരുന്നതായി ചില വിദ്യാർഥികൾ തങ്ങളോട് പറഞ്ഞിരുന്നു. ഇത് അന്വേഷിക്കാമെന്നു ഉറപ്പു പറഞ്ഞിട്ടും പൊലീസ് ആ വിദ്യാർഥികളോട് വിവരം ആരാഞ്ഞില്ല. ഐഐടിയെ രക്ഷിക്കാനാണ് പൊലീസ് ഇതു വരെ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.' രമേശ് സോളങ്കി ആരോപിച്ചു.
അതുപോലെ വിദ്യാർഥികൾ പരീക്ഷയ്ക്കിടെ ഒരു തെറ്റ് ചെയ്താൽ ഉടൻ പുറത്താക്കുകയാണോ വേണ്ടതെന്നാണ് 2014ൽ ജാതി ആക്ഷേപത്താൽ ജീവനൊടുക്കിയ വിദ്യാർഥി അനികേത് അംഭോറെയുടെ രക്ഷിതാക്കളായ സഞ്ജയ്, സുനിത എന്നിവർ ചോദിക്കുന്നത്.
ഏറെ മാനസിക സമ്മർദ്ദം അനുഭവിച്ചാണ് കുട്ടികൾ പഠിക്കുന്നത്. അവർ ചെയ്യുന്ന ചെറിയ തെറ്റിന്റെ പേരിൽ അവരുടെ ഭാവി തകർക്കുന്നത് കുട്ടികൾക്കെങ്ങനെ സഹിക്കാനാവും- സുനിത അംഭോറെ ചോദിച്ചു,
അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് മെയിൻ ഗേറ്റിനു പുറത്തും ചില സംഘടനകൾ പ്രക്ഷോഭവുമായി എത്തുന്നുണ്ട്.
പ്രതിക്ക് പിന്തുണയുമായി
പ്രൊഫസർ ദൂല്ലക്കെതിരെ വിദ്യാർഥികൾ പ്രക്ഷോഭം നടത്തുമ്പോഴും ഐഐടിയിലെ ഫാക്കുലിറ്റി ഫോറം ദൂല്ലയ്ക്കു പിന്തുണയുമായി കാംപസിനകത്ത് മാർച്ച് നടത്തിയിരുന്നു.
ഇവർ മാർച്ചിനു ശേഷം കൺവൊക്കേഷൻ ഹാളിലും പ്രവേശിച്ചിരുന്നു. ഈ സമയം വിദ്യാർഥികളും അഡ്മിനിസ്‌ട്രേഷൻ അംഗങ്ങളും തമ്മിൽ ചർച്ച നടത്തിവരികയായിരുന്നു.
ദൂല്ല മികച്ച അധ്യാപകനാണെന്നു വിദ്യാർഥികൾ തന്നെ സമ്മതിച്ചിട്ടുണ്ട്. പല പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. അദ്ദേഹത്തെ ഏൽപ്പിച്ച ഡ്യൂട്ടി മാത്രമാണ് ചെയ്തത്. അതിന് അദ്ദേഹത്തെ ബലിയാടാക്കരുതെന്നും ഫോറം ആവശ്യപ്പെട്ടു.
എന്നാൽ, ഫോറത്തിലെ ചെറിയൊരു വിഭാഗം മാത്രമാണ് മാർച്ച് നടത്തിയതെന്നും ഇവരുടെ ലക്ഷ്യം അന്വേഷണ ഉദ്യോഗസ്ഥമാരുടെ മേൽ സമ്മർദ്ദം ചെലുത്താനാണെന്നും ഫോറത്തിലെ അംഗമായ സോഷ്യോളജി പ്രൊഫ. സൂര്യകാന്ത് വാഘ്‌മോറെ സമൂഹമാധ്യമത്തിൽ കുറിച്ചു.
ഇതിനിടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തിയതിനെതിരെയും പ്രക്ഷോഭം നടത്തുന്ന വിദ്യാർഥികൾ പ്രതിഷേധിച്ചു.
മരിച്ച വിദ്യാർഥിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള റിപ്പോർട്ട് പുറത്തിറക്കിയത് അന്യായമാണ്. റിപ്പോർട്ടിനെതിരെ പ്രതികരിക്കാൻ ആൾ ജീവിച്ചിരിക്കാത്ത സാഹചര്യത്തിൽ മാനനഷ്ടക്കേസിന് വരെ വകുപ്പുള്ള കുറ്റമാണെന്നും ഇവർ ആരോപിക്കുന്നു.
ഒന്നാം വർഷ ബി.ടെക് വിദ്യാർഥി ദർശൻ സോളങ്കി ജാതി ആക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ (2023 ഫെബ്രുവരി) ശേഷം പ്രൊഫ.ദൂല്ല അന്ന് പുറത്തിറക്കിയ മാർഗദർശനങ്ങൾ എന്ന പേരിൽ പ്രചരിക്കുന്ന സമൂഹ മാധ്യമ പോസ്റ്റ് വൈറൽ ആയിട്ടുണ്ട്. അന്നു ദൂല്ല സ്റ്റുഡന്റ് അഫയേഴ്‌സ് ഡീൻ ആയിരുന്നു.
സഹവിദ്യാർഥികളോട് ജാതി, അഡ്മിഷൻ കാറ്റഗറി, ജീ അഡ്വാൻസ്ഡ് റാങ്ക്‌സ്, ഗേറ്റ് സ്‌കോർ, മറ്റ് സ്വകാര്യ വിവരങ്ങൾ, കുടുംബ പശ്ചാത്തലം, ആക്ഷേപം-വിദ്വേഷം-ജാതി-സെക്‌സ് എന്നിവ അടങ്ങിയ ജോക്‌സ് തുടങ്ങിയവ പാടില്ലായെന്നായിരുന്നു മാർഗനിർദേശങ്ങൾ. ഇവ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമുണ്ടായിരുന്നു മാർഗരേഖയിൽ.
വൈറലായ പോസ്റ്റ് അസ്സലാണോ വ്യാജമാണോ എന്ന് വ്യക്തമായിട്ടില്ല.
സാഹിലിന്റെ ആത്മഹത്യയുടെ സാഹചര്യമെന്ത് ?
സാഹിൽ ജീവനൊടുക്കാനുണ്ടായ കാരണവും സാഹചര്യവും മറ്റും പഠിക്കാനായി 10 അംഗ കമ്മിറ്റിയെ ഐഐടി നിയമിച്ചു. പാലക്കാട് ഐഐടിയിലെ ബോർഡ് ഓഫ് ഗവർണേഴ്‌സ് ചെയർമാൻ രമേശ് വെങ്കടേശ്വരന്റെ നേതൃത്വത്തിൽ വിദ്യാർഥി നേതാക്കൾ, വിവിധ വിഭാഗത്തിലെ പ്രൊഫസർമാർ, റിട്ട. ഐഎഎസ് ഓഫീസർ, സൈക്യാട്രിസ്റ്റ് എന്നിങ്ങനെ പ്രമുഖർ ഉൾപ്പെടുന്നതാണ് കമ്മിറ്റി.
ഞെട്ടിപ്പിക്കുന്ന കണക്കുകൾ
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ബോംബെ ഐഐടിയിൽ 14 വിദ്യാർഥികളാണ് ജീവനൊടുക്കിയത്. ഈ കാലയളവിൽ എറ്റവും കൂടുതൽ വിദ്യാർഥികൾ ആത്മഹത്യ ചെയ്തത് ഖരാഗ്പുർ ഐഐടിയിലാണ്- 29. ഐഐടി മദ്രാസ് 26, ഐഐടി കാൻപൂർ 21, ഐഐടി ഡൽഹി 17 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ. ഇതിനു പുറമേ, പുതിയ ഐഐടികളിലും ആത്മഹത്യയുണ്ട്.
2023 ലും 2024 ലും ജനറൽ കാറ്റഗറിയിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞപ്പോൾ വിദ്യാർഥികളുടെ ആത്മഹത്യാ നിരക്ക് വർധിക്കുകയായിരുന്നു.
2023 ൽ രാജ്യത്ത് 13,891 വിദ്യാർഥികളും 2024 ൽ 14,448 പേരുമാണ് ജീവനൊടുക്കിയത്.
വളരുമ്പോഴും ഇടുങ്ങുന്ന മനസ്സ്
സാമ്പത്തികമായും ശാസ്ത്രീയമായും വളരുമ്പോഴും മനുഷ്യമനസ്സ് ഇടുങ്ങുകയാണോ ?
ജാതിപരമായ വേർതിരിവുകൾ വിദ്യാസമ്പന്നരിൽപ്പോലും കൂടുതൽ ശക്തിയോടെ വളരുകയാണ്. വളരുകയല്ല, വളർത്തുകയാണ്; ചില ജാതി നേതാക്കളും രാഷ്ട്രീയക്കാരും. ഏതാണ്ട് രണ്ടു പതിറ്റാണ്ടു മുൻപ് വരെ ഇതിന്റെ പ്രസരം കുറഞ്ഞിരിക്കുകയായിരുന്നു. വടക്കേയിന്ത്യയിൽ- തെക്കെയിന്ത്യയിലെ ചില സംസ്ഥാനങ്ങളിലും- ദളിതർക്കെതിരെയുള്ള മനുഷ്യത്വ രഹിതമായ ക്രൂരതകൾ മാധ്യമങ്ങളിൽ പതിവ് വാർത്തയാണല്ലോ.
എന്നാൽ, ജെൻ സി ഈ വേർതിരിവിൽ നിന്ന് മോചിതരാണ് എന്നത് മാത്രമാണ് ആശ്വാസം.









