
തിരുവനന്തപുരം/കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐക്ക് അനുമതി നൽകിയ ആദ്യ ഉത്തരവിലെ വിവാദ പരാമർശങ്ങൾ ഒടുവിൽ സർക്കാർ നീക്കം ചെയ്തു. ഹൈക്കോടതിയെയും വിചാരണ നടപടികളെയും കുറ്റപ്പെടുത്തുന്ന തരത്തിലുള്ള ഭാഗങ്ങൾ ഒഴിവാക്കി, വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു തിങ്കളാഴ്ചയാണ് പുതുക്കിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഭാവിയിൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള സർക്കാരിന്റെ അവകാശം മാത്രം സംരക്ഷിച്ചുകൊണ്ടാണ് പുതിയ മാറ്റം വരുത്തിയിരിക്കുന്നത്.
ഈ മാസം രണ്ടാം തീയതി പുറത്തിറക്കിയ ആദ്യ ഉത്തരവിൽ കടുത്ത ഭാഷയിലുള്ള പരാമർശങ്ങളാണ് സർക്കാർ ഉൾപ്പെടുത്തിയിരുന്നത്. ഹൈക്കോടതി ഒരു വിചാരണക്കോടതിയെപ്പോലെയാണ് പ്രവർത്തിച്ചതെന്നും, സ്വതന്ത്രമായ തീരുമാനത്തിന് അവസരം നൽകാതെ പ്രോസിക്യൂഷൻ അനുമതി നൽകാൻ സർക്കാർ നിർബന്ധിതമാവുകയായിരുന്നു എന്നുമാണ് ആദ്യ ഉത്തരവിൽ പറഞ്ഞിരുന്നത്.
ഈ പരാമർശങ്ങൾ കോടതിയെ അധിക്ഷേപിക്കുന്നതും കോടതി അലക്ഷ്യവുമാണെന്ന് ചൂണ്ടിക്കാട്ടി കേസിലെ ഹർജിക്കാരനായ കടകംപള്ളി മനോജ് ഉപഹർജി ഫയൽ ചെയ്തിരുന്നു. വ്യവസായ സെക്രട്ടറി കെ. ബിജുവിനെതിരെ കടുത്ത നടപടി വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഇത് മനസ്സിലാക്കിയാണ് ഹർജി ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് പരിഗണിക്കുന്നതിന് തൊട്ടുമുമ്പ് തിടുക്കപ്പെട്ട് വിവാദ പരാമർശങ്ങൾ ഒഴിവാക്കി പുതുക്കിയ ഉത്തരവ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചത്.
നേരത്തെ, സി.ബി.ഐ മൂന്ന് തവണ അനുമതി ചോദിച്ചിട്ടും നൽകാതിരുന്നതിനെ തുടർന്ന് മുൻ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിനെതിരെ കോടതി അലക്ഷ്യ നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ കശുവണ്ടി വകുപ്പിന്റെ ചുമതല കെ. ബിജുവിനാണ്.
കശുവണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാനും ഐ.എൻ.ടി.യു.സി നേതാവുമായ ആർ. ചന്ദ്രശേഖരൻ, മുൻ മാനേജിംഗ് ഡയറക്ടർ കെ.എ. രതീഷ് എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. 2006 മുതൽ 2015 വരെയുള്ള കാലയളവിൽ അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ വലിയ ക്രമക്കേടുകൾ നടത്തുകയും, വഴിമാറ്റി ചെലവഴിച്ചതുൾപ്പെടെ ഏകദേശം 80 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നുമാണ് സി.ബി.ഐയുടെ കണ്ടെത്തൽ.











