02:09am 26 June 2026
NEWS
ജഡ്ജിയുടെ വീട്ടിൽ നോട്ടുകെട്ടുകൾ; നടന്നതെന്തൊക്കെ?
02/04/2025  05:50 PM IST
ഡൽഹി ലേഖകൻ
ജഡ്ജിയുടെ വീട്ടിൽ നോട്ടുകെട്ടുകൾ; നടന്നതെന്തൊക്കെ?
HIGHLIGHTS

തീയണയ്ക്കാൻ പോയ അഗ്നിശമനസേന വർമ്മയുടെ വീട്ടിൽ നിന്ന് പണമൊന്നും കണ്ടെത്തിയില്ലെന്നു അഗ്നിശമനസേനാമേധാവി അതുൽഗാർഗ് ആദ്യം പറഞ്ഞത് വിഷയത്തിലെ ദുരൂഹത വർദ്ധിപ്പിക്കുകയുണ്ടായി. ഇത് വിവാദമായപ്പോൾ കറൻസി കണ്ടെത്തിയില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നായി അഗ്നിശമനസേനാമേധാവി.

ന്യൂഡെൽഹിയിലെ തുഗ്ലക്ക് ക്രസന്റ് റോഡ് കേന്ദ്രമന്ത്രിമാരും ന്യായാധിപരുമടക്കമുള്ള വി.വി.ഐ.പികൾ താമസിക്കുന്ന ഏരിയ ആണ്. ഇക്കഴിഞ്ഞ മാർച്ച് 14 വെള്ളിയാഴ്ച പകൽ ന്യൂഡെൽഹി ഹോളി ആഘോഷത്തിന്റെ നിറപ്പകിട്ടാർന്ന തിമിർപ്പിലായിരുന്നു. രാത്രി 11.30. അപ്പോഴും തെരുവുകളിൽ തിരക്ക് പൂർണ്ണമായും ഒഴിഞ്ഞിരുന്നില്ല. തുഗ്ലക്ക് ക്രസന്റ് റോഡിലെ 30-ാം നമ്പർ വസതിയിലെ ഓഫീസിനടുത്തുള്ള സ്റ്റോർഹൗസിൽ തീ ആളിപ്പടരുന്നതുകണ്ടത് ഒരു വീട്ടുജോലിക്കാരനാണ്.

ഡെൽഹി ഹൈക്കോടതിയിലെ മുതിർന്ന രണ്ടാമത്തെ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയായിരുന്നു തുഗ്ലക്ക് ക്രസന്റ് 30. മാർച്ച് 14 ന് രാത്രി മധ്യപ്രദേശുകാരനായ ജസ്റ്റിസ് യശ്വന്ത് വർമ്മയും ഭാര്യയും ഹോളി ആഘോഷിക്കാൻ ഭോപ്പാലിലായിരുന്നു. ഔദ്യോഗിക വസതിയിൽ ജസ്റ്റിസ് വർമ്മയുടെ മകളും വൃദ്ധയായ അമ്മയും ഉണ്ടായിരുന്നു. തീ ആളിപ്പടരുന്നത് കണ്ട ജോലിക്കാരൻ വീണ്ടും ജസ്റ്റിസ് വർമ്മയുടെ മകളേയും പ്രൈവറ്റ് സെക്രട്ടറിയേയും അറിയിച്ചു. രാത്രി 11.43 ന് ജസ്റ്റിസ് വർമ്മയുടെ പ്രൈവറ്റ് സെക്രട്ടറി പോലീസിനെ പി.സി.ആർ കോൾ ചെയ്തു. അഗ്നിശമന സേനയിലേക്ക് പ്രത്യേകമായി വിളിച്ചില്ല. കാരണം പി.സി.ആറുമായി ബന്ധപ്പെട്ടുകഴിഞ്ഞാൽ തീപിടുത്തമാണെങ്കിൽ ആ വിവരം സ്വയമേവ ഡെൽഹി ഫയർ സർവ്വീസിന് ലഭിക്കും. അവർ ഉടനെ നടപടിയെടുക്കുകയും ചെയ്യും.

നിമിഷങ്ങൾക്കകം തുഗ്ലക്ക് ക്രസന്റ് 30 ൽ ഫയർഫോഴ്സ് വാഹനം എത്തി തീപിടിത്തം ഉണ്ടായ സ്റ്റാർഹൗസിലേക്ക് വെള്ളം പമ്പുചെയ്തു. തുടർന്ന് ഫയർ ഫോഴ്സ് ജീവനക്കാർ മുറിക്കുള്ളിൽ കടക്കുന്നതും 500 ന്റെ നോട്ടുകെട്ടുകൾ കുത്തിനിറച്ച് ചാക്കുകളിലാക്കി വെച്ചിരിക്കുന്നതും അതിലേറെയും തീ കത്തിയിട്ടുള്ളതും കത്തിയ 500 ന്റെ നോട്ടുകൾ കണ്ട് മഹാത്മാഗാന്ധിയാണല്ലോ ഈ തീയിൽ കിടക്കുന്നതെന്ന് അഗ്നിശമന സേനാംഗമായ ഒരാൾ പറയുന്നതും സുപ്രീംകോടതി പുറത്തുവിട്ട വീഡിയോയിൽ കാണുകയും കേൾക്കുകയും ചെയ്യാം.

പിറ്റേന്ന് മാർച്ച് 15. ഡെൽഹി പോലീസ് കമ്മീഷണർ തന്റെ വാട്ട്സ് ആപ്പ് വഴി ഡെൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായയ്ക്ക് ഒരു റിപ്പോർട്ട് പങ്കിട്ടു. തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ കറൻസിയുടെ അവശിഷ്ടങ്ങൾ അടങ്ങിയ നാലോ അഞ്ചോ ചാക്കുകൾ സ്റ്റോർമുറിയിൽ നിന്നു കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. തുടർന്ന് ചീഫ് ജസ്റ്റിസ് ഉപാധ്യായയെ ഫോണിൽ വിളിച്ചും പോലീസ് കമ്മീഷണർ വിവരങ്ങൾ പറയുന്നുണ്ട്. ഡെൽഹി ചീഫ് ജസ്റ്റിസ് അപ്പോൾ ലഖ്നോവിൽ ഹോളി ആഘോഷിക്കാൻ പോയി മടങ്ങിയെത്തിയിരുന്നില്ല.

15 ന് വൈകുന്നേരം തന്നെ ഡെൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ വിവരങ്ങൾ അറിയിച്ചു. പി.സി.ആർ കോൾ ആരിൽനിന്നാണ് വന്നതെന്ന് കണ്ടെത്താൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ജസ്റ്റിസ് ഉപാധ്യായയോട് ആവശ്യപ്പെട്ടു. 15 ന് വൈകുന്നേരം ജസ്റ്റിസ് വർമ്മ ഭോപ്പാലിൽ നിന്ന് മടങ്ങിയെത്തി. അതിനുശേഷം ഡെൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉപാധ്യായയുടെ രജിസ്ട്രാർ-കം സെക്രട്ടറി ജസ്റ്റിസ് വർമ്മയുടെ കൂടി സാന്നിദ്ധ്യത്തിൽ സംഭവം നടന്ന മുറി സന്ദർശിച്ചു.

പിറ്റേന്നുതന്നെ(മാർച്ച് 16) രജിസ്ട്രാർ- കം- സെക്രട്ടറി തന്റെ പരിശോധനാ റിപ്പോർട്ട് ചീഫ് ജസ്റ്റിസ് ഉപാധ്യായയ്ക്ക് സമർപ്പിച്ചു. റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു: 'വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കൾ സൂക്ഷിക്കുന്നതിനായി  ആ മുറി സ്റ്റോർറൂമായി ഉപയോഗിച്ചുവരുന്നതാണെന്നും അത് പൂട്ടാറില്ലാത്തതിനാൽ എല്ലാവർക്കും പ്രവേശിക്കാൻ കഴിയുമെന്നും ജസ്റ്റിസ് വർമ്മയുടെ പ്രൈവറ്റ് സെക്രട്ടറി എന്നെ അറിയിച്ചു. അവിടെയെത്തിയപ്പോൾ മുറിക്കുള്ളിൽ പൂർണ്ണ ഇരുട്ടായിരുന്നു. ചുവരുകളിൽ വിള്ളൽ കാണപ്പെട്ടു. ഞങ്ങൾ മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിലാണ് മുറിയ്ക്കകം കണ്ടത്. തീയും പുകയും മൂലം ചുവരുകൾ ഉൾപ്പെടെ കറുത്ത് ഇരുണ്ടിരുന്നു. പൂർണ്ണമായി കത്തിയ വസ്തുക്കളുടെ ചാരവും ഭാഗികമായി കത്തിയവയുടെ അവശിഷ്ടങ്ങളും മുറിക്കുള്ളിൽ കണ്ടു. 10 മിനിട്ടിനുശേഷം ഞങ്ങൾ  പുറത്തിറങ്ങി.'
അതേസമയം ഡെൽഹി പോലീസ് കമ്മീഷണർ നിർണ്ണായകമായ ചില വിവരങ്ങൾ ചീഫ് ജസ്റ്റിസ് ഉപാധ്യായയെ അറിയിച്ചു. 

'സെൻട്രൽ റിസർച്ച് പോലീസ് ഫോഴ്സ്'(ബറ്റാലിയൻ 70 എ) വിന്യസിച്ചിരിക്കുന്ന ഗാർഡ് റൂമിനോട് ചേർന്നാണ് സ്റ്റോർറൂം സ്ഥിതി ചെയ്യുന്നത്. സ്റ്റോർറൂം തീപിടിത്തം ഉണ്ടാകുന്നതിന് മുമ്പ് സ്ഥിരമായി പൂട്ടിയിരിക്കുകയായിരുന്നു. കൂടാതെ ജസ്റ്റിസ് വർമ്മയുടെ വസതിയിൽ നിയോഗിച്ചിരുന്ന സുരക്ഷാഗാർഡിന്റെ നിർദ്ദേശപ്രകാരം തീപിടിത്തം ഉണ്ടായതിന്റെ പിറ്റേന്ന്(15 ന്) കാലത്ത് ചില അവശിഷ്ടങ്ങളും പകുതി കത്തിയ വസ്തുക്കളും നീക്കം ചെയ്തു.

മാർച്ച് 16 ന് വൈകുന്നേരം തന്നെ ചീഫ് ജസ്റ്റിസ് ഉപാധ്യായ ഡെൽഹിയിലെത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കണ്ടു. അദ്ദേഹം നിർദ്ദേശിച്ചതനുസരിച്ച് മാർച്ച് 17 രാവിലെ 8.30 ഓടെ ചീഫ് ജസ്റ്റിസ് ഉപാധ്യായ ഇപ്പോൾ താമസിക്കുന്ന ഡെൽഹി ഗസ്റ്റ് ഹൗസിൽ വച്ച് ജസ്റ്റിസ് വർമ്മയോട് അദ്ദേഹത്തിന് പറയാനുള്ളത് എന്താെണന്നന്വേഷിച്ചു. ഉപയോഗശൂന്യമായ വീട്ടുപകരണങ്ങൾ സൂക്ഷിക്കാറുണ്ടായിരുന്ന ആ മുറി പൂട്ടിയിടാറില്ലായിരുന്നുവെന്നും ജോലിക്കാർക്കും തോട്ടക്കാർക്കുമെല്ലാം അതിനുള്ളിൽ പ്രവേശിക്കാൻ കഴിയുമെന്നും ജസ്റ്റിസ് വർമ്മ വിശദീകരിച്ചു. അതേത്തുടർന്ന് ചീഫ് ജസ്റ്റിസ് ഉപാധ്യായ പോലീസ് കമ്മീഷണർ പങ്കുവച്ച വാട്ട്സ് ആപ്പിലെ ഫോട്ടോകളും വീഡിയോയും ജസ്റ്റിസ് വർമ്മയെ കാണിച്ചു. അപ്പോൾ അദ്ദേഹം തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന സംശയം പ്രകടിപ്പിച്ചു.

മാർച്ച് 20 ന് രാവിലെ ചീഫ് ജസ്റ്റിസ് ഉപാധ്യായ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് വീഡിയോയും ഫോട്ടോഗ്രാഫുകളും രണ്ട് സന്ദേശങ്ങളും കൈമാറി. അന്ന് വൈകുന്നേരം തന്നെ സുപ്രീംകോടതി കൊളീജിയം ജസ്റ്റിസ് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാൻ ധാരണയായിട്ടുള്ള വിവരം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡെൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കത്ത് മുഖേന അറിയിച്ചു. ഉടൻതന്നെ ജസ്റ്റിസ് ഉപാധ്യായ 'മികച്ച നീതിനിർവ്വഹണത്തിന്റെ താൽപ്പര്യങ്ങൾക്കായി ജസ്റ്റിസ് വർമ്മയുടെ നിർദ്ദിഷ്ട സ്ഥലംമാറ്റത്തോട് താനും യോജിക്കുന്നു' എന്ന് മറുപടിയും നൽകി.

ഹോളി ആഘോഷദിവസം ജസ്റ്റിസ് വർമ്മയുടെ ഔദ്യോഗികവസതിയിലുണ്ടായ സംഭവത്തിന്റെ വാർത്ത മാർച്ച് 21 ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അങ്ങനെ പുറം ലോകം അറിഞ്ഞു. ഇതേത്തുടർന്ന് ജസ്റ്റിസ് ഉപാധ്യായ ചീഫ് ജസ്റ്റിസ് ഖന്നയ്ക്ക് വീണ്ടും വിശദമായ ഒരു റിപ്പോർട്ട് 21 ന് അയച്ചു. അതിൽ ജസ്റ്റിസ് വർമ്മയുടെ കാവൽക്കാരൻ 15 ന് രാവിലെ തീപിടിത്തമുണ്ടായ മുറിയിൽ നിന്ന് അവശിഷ്ടങ്ങളും ഭാഗികമായി കത്തിയ മറ്റ് വസ്തുക്കളും നീക്കം ചെയ്തതായി പോലീസിനോട് പറഞ്ഞ കാര്യം കമ്മീഷണറുടെ റിപ്പോർട്ടിലുള്ളത് എടുത്തുപറയുന്നുണ്ട്. അതുപോലെ താൻ നടത്തിയ അന്വേഷണത്തിൽ ബംഗ്ലാവിൽ താമസിക്കുന്നവർക്കല്ലാതെ ഈ സ്റ്റോറിൽ മറ്റാർക്കും പ്രവേശിക്കാൻ സാധ്യമല്ലെന്നാണ് മനസ്സിലാവുന്നതെന്നും അതനുസരിച്ച് മുഴുവൻ വിഷയവും കൂടുതൽ ആഴത്തിലുള്ള അന്വേഷണത്തിന് വിധേയമാക്കണമെന്ന് ജസ്റ്റിസ് ഉപാധ്യായ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ ലെറ്ററിന് മാർച്ച് 21 ന് തന്നെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മറുപടി എഴുതി. അതിൽ തീപിടിച്ച മുറിയിൽ പണം എങ്ങനെ വന്നു, ഉറവിടം ഏത്, മാർച്ച് 15 ന് രാവിലെ പണമോ പണത്തിന്റെ അവശിഷ്ടമോ ആരാണ് നീക്കം ചെയ്തത്. തുടങ്ങിയ വിവരങ്ങൾ നൽകാൻ ജസ്റ്റിസ് വർമ്മയോട് ആവശ്യപ്പെടണമെന്ന് നിർദ്ദേശിച്ചിരുന്നു. കൂടാതെ കഴിഞ്ഞ 6 മാസമായി ജസ്റ്റിസ് വർമ്മയുടെ ഔദ്യോഗിക അല്ലെങ്കിൽ മറ്റ് മൊബൈൽ ഫോൺ നമ്പറുകളുടെ കോൾ റെക്കാർഡ് വിശദാംശങ്ങൾ നൽകുന്നതിനായി മൊബൈൽ സേവനദാതാവിന് കത്ത് അയയ്ക്കാൻ ചീഫ് ജസ്റ്റിസ് ഖന്ന ആവശ്യപ്പെട്ടു.

ജസ്റ്റിസ് വർമ്മയുടെ മൊബൈൽ ഫോണുകൾ നശിപ്പിക്കരുതെന്നും അവയിൽ നിന്ന് സംഭാഷണങ്ങൾ -സന്ദേശങ്ങൾ അല്ലെങ്കിൽ ഡേറ്റാ ഇല്ലാതാക്കുയോ, പരിഷ്ക്കരിക്കുകയോ ചെയ്യരുതെന്നും ജസ്റ്റിസ് വർമ്മയോടാവശ്യപ്പെടണമെന്നും ജസ്റ്റിസ് ഉപാധ്യയോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ഇതേത്തുടർന്നുതന്നെ ജസ്റ്റിസ് ഉപാധ്യായ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ട വിവരങ്ങൾ മാർച്ച് 22 ന് ഉച്ചയ്ക്ക് 12 മണിക്കുള്ളിൽ രേഖാമൂലം മറുപടി നൽകാൻ ജസ്റ്റിസ് വർമ്മയോട് ആവശ്യപ്പെട്ടു.

ഇതിന് ജസ്റ്റിസ് വർമ്മ നൽകിയ മറുപടിയിൽ 'കത്തിച്ചതായി പറയപ്പെടുന്ന കറൻസികളുടെ ഒരു ചാക്കും ഒരിക്കലും കണ്ടെടുക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ലെന്നു' ഉറപ്പിച്ചുപറഞ്ഞു. അങ്ങനെ കണ്ടെത്തിയതായി പറയുന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന ആരെയും ഫയർഫോഴ്സ് പോലീസ് അത് കാണിച്ചിട്ടില്ല. പോലീസ് എടുത്തെന്ന് പറയുന്ന വീഡിയോ സംഭവം നടന്ന സമയത്തുതന്നെ എടുത്തതാണെന്ന് കരുതുന്നില്ലെന്നും' ജസ്റ്റിസ് വർമ്മ പ്രതികരിച്ചു.

തീയണയ്ക്കാൻ പോയ അഗ്നിശമനസേന വർമ്മയുടെ വീട്ടിൽ നിന്ന് പണമൊന്നും കണ്ടെത്തിയില്ലെന്നു അഗ്നിശമനസേനാമേധാവി അതുൽഗാർഗ് ആദ്യം പറഞ്ഞത് വിഷയത്തിലെ ദുരൂഹത വർദ്ധിപ്പിക്കുകയുണ്ടായി. ഇത് വിവാദമായപ്പോൾ കറൻസി കണ്ടെത്തിയില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നായി അഗ്നിശമനസേനാമേധാവി.

ആരോപണം അപ്പാടെ നിഷേധിച്ച് ജസ്റ്റിസ് വർമ്മ പിടിച്ചുനിൽക്കാൻ ശ്രമിക്കുകയാണെന്ന് കണ്ടതോടെ സംഭവത്തെ കുറിച്ചന്വേഷിക്കാൻ ജസ്റ്റിസുമാരുൾപ്പെടെ മൂന്നംഗ സമിതിയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിയോഗിച്ചു. സംഭവസ്ഥലത്തുനിന്നും എടുത്ത വീഡിയോ ദൃശ്യങ്ങളും പോലീസ് റിപ്പോർട്ടും സുപ്രീംകോടതി വെബ്സൈറ്റിലൂടെ പുറത്തുവിട്ട സുപ്രീംകോടതിയുടെ അസാധാരണ നടപടി കൊണ്ട് ഉദ്ദേശിച്ചത് അഴിമതിയുടെ നിഴലിലായ ജസ്റ്റിസ് വർമ്മയെ രാജിവയ്പ്പിക്കാനുള്ള സമ്മർദ്ദം ചെലുത്തുക എന്നതാവാം. എന്തായാലും ഈ സംഭവം ഇന്ത്യൻ ജുഡീഷ്യറിക്കുണ്ടാക്കിയ വിശ്വാസത്തകർച്ച പരിഹരിക്കണമെങ്കിൽ ശക്തമായ നടപടിക്ക് സുപ്രീംകോടതി തയ്യാറാകണം

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img