08:07am 04 May 2026
NEWS
ഗോവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗികാതിക്രമത്തിനിരയായി ഗർഭിണികളാകുന്ന സംഭവങ്ങൾ വർധിക്കുന്നു
04/05/2026  06:54 AM IST
nila
ഗോവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗികാതിക്രമത്തിനിരയായി ഗർഭിണികളാകുന്ന സംഭവങ്ങൾ വർധിക്കുന്നു

ഗോവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗികാതിക്രമത്തിനിരയായി ഗർഭിണികളാകുന്ന സംഭവങ്ങൾ ആശങ്കയുണർത്തുന്നതായി സംസ്ഥാന സർക്കാരിന്റെ വിക്ടിം അസിസ്റ്റൻസ് യൂണിറ്റ് (വിഎയു) റിപ്പോർട്ട്. കഴിഞ്ഞ എട്ട് വർഷത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 1,200-ത്തിലധികം ലൈംഗിക പീഡന കേസുകളിൽ 13 ശതമാനം പെൺകുട്ടികളും ഗർഭിണികളായതായി കണക്കുകൾ വ്യക്തമാക്കുന്നു. പല കുടുംബങ്ങളും കുട്ടിയുടെ ഗർഭധാരണം തിരിച്ചറിഞ്ഞത് പ്രസവസമയത്താണെന്ന വിവരവും റിപ്പോർട്ടിലുണ്ട്.

16 മുതൽ 18 വയസ്സ് വരെയുള്ള കൗമാരക്കാരിലാണ് ഇത്തരം സംഭവങ്ങൾ കൂടുതലായി രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ ഗർഭധാരണ കേസുകളിൽ 60 ശതമാനവും ഈ പ്രായവിഭാഗത്തിൽപ്പെട്ടവരാണ്. 11 മുതൽ 15 വയസ്സുവരെയുള്ളവരിൽ 39 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്തപ്പോൾ, പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളിലും സംഭവങ്ങൾ ഉണ്ടായതായി വിഎയു അറിയിച്ചു. ഗർഭിണിയായ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിക്ക് പത്ത് വയസ്സ് മാത്രമാണെന്ന് വിഎയു കോർഡിനേറ്റർ എമിഡിയോ പിൻഹോ പറഞ്ഞു.

സ്ഥിതി ഗുരുതരമാണെന്ന് വിലയിരുത്തുന്ന വിഎയു, സ്കൂൾ തലത്തിൽ തന്നെ ലൈംഗിക വിദ്യാഭ്യാസം നിർബന്ധമാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. അഞ്ചാം ക്ലാസ് മുതൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശാസ്ത്രീയമായ ലൈംഗിക ബോധവൽക്കരണം നൽകുന്ന ഏകീകൃത പാഠ്യപദ്ധതി നടപ്പാക്കണമെന്നാണ് ആവശ്യം. കുട്ടികളുടെ പ്രശ്നങ്ങൾ തിരിച്ചറിയാനും ആവശ്യമായ മാനസിക പിന്തുണ നൽകാനും അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു.

മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയം ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും അധികൃതർ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ഹെൽപ് ലൈൻ നമ്പറുകളും നിയമസഹായ വിവരങ്ങളും ഉൾപ്പെടുത്തിയ ആൻഡ്രോയിഡ് ആപ്പും വിഎയു പുറത്തിറക്കിയിട്ടുണ്ട്. കൗമാരപ്രായത്തിലുള്ള ഗർഭധാരണം തടയാൻ ബോധവൽക്കരണവും വിദ്യാഭ്യാസവും മാത്രമാണ് ഫലപ്രദമായ മാർഗമെന്ന് എമിഡിയോ പിൻഹോ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img