
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ പൊലീസ് കേസെടുക്കുന്നതിൽ കടുത്ത പ്രതിഷേധവുമായി സി.ജെ.പി. സമരക്കാർക്കെതിരെ കേസെടുക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ ഉറപ്പ് പാലിക്കപ്പെടുന്നില്ലെന്നും, എഫ്.ഐ.ആറുകൾ അടിയന്തരമായി പിൻവലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഡൽഹിയിൽ നടന്ന സി.ജെ.പി പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി അസം, പശ്ചിമ ബംഗാൾ, ബിഹാർ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധങ്ങൾക്കുശേഷമാണ് വ്യാപകമായി കേസെടുത്തതെന്നാണ് സംഘടനയുടെ ആരോപണം. ബിഹാറിൽ തേജ് പ്രതാപ് യാദവ് ഉൾപ്പെടെയുള്ള നേതാക്കളും ജയിലിലാണെന്ന് സി.ജെ.പി ചൂണ്ടിക്കാട്ടി.
ഡൽഹിയിലോ മറ്റ് സംസ്ഥാനങ്ങളിലോ സമരക്കാർക്കെതിരെ കേസെടുക്കില്ലെന്നായിരുന്നു സർക്കാരിന്റെ ഉറപ്പ്. എന്നാൽ ഇപ്പോൾ നടക്കുന്നത് അതിന് വിരുദ്ധമായ നടപടികളാണെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് എക്‌സിൽ പ്രതികരിച്ചു. രേഖാമൂലമുള്ള ഉറപ്പ് സർക്കാർ നാളെ നൽകാനിരിക്കെ, വാഗ്ദാനവും നടപടികളും തമ്മിൽ വൈരുധ്യമുണ്ടെന്ന വിമർശനവും ശക്തമാണ്.
സർക്കാർ ഉറപ്പ് പാലിച്ചില്ലെങ്കിൽ അത് യുവാക്കളോടുള്ള വിശ്വാസവഞ്ചനയായിരിക്കുമെന്നും, നിലവിലെ സാഹചര്യം തുടർന്നാൽ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്നും സി.ജെ.പി നേതൃത്വം മുന്നറിയിപ്പ് നൽകി.
രാഷ്ട്രീയ പാർട്ടി രൂപീകരണം ഇപ്പോഴില്ല
അതേസമയം, രാഷ്ട്രീയ പാർട്ടി രൂപീകരണം നിലവിൽ സംഘടനയുടെ പരിഗണനയിലില്ലെന്നാണ് സി.ജെ.പി വൃത്തങ്ങൾ നൽകുന്ന സൂചന. രാജ്യത്തെ യുവാക്കളുടെയും വിദ്യാർഥികളുടെയും പ്രശ്നങ്ങൾ ഏറ്റെടുത്ത് പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്താനാണ് സംഘടനയുടെ തീരുമാനം. പഞ്ചാബിൽ ഉയർന്ന ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ ഇടപെടാനും വിവിധ സംസ്ഥാനങ്ങളിൽ സംഘടനാ ഘടകങ്ങൾ രൂപീകരിക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. സംസ്ഥാനതല യൂണിറ്റുകൾക്കൊപ്പം കോളജുകളിലും സി.ജെ.പി യൂണിറ്റുകൾ ഉടൻ രൂപീകരിക്കുമെന്ന് നേതൃത്വം അറിയിച്ചു.
പൊലീസ് നടപടിയിൽ സുപ്രീംകോടതിയുടെ വിമർശനം
സി.ജെ.പിയുടെ പാർലമെന്റ് മാർച്ചിനിടെ പൊലീസ് സ്വീകരിച്ച നടപടികളിലും സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. പ്രതിഷേധത്തിന്റെ പേരിൽ പൊലീസിന് അമിതാധികാരം പ്രയോഗിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. പൊലീസിനും കേന്ദ്രസേനകൾക്കുമെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. വിഷയത്തിൽ വിശദമായ വാദം നാളെ കേൾക്കുമെന്നും കോടതി അറിയിച്ചു.
ഇതിനിടെ, വിദ്യാർഥികൾക്കെതിരെ പെല്ലറ്റ് ഗൺ ഉപയോഗിച്ച സംഭവത്തിൽ സി.ആർ.പി.എഫിന്റെ ആഭ്യന്തര റിപ്പോർട്ടും പുറത്തുവന്നു. ഒരു ജവാനാണ് പെല്ലറ്റ് ഗൺ ഉപയോഗിച്ചതെന്നും പ്രതിഷേധക്കാർക്ക് നേരെ ഏഴ് റൗണ്ട് പെല്ലറ്റ് പ്രയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു.










