
പാലക്കാട്: വ്യാജ മാർക്ക് ലിസ്റ്റ് ഹാജരാക്കി പഞ്ചായത്തിൽ താൽക്കാലിക ജോലി നേടിയ മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു. പുതുക്കോട് പഞ്ചായത്ത് മുൻ ജീവനക്കാരനും ഡിവൈഎഫ്ഐ നേതാവുമായിരുന്ന കെ.വി. ഗണപതിക്കെതിരെയാണ് വടക്കഞ്ചേരി പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്.
പുതുക്കോട് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റായാണ് ഗണപതി അഞ്ച് വർഷത്തോളം ജോലി ചെയ്തത്. ബിരുദം വിജയിച്ചിട്ടില്ലാത്ത ഇയാൾ കാലിക്കറ്റ് സർവകലാശാലയിൽ നിന്നുള്ള ബി.കോം ബിരുദത്തിന്റെ വ്യാജ മാർക്ക് ലിസ്റ്റ് സമർപ്പിച്ചാണ് ജോലി നേടിയതെന്നാണ് പരാതി.
വ്യാജ രേഖ സമർപ്പിച്ചെന്ന വിവരം കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വടക്കഞ്ചേരി പൊലീസ് ഗണപതിക്കെതിരെ കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയെന്നാണ് വിവരം.
അതേസമയം, പരാതി ഉയർന്നതോടെ തന്നെ ഗണപതിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയതായി പാർട്ടി നേതൃത്വം അറിയിച്ചു. കരാർ കാലാവധി പൂർത്തിയായതിനെ തുടർന്ന് പുതിയ പഞ്ചായത്ത് ഭരണസമിതി ഇയാളെ ജോലിയിൽ നിന്ന് നീക്കുകയും ചെയ്തിരുന്നു.
ജോലി നഷ്ടപ്പെട്ടതിനെതിരെ ഗണപതി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയിരുന്നു. ഇതിനിടെയാണ് ജോലിക്കായി സമർപ്പിച്ച ബിരുദ മാർക്ക് ലിസ്റ്റ് വ്യാജമാണെന്ന് പഞ്ചായത്ത് അധികൃതർ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.











