
കാസർകോട്: വർഷങ്ങളോളം ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കിയെന്ന വീട്ടമ്മയുടെ പരാതിയിൽ സിപിഎം നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. കുമ്പള മുൻ ലോക്കൽ സെക്രട്ടറിയും നിലവിൽ എൻമകജെ പഞ്ചായത്ത് അംഗവുമായ എസ്. സുധാകരനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇച്ചിലംപാടി സ്കൂളിലെ അധ്യാപകനായ സുധാകരൻ, രണ്ട് പതിറ്റാണ്ടിലേറെക്കാലം ഭീഷണിപ്പെടുത്തി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണു നാൽപ്പത്തെട്ടുകാരിയായ വീട്ടമ്മയുടെ പരാതി.
യുവതി ഒരാഴ്ച മുമ്പ് ജില്ലാ പൊലീസ് മേധാവിക്കും ഡിജിപിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാസർകോട് വനിതാ പൊലീസ് കേസെടുത്തത്. 1995 മുതൽ വിവാഹവാഗ്ദാനം നൽകി പീഡനം ആരംഭിച്ചുവെന്നും, പിന്നീട് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച ശേഷവും ഭീഷണികളിലൂടെ പീഡനം തുടരുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഭർത്താവിനെ ഭീഷണിപ്പെടുത്തി വിവാഹമോചനം നടത്തിയെന്നും ആരോപണമുണ്ട്.
സ്കൂൾ മുറിയിൽ ഉൾപ്പെടെ വിവിധ ഇടങ്ങളിൽനിന്ന് നഗ്നദൃശ്യങ്ങൾ പകർത്തി അയച്ചുവെന്നും, ഈ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് തുടർച്ചയായ ഭീഷണിയും പീഡനവും നടത്തിയതെന്നും പരാതിയിൽ വിശദീകരിക്കുന്നു. ദീർഘകാലം ഭയം കാരണം മൗനം പാലിച്ചിരുന്നെങ്കിലും, ഒടുവിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ.
പരാതി നൽകിയിട്ടും പൊലീസ് നടപടി വൈകിയതിനെതിരെ രാഷ്ട്രീയ സംഘടനകൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിയെ സ്കൂളിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപി അടക്കമുള്ള സംഘടനകൾ പ്രതിഷേധം നടത്തിയിരുന്നു. ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് സിപിഎം എസ്. സുധാകരനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും അന്വേഷണത്തിനായി മൂന്നംഗ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. പാർട്ടി തല അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പൊലീസ് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തത്.
ജബ്ബാർ വധക്കേസിൽ മുമ്പ് ശിക്ഷിക്കപ്പെട്ടിരുന്ന സുധാകരൻ, മേൽക്കോടതി ശിക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജയിൽമോചിതനായിരുന്നു. നിലവിൽ ലൈംഗികപീഡന പരാതിയിൽ പൊലീസ് അന്വേഷണം തുടരുകയാണ്.











