03:40am 23 October 2026
NEWS
ക്ഷേത്രോത്സവത്തിനിടെ മൃ​ഗബലി നടത്തിയ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു
11/08/2026  09:41 AM IST
nila
ക്ഷേത്രോത്സവത്തിനിടെ മൃ​ഗബലി നടത്തിയ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു

ഹൈദരാബാദ്: ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോത്തിനെ ബലി നൽകിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് നീലം മധു മുദിരാജിനെതിരെ തെലങ്കാന പൊലീസ് കേസെടുത്തു. സംഗറെഡ്ഡി ജില്ലയിലെ ചിത്കുൽ ഗ്രാമത്തിൽ ഓഗസ്റ്റ് അഞ്ചിനാണ് സംഭവം നടന്നത്. ബലി നൽകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസിന്റെ ഇടപെടൽ.  ഉത്സവത്തിന്റെ ഭാഗമായി പോത്തിനെ ഘോഷയാത്രയായി ക്ഷേത്രത്തിലെത്തിച്ചശേഷം ദേവതകൾക്ക് മുന്നിൽ ബലി നൽകിയെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ മൃഗസംരക്ഷണ പ്രവർത്തകനായ അദുലാപുരം ഗൗതം പൊലീസിൽ പരാതി നൽകി.

പരാതിയിൽ പടഞ്ചെരു പൊലീസ് കേസെടുത്തത് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 325 പ്രകാരമാണ്. മൃഗങ്ങളെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്കെതിരായ വകുപ്പാണിത്. കുറ്റം തെളിഞ്ഞാൽ അഞ്ച് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.

സംഭവവുമായി ബന്ധപ്പെട്ട വിഡിയോ ദൃശ്യങ്ങളും മറ്റ് തെളിവുകളും പൊലീസ് പരിശോധിച്ചുവരികയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

തെലങ്കാനയിലെ കോൺഗ്രസിന്റെ പ്രമുഖ നേതാക്കളിലൊരാളാണ് നീലം മധു മുദിരാജ്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായും അദ്ദേഹം മത്സരിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img