03:01pm 24 November 2026
NEWS
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തലയറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് വധശിക്ഷ.
24/11/2026  02:25 PM IST
കേരളശബ്ദം ന്യൂസ്‌ ബ്യുറോ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തലയറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് വധശിക്ഷ.


ബെംഗളൂരു:       കർണാടകയിലെ കുടക് ജില്ലയിൽ പ്രായപൂർത്തിയാകാത്ത 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. 2024 മേയ് 9-ന് സോംവാർപേട്ട് താലൂക്കിലെ കുംഭരഗഡിഗെ ഗ്രാമത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം.
പ്രതിയായ എം.പി. ഓങ്കാരപ്പ എന്ന പ്രകാശ് എന്ന പാപ്പുവിനാണ് മടിക്കേരി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി ജി. സുരേന്ദ്ര വധശിക്ഷ വിധിച്ചത്. പെൺകുട്ടിയുമായുള്ള വിവാഹത്തിന് സർക്കാർ ഉദ്യോഗസ്ഥർ ഇടപെട്ട് തടസ്സം സൃഷ്ടിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
കൊലപാതകം, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങൾ പ്രതിക്കെതിരെ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞതായി കോടതി നിരീക്ഷിച്ചു. വധശിക്ഷയ്ക്ക് പുറമെ 80,000 രൂപ പിഴയും കോടതി ചുമത്തി. പെൺകുട്ടിയുടെ കുടുംബത്തിന് 16.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു.
പെൺകുട്ടിയുടെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ച ദിവസമായിരുന്നു കൊലപാതകം നടന്നത്. സുർലബ്ബി ഗവൺമെന്റ് ഹൈസ്കൂളിൽ പഠിച്ചിരുന്ന പെൺകുട്ടി പത്താം ക്ലാസ് പരീക്ഷയിൽ വിജയിച്ചിരുന്നു. ജീവിതത്തിലെ നിർണായകമായ വിജയത്തിന്റെ സന്തോഷം പങ്കിടേണ്ടിയിരുന്ന അതേ ദിവസം തന്നെ അവൾ ക്രൂരമായ കൊലപാതകത്തിന് ഇരയാവുകയായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img