08:05pm 01 November 2026
NEWS

സെക്രട്ടേറിയറ്റിനു മുന്നിലെ സമരക്കാർക്കെതിരെ കേസ്; വളർമതി ഒന്നാം പ്രതി; 58 പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി പൊലീസ് നടപടി

31/10/2026  01:05 PM IST
nila
 സെക്രട്ടേറിയറ്റിനു മുന്നിലെ സമരക്കാർക്കെതിരെ കേസ്; വളർമതി ഒന്നാം പ്രതി; 58 പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി പൊലീസ് നടപടി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. സെക്രട്ടേറിയറ്റിന്റെ മെയിൻ ഗേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് സമരസമിതി നേതാവ് വളർമതിയെ ഒന്നാം പ്രതിയാക്കിയാണ് കന്റോൺമെന്റ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

സെക്രട്ടേറിയറ്റ് ഗേറ്റിനു മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തെന്നാണ് എഫ്‌ഐആറിലെ ആരോപണം. കണ്ടാലറിയാവുന്ന എട്ടുപേർക്കും തിരിച്ചറിയാത്ത 50 പേർക്കുമെതിരെയാണ് കേസ്. ആകെ 58 പേരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, പൊലീസ് ആരോപണം വളർമതി നിഷേധിച്ചു. പൊതുജനങ്ങൾക്ക് വഴിതടസ്സമുണ്ടാക്കുന്ന തരത്തിൽ സമരം നടത്തിയിട്ടില്ലെന്നും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമാണെന്ന് പറഞ്ഞ് ശേഖരിച്ച പേരുകൾ പിന്നീട് എഫ്‌ഐആറിൽ ഉൾപ്പെടുത്തുകയായിരുന്നുവെന്നും അവർ ആരോപിച്ചു.

സമരപ്പന്തലിൽ ഇന്നലെ മുപ്പതോളം പേർ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ 58 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളജിൽ സംഘർഷമുണ്ടായപ്പോൾ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കാതിരുന്നവരാണ് ഇപ്പോൾ സമരക്കാർക്കെതിരെ നടപടിയെടുക്കുന്നതെന്നും വളർമതി വിമർശിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img