
വ്യാജരേഖകൾ ചമച്ച് സർക്കാർ സ്കൂളിൽ ഒമ്പത് വർഷം അധ്യാപികയായി ജോലി ചെയ്ത യുവതിക്കെതിരെ കേസ്. പാകിസ്ഥാൻ സ്വദേശിനിയായ ഷുമ്ല ഖാൻ എന്ന യുവതിയാണ് ഉത്തർപ്രദേശിലെ ബറേലി ജില്ലയിലുള്ള സർക്കാർ സ്കൂളിൽ ജോലി ചെയ്തത്. യുവതി സമർപ്പിച്ചിരുന്ന വ്യാജരേഖ സംബന്ധിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറംലോകം അറിഞ്ഞത്.
2015 ലാണ് ഷുമ്ല ഖാൻ ജോലിയിൽ പ്രവേശിച്ചത്. റാംപൂരിലെ എസ്ഡിഎം ഓഫീസിൽ നിന്നാണ് വ്യാജ താമസ സർട്ടിഫിക്കറ്റ് ഷുമ്ല നിർമ്മിച്ചത് . തഹസിൽദാർ നടത്തിയ അന്വേഷണത്തിൽ ഈ സർട്ടിഫിക്കറ്റ് തെറ്റായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് നൽകിയതെന്ന് കണ്ടെത്തി. ഷുമയ്ലയുടെ മാതാപിതാക്കൾ പാകിസ്ഥാനികളാണെന്നും കണ്ടെത്തി. ഷുമയ്ലയുടെ അമ്മ മഹിര അക്തറും നേരത്തെ ഇത്തരത്തിൽ വ്യാജരേഖ ചമച്ച് ജോലി നേടിയിരുന്നു. പിന്നീട് സത്യം പുറത്ത് വന്നതോടെ ഇവരെ ജോലിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.
ഫത്തേഗഞ്ച് വെസ്റ്റ് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിർദ്ദേശപ്രകാരം, ഫത്തേഗഞ്ച് വെസ്റ്റ് പോലീസ് ഷുമയ്ലയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇവരെ അറസ്റ്റ് ചെയ്യാനും നീക്കമുണ്ട്. അതേസമയം, കേസെടുത്തതിന് പിന്നാലെ യുവതി ഒളിവിൽപോയെന്നാണ് റിപ്പോർട്ട്.











