
കണ്ണൂർ: കൂത്തുപറമ്പിൽ 27കാരി ഭർതൃവീട്ടിലെ കിണറ്റിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനും ഭർത്താവിന്റെ സഹോദരിക്കുമെതിരെ പൊലീസ് കേസെടുത്തു. മാങ്ങാട്ടിടം സ്വദേശിനിയായ ജ്യോതിഷയുടെ ആത്മഹത്യയിലാണ് പൊലീസിന്റെ നടപടി. കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് ജ്യോതിഷയെ പീഡിപ്പിച്ചെന്ന ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ജ്യോതിഷയുടെ ഭർത്താവ് സജിൽ, അമ്മ ചന്ദ്രി, സഹോദരി ജൂന എന്നിവരാണ് കേസിലെ പ്രതികൾ. കോടതി നിർദേശത്തെ തുടർന്നാണ് പിണറായി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ മാർച്ച് എട്ടിന് പുലർച്ചെയാണ് ജ്യോതിഷ ഭർതൃവീട്ടിലെ കിണറ്റിൽ ചാടി ജീവനൊടുക്കിയത്. മരണസമയത്ത് എട്ടര മാസം പ്രായമുള്ള കുഞ്ഞും ജ്യോതിഷയ്ക്കുണ്ടായിരുന്നു. 2022 നവംബർ 20നായിരുന്നു ജ്യോതിഷയും പാതിരിയാട് സ്വദേശിയായ സജിലും തമ്മിലുള്ള വിവാഹം. വിവാഹസമയത്ത് 12 പവൻ സ്വർണവും പണവും നൽകിയിരുന്നു. എന്നാൽ പിന്നീട് കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് ഭർത്താവും ബന്ധുക്കളും ജ്യോതിഷയെ നിരന്തരം സമ്മർദത്തിലാക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം.
വിവാഹസമയത്ത് ലഭിച്ച താലിമാല ഒഴികെയുള്ള മുഴുവൻ സ്വർണവും ഭർതൃവീട്ടുകാർ വിറ്റതായും ജ്യോതിഷയുടെ ബന്ധുക്കൾ ആരോപിക്കുന്നു. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. ജ്യോതിഷയുടെ മരണത്തിന് പിന്നാലെ കേസ് രജിസ്റ്റർ ചെയ്യാൻ പിണറായി പൊലീസ് തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. തുടർന്നാണ് ബന്ധുക്കൾ കോടതിയെ സമീപിച്ചത്. കോടതി നിർദേശത്തെ തുടർന്നാണ് ഇപ്പോൾ മൂന്ന് പേർക്കുമെതിരെ പൊലീസ് കേസ് എടുത്തത്.










