
തനിക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. അശ്ലീല സിനിമകളിൽ അഭിനയിച്ചു പണം സമ്പാദിച്ചുവെന്നും രംഗങ്ങൾ പ്രചരിപ്പിച്ചുവെന്നും ആരോപിച്ചാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്. തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്നും ശ്വേത ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോൻ മത്സരിക്കുന്നുണ്ട്. ഈ മാസം 15നാണ് തിരഞ്ഞെടുപ്പ്. ഇതിനോട് അനുബന്ധിച്ചാണോ ശ്വേതയ്ക്കെതിരെ കേസ് തുടങ്ങിയ സംശയങ്ങൾ ചലച്ചിത്ര മേഖലയിൽനിന്നു തന്നെ ഉയർന്നിരുന്നു. കേസ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തിരിച്ചടിയാകുമോ തുടങ്ങിയ സംശയങ്ങളും ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് ശ്വേത മേനോൻ ഉടൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഐടി നിയമത്തിലെ 67 (എ), അനാശാസ്യ പ്രവർത്തന നിരോധന നിയമത്തിലെ 5,3 വകുപ്പുകൾ പ്രകാരവുമാണ് ശ്വേതക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് റദ്ദാക്കണമെന്നാണ് ശ്വേതയുടെ ആവശ്യം. കേസ് കോടതി ഉച്ചകഴിഞ്ഞു പരിഗണിച്ചേക്കും.











