
കൊച്ചി: കോടിഷ് നിധി ലിമിറ്റഡ് ധനകാര്യ സ്ഥാപനത്തിൻ്റെ മുൻ എംഡി നിലമ്പൂർ രാമൻകുന്ന് ചോലക്കപ്പറമ്പിൽ ഹൗസിൽ സി.പി.അബ്ദുള്ളക്കുട്ടിയെയും കുടുംബത്തെയും വീട് കയറി ആക്രമിച്ച് കവർച്ച നടത്തിയെന്ന പരാതിയിൽ സ്ഥാപനത്തിലെ മുൻ ജീവനക്കാർക്കെതിരെ നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതികേസെടുത്തു.കോഴിക്കോട് ചെവ്വയൂർ കലണ്ടിത്താഴം കുന്നുമ്മൽ പറമ്പിൽ അബിൻ റോഷ് (30), ചേലന്നൂർ കണ്ണൻകാറും പൊയിൽ മനോഹരൻ (55), മുക്കം കൂവപ്പറമ്പത്ത് വീട്ടിൽ ലാലു പ്രസാദ് (30),ചെറുവന്നൂർ കണ്ണാട്ടിക്കുളം വെഞ്ചേരി വീട്ടിൽ അതുൽ കൃഷ്ണ (25), മലപ്പുറം നിലമ്പൂർ ചന്തക്കുന്ന് കളത്തിങ്കൽ വീട്ടിൽ ഷാഹുൽ ഹമീദ് (56), കോഴിക്കോട് മണ്ണൂർ വളവ് കുപ്പത്ത് വീട്ടിൽ യു. ശാന്തി (35), ഭർത്താവ് വിനോദ് കുമാർ (46),മണ്ണൂർ കിഴക്കയിൽ വീട്ടിൽ എം.ബിജിൻ (26), മലപ്പുറം തേഞ്ഞിപ്പാലം മുണ്ടത്തടത്തിൽ ജിതന്യ (36) എന്നിവർക്കെതിരെയാണ് കേസ്. കോഴിക്കോട്, വയനാട്, തൃശ്ശൂർ ജില്ലകളിൽ എട്ടോളം ബ്രാഞ്ചുകളുള്ള കോടിഷ് നിധി 2020 വരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരികയായിരുന്നുവെന്ന് അഡ്വ ബി.എ. ആളൂർ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അബ്ദുള്ളക്കുട്ടി പറഞ്ഞു. കമ്പനിയുടെ ചില സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേടുകൾ നടന്നതായും ചില ഇടപാടുകാരിൽ നിന്ന് ഫിക്സഡ് ഡിപ്പോസിറ്റ് വാങ്ങിയ വകയിൽ കമ്പനിയുടെ സിസ്റ്റത്തിൽ കണക്കുകൾ ഇല്ലെന്നും ഓഡിറ്റിംഗ് നടത്തിയപ്പോൾ തൻ്റെ ശ്രദ്ധയിൽപ്പെട്ടതായുംമുൻ എംഡി പറഞ്ഞു.സിസ്റ്റത്തിൽ രേഖകൾ ഇല്ലായിരുന്നുവെങ്കിലും ഫിക്സഡ് ഡിപ്പോസിറ്റ് നടത്തിയ ഇടപാടുകാരുടെ കൈവശം പണം നൽകിയതിന് കമ്പനി നൽകിയ രസീതുകളുണ്ടായിരുന്നു. ഇത് കൈപ്പടയിൽ തയാറാക്കി നൽകിയ രസീതുകളായിരുന്നു. ഇവയിൽ എംഡിയുടെ ഒപ്പ് സീൽ ചെയ്തിരുന്നു.ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റീ ഓഡിറ്റിംഗ് നടത്താൻ അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടെങ്കിലും കമ്പനിയിലെ ചില ജീവനക്കാർ എതിർപ്പ് പ്രകടിപ്പിച്ചു.ഈ ജീവനക്കാരുടെ ഇടപെടലിൻ്റെ ഭാഗമായി ഇടപാടുകാർ നിക്ഷേപം പിൻവലിക്കാൻ എത്തിത്തുടങ്ങി. കമ്പനി എങ്ങനെയെങ്കിലും പൂട്ടിക്കുകയും സ്വന്തം കള്ളത്തരങ്ങൾ പുറത്ത് വരാതെ നോക്കുകയുമായിരുന്നു ജീവനക്കാരുടെ ഉദ്ദേശ്യമെന്ന് അബ്ദുള്ളക്കുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഇടപാടുകാർക്ക് തിരിച്ചുനൽകാനായി കേസിലെ അഞ്ചാം പ്രതിയും തൻ്റെ സുഹൃത്തുമായ ഡ്രൈവർ ഷാഹുൽഹമീദ് മുഖേന നിക്ഷേപത്തുക താൻ കൃത്യമായി കൊടുത്തിരുന്നതായും അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇതിനിടെ എംഡിയെ 2020 നവംബറിൽ കമ്പനിയുടെ ജനറൽ മാനേജർ ഫറോക്കിലേക്ക് വിളിച്ചു വരുത്തുകയും കാക്കഞ്ചേരിയിലെ ഒരു ഹോട്ടലിലേക്ക് ഡ്രൈവർ ഷാഹുൽ ഹമീദിനൊപ്പം കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. ഈ ഹോട്ടലിൽ തന്നെയും ഡ്രൈവറെയും ബന്ദിയാക്കിയ ശേഷം മാനേജരും കൂട്ടാളികളും തയാറാക്കിയ കരാറിൽ ബലമായി ഒപ്പ് വയ്പ്പിക്കുകയും ചെയ്തതായി അബ്ദുള്ളക്കുട്ടി പറയുന്നു. കമ്പനിയറിയാതെ ചില ജീവനക്കാർ വാങ്ങിയ ഡിപ്പോസിറ്റുകളുടെ ഉത്തരവാദിത്വം ഉൾപ്പെടെ എം ഡി ഏറ്റെടുക്കണമെന്നതായിരുന്നു കരാർ.കരാറിൽ ഒപ്പിട്ടതിനു പിറ്റേന്നാണ് ഇരുവരെയും വിട്ടയച്ചത്.തുടർന്ന് ഫറോക്ക് പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ അബ്ദുള്ളക്കുട്ടി പോകും വഴി അഞ്ചാം പ്രതി ഷാഹുൽ ഹമീദ് എം ഡി യെ വിളിച്ച് പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകുകയും പരാതി കൊടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയുമായിരുന്നു.2020 ഡിസംബർ 29 ന് പുലർച്ചെ കമ്പനിയിലെ ഒരു കൂട്ടം ജീവനക്കാർ അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും അദ്ദേഹത്തെയും കുടുംബത്തെയും മാരകായുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. വീട്ടിൽ നിന്ന് 69 പവൻ സ്വർണ്ണവും 15 ലക്ഷം രൂപയു കവർന്നതായി അബ്ദുള്ളക്കുട്ടി പറഞ്ഞു. പിറ്റേ ദിവസം മുതൽ തനിക്കെതിരെ കേസുകൾ വന്നു തുടങ്ങുകയും മുൻകൂർ ജാമ്യത്തിനായി നാട്ടിൽ നിന്ന് മാറി നിൽക്കേണ്ടതായും വന്നു. ഒരു വർഷത്തിനു ശേഷം അറസ്റ്റിലായി എട്ടു മാസത്തോളം ജയിലിലായിരുന്നു.ജയിലിൽ നിന്നിറങ്ങിയ ശേഷം നടത്തിയ അന്വേഷണത്തിലാണ് നിക്ഷേപകർക്ക് തിരിച്ചു നൽകാനായി അഞ്ചാം പ്രതിയ്ക്ക് കൈമാറിയ പണം ഇടപാടുകാർക്ക് അയാൾ നൽകിയില്ലെന്ന കാര്യം മനസ്സിലാക്കുന്നത്. നിലമ്പൂർ പോലീസ് സ്റ്റേഷനിലും മലപ്പുറം എസ്പിയ്ക്കും പരാതി നൽകിയെങ്കിലും കാലതാമസം പറഞ്ഞ് കേസെടുത്തില്ല .തുടർന്ന് അഡ്വ.ബി.എ.ആളൂർ മുഖേന നിലമ്പൂർ മജിസ്ട്രേറ്റ് കോടതിയിൽ ഫയൽ ചെയ്ത സി എംപിയിലാണ് കോടതി കേസെടുത്ത് പ്രതികൾക്ക് നോട്ടീസ് അയച്ചത്.









