11:46pm 06 November 2026
NEWS

കെ.എം.എം.എല്ലിൽ ജോലി വാഗ്ദാനംചെയ്ത് മുസ്ലീം ലീ​ഗ് നേതാവ് വാങ്ങിയത് ലക്ഷങ്ങൾ

20/02/2025  01:42 PM IST
nila
  കെ.എം.എം.എല്ലിൽ ജോലി വാഗ്ദാനംചെയ്ത് മുസ്ലീം ലീ​ഗ് നേതാവ് വാങ്ങിയത് ലക്ഷങ്ങൾ

കൊല്ലം: മുസ്‌ലിം ലീഗ് നേതാവ് ജോലി വാ​ഗ്​ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് പരാതി. മുസ്ലീം ലീഗ് ദേശീയ കൗൺസിൽ അംഗം ശൂരനാട് സ്വദേശി അബ്ദുൾ വഹാബി(65)നെതിരെയാണ് പരാതി. ചവറ കെ.എം.എം.എല്ലിൽ ജോലി വാഗ്ദാനംചെയ്ത് 25 ലക്ഷം തട്ടിയെന്ന പന്മന വടക്കുംതല സ്വദേശി താജുദീന്റെ പരാതിയിൽ ചവറ പോലീസ് ഇയാൾക്കെതിരെ കേസെടുത്തു.

യൂണിയൻ നേതാവുകൂടിയാണ് അബ്ദുൾ വഹാബ്. കേരളത്തിലെ പ്രധാന പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലിൽ എച്ച്.ആർ ഡിപ്പാർട്മെന്റിൽ ജോലി വാങ്ങിനൽകാം എന്നായിരുന്നു ഇയാളുടെ വാ​ഗ്ദാനം. പലപ്പോഴായി, അഞ്ചുലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിത്തുക നേരിട്ടുമാണ് നൽകിയത്. പറഞ്ഞ സമയത്ത് ജോലി ലഭിക്കാത്തതിനെ തുടർന്ന് പണം ആവശ്യപ്പെട്ടപ്പോൾ താജുദീനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് താജുദീൻ പൊലീസിന് പരാതി നൽകിയത്. 

അബ്ദുൾ വഹാബ് പണം വാങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പണം വാങ്ങി എണ്ണി തിട്ടപ്പെടുത്തുന്നതും ജോലി  നൽകാമെന്നു പറയുന്നതുമെല്ലാമടങ്ങുന്ന ദൃശ്യങ്ങൾ പരാതിക്കാരന്റെ പക്കലുണ്ടായിരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മുതിർന്ന ലീഗ് നേതാക്കൾ മുഖേനയാണ് ജോലി  ശരിയാക്കുന്നതെന്നും വീഡിയോയിൽ പറയുന്നു. 

അതേസമയം, അബ്ദുൾ വഹാബിനെ സഹായിക്കുന്ന സമീപനമാണ് ചവറ പൊലീസ് സ്വീകരിക്കുന്നത് എന്നാണ് പരാതിക്കാരന്റെ ആരോപണം. ഇയാൾക്ക് മുൻകൂർ ജാമ്യം ലഭിക്കാനുള്ള സഹായം പൊലീസ് ചെയ്തുനൽകുന്നുവെന്നാണ് ആക്ഷേപം. എന്നാൽ മുൻകൂർ ജാമ്യം കിട്ടിയിട്ടില്ലെന്നും ഹൈക്കോടതി ഉത്തരവിനെ തുടർന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ സ്റ്റേഷനിൽ ഹാജരാകാനുള്ള നിർദേശം അബ്ദുൾ വഹാബിന് നൽകിയിട്ടുണ്ടെന്നുമാണ് ചവറ സി.ഐ പറയുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img