
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചതിന് സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ്. പ്രമുഖ നടിയുടെ പരാതിയിലാണ് എറണാകുളം എളമക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സമൂഹ മാധ്യമങ്ങളിലൂടെ നടിയെ ടാഗ് ചെയ്ത് പോസ്റ്റുകൾ പങ്കുവെക്കുകയും നടിയുടേതെന്ന പേരിൽ ശബ്ദസന്ദേശം പുറത്തുവിടുകയും ചെയ്തതോടെയാണ് നടി പരാതി നൽകിയത്.
നേരത്തേയും ഈ നടിയുടെ പരാതിയിൽ സംവിധായകനെതിരെ കേസെടുത്തിട്ടുണ്ട്. പ്രണയാഭ്യർത്ഥന നിരസിച്ചതിന് പിൻതുടർന്ന് അപമാനിക്കുന്നുവെന്നാരോപിച്ചാണ് 2022ൽ നടി സനൽ കുമാറിനെതിരെ പൊലീസിൽ പരാതി നൽകിയത്. 2019 ആഗസ്റ്റ് മുതൽ സനൽകുമാർ ശശിധരൻ ശല്യം ചെയ്യുന്നുവെന്നാണ് നടിയുടെ പരാതി. താരത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് തിരുവനന്തപുരത്ത് നിന്നും സനലിനെ അറസ്റ്റ് ചെയ്തിരുന്നു. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ സനലിന് ജാമ്യം അനുവദിച്ചത്.
ഭീഷണിപ്പെടുത്തൽ, സോഷ്യൽ മീഡിയ വഴി അപമാനിക്കൽ തുടങ്ങിയ പരാതികളും സനൽകുമാർ ശശിധരനെതിരെയുണ്ട്. ഇതിൽ 354D വകുപ്പിലാണ് എളമക്കര പൊലീസ് കേസ് എടുത്തത്. പിന്തുടർന്ന് ശല്യപ്പെടുത്തുക, നിരീക്ഷിക്കുക എന്നിവയാണ് സനൽകുമാർ ശശിധരന് മേൽ ചുമത്തപ്പെട്ടത്. ശിക്ഷിക്കപ്പെട്ടാൽ മൂന്ന് വർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.











