
ഒരു പ്രതിഷേധ പരിപാടിയിൽ പ്രസംഗിക്കവെയാണ് ദീപക് സിംഗ് സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്.
ലഖ്നൗ: സ്മൃതി ഇറാനിയെ പാകിസ്ഥാനി എന്നു വിളിച്ച കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. ഉത്തർപ്രദേശിലെ അമേഠിയിലുള്ള കോൺഗ്രസ് നേതാവ് ദീപക് സിംഗിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഒരു പ്രതിഷേധ പരിപാടിയിൽ പ്രസംഗിക്കവെയാണ് ദീപക് സിംഗ് സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ബിജെപി നേതാവ് കേശവ് സിംഗ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
സഞ്ജയ് ഗാന്ധി ആശുപത്രിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തതിനെതിരെ സിംഗിന്റെ നേതൃത്വത്തിൽ നടത്തിയ ദ്വിദിന ധർണ്ണയിലാണ് ദീപക് കേന്ദ്രമന്ത്രിയെ ‘പാകിസ്ഥാനി’ എന്ന് വിളിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയായിരുന്നു ബിജെപി നേതാവ് പൊലീസിൽ പരാതി നൽകിയത്. അതേസമയം ആശുപത്രിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട ഹർജി അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഒക്ടോബർ മൂന്നിന് ഹർജി കോടതി പരിഗണിക്കും. ഈ മാസം 17 നായിരുന്നു ലൈസൻസ് സസ്‌പെൻഡ് ചെയ്തത്. ചികിത്സാ പിഴവ് സംഭവിച്ചതിനെ തുടർന്നായിരുന്നു നടപടി.
















