
കൊച്ചി: അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിനെതിരെ തുടർനടപടിക്ക് ഉത്തരവിട്ട വിജിലൻസ് കോടതിയുടെ നടപടിയിൽ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. തുടർനടപടികൾക്ക് സർക്കാർ മുൻകൂർ അനുമതി നൽകിയിരുന്നോയെന്ന് വ്യക്തമാക്കാൻ ജസ്റ്റിസ് എ. ബദറുദ്ദീൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഇന്ന് തന്നെ വിശദീകരണം നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
അഴിമതി നിരോധന നിയമമനുസരിച്ച് സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ പരാതികളിൽ തുടർനടപടി സ്വീകരിക്കുന്നതിന് മുമ്പ് സർക്കാരിന്റെ മുൻകൂർ അനുമതി തേടണം. ഇത് വിജിലൻസ് കോടതി പാലിച്ചിട്ടുണ്ടോ എന്നാണ് ഹൈക്കോടതിയുടെ പ്രധാന ചോദ്യം. ഗുരുതരമായ ആരോപണമാണെങ്കിൽ പോലും നിയമപരമായ നടപടികളിലൂടെ മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ എന്നും കോടതി വ്യക്തമാക്കി. പരാതിക്കാരനോട് സർക്കാരിന്റെ അനുമതി തേടാൻ നിർദ്ദേശിക്കുകയാണ് വിജിലൻസ് കോടതി ചെയ്യേണ്ടിയിരുന്നതെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു.
അന്വേഷണം നടത്തിയത് ജൂനിയർ ഉദ്യോഗസ്ഥൻ:
അജിത്കുമാറിനെതിരായ കേസ് നേരത്തെ വിജിലൻസ് അന്വേഷിച്ച് ക്ലീൻചിറ്റ് നൽകിയിരുന്നു. എന്നാൽ ഈ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് വിജിലൻസ് കോടതി തുടർനടപടികൾക്ക് ഉത്തരവിട്ടത്. വിജിലൻസ് കോടതിയുടെ ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അജിത്കുമാർ നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ചോദ്യങ്ങൾ.
മുമ്പ് നടന്ന അന്വേഷണം ഒരു ജൂനിയർ ഉദ്യോഗസ്ഥനാണ് നടത്തിയതെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന്, ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തിയതെന്നായിരുന്നു അജിത്കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ മറുപടി.
ഒരു ഉയർന്ന ഉദ്യോഗസ്ഥനെതിരെ കീഴ് ഉദ്യോഗസ്ഥൻ അന്വേഷണം നടത്തിയത് ഉചിതമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ജഡ്ജിക്കെതിരെ ആരോപണമുണ്ടെങ്കിൽ അത് ചീഫ് ജസ്റ്റിസിനോ സുപ്രീംകോടതി ജഡ്ജിക്കോ അന്വേഷിക്കാം. പകരം ഒരു രജിസ്ട്രാറെക്കൊണ്ട് അന്വേഷിപ്പിക്കുന്നത് ഉചിതമല്ലെന്ന് ഉദാഹരണമായി കോടതി പറഞ്ഞു.











