
മലയാളിയുടെയും മിക്ക ഇന്ത്യ ഉപഭാഷാ ദേശീയതകളുടെയും പരസ്യ ലൈംഗികത ഒരു വല്ലാത്ത പ്രതിസന്ധിയിൽ എത്തിപ്പെട്ടു നിൽക്കുകയാണ്. വളരെ മാന്യമായി പറഞ്ഞാൽ കൊളോണിയൽ - വിക്ടോറിയൻ പ്യൂരിറ്റാനിസം നൽകിയ ചാരിത്ര്യബോധമൊക്കെ വ്യവസായ വൽക്കരണം, നഗരവൽക്കരണം, ആഗോളവൽക്കരണം ഇന്റർനെറ്റ്/മൊബൈൽ സാങ്കേതിക പരിസ്ഥിതി എന്നിവ പാടേ പൊളിച്ചെഴുതിക്കഴിഞ്ഞു. മനുഷ്യൻ അടിച്ചേൽപ്പിച്ച വംശീയവും വിഭാഗീയവുമായ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച മനുഷ്യലൈംഗികത ലോകമെമ്പാടും ഇന്ന് മാനവിക സ്ഥാപനങ്ങളെ - കുടുംബത്തെയടക്കം - ദുർബലപ്പെടുത്തി കഴിഞ്ഞു. 1960 കളിലെ ഹിപ്പി പ്രസ്ഥാനത്തിലൂടെ യു.എസ്സിൽ കെട്ടഴിച്ചുവിടപ്പെട്ട രതി അരാജകത്വം ഇന്ന് ഒട്ടൊക്കെ ലോകരാജ്യങ്ങളിൽ കുടുംബങ്ങളെ ഒരു ന്യൂനപക്ഷത്തിന്റെ പ്രാക്ടീസായി പരിമിതപ്പെടുത്തിക്കഴിഞ്ഞു.
ഇറ്റലിയിൽ 2008-09 ൽ പഠിക്കുമ്പോൾ സഹപാഠികളിലും അദ്ധ്യാപകരിലും പള്ളിയിൽ മതപരമായി വിവാഹം ചെയ്തവർ അമ്പേ ന്യൂനപക്ഷമായിരുന്നു. സിവിൽ വിവാഹേതര ബന്ധങ്ങൾക്ക് വിവാഹത്തിന്റെ എല്ലാ അവകാശങ്ങളും നൽകാൻ ഇറ്റലി തീരുമാനിച്ചു കഴിഞ്ഞിരുന്നു. രജിസ്റ്റർ ചെയ്ത 'സിവിൽ' പങ്കാളികളാവുന്നവർക്കും അവരുടെ കുട്ടികൾക്കും വിവാഹ ബന്ധത്തിലെ എല്ലാ അവകാശങ്ങളും നിയമം നൽകിയിരുന്നു. യൂറോപ്പ് രണ്ടു പതിറ്റാണു മുൻപ് പരിഹരിച്ച പല സിവിൽ വൈവാഹിക പങ്കാളികളുടെ പ്രശ്‌നങ്ങളും ഇന്ന് ഇന്ത്യൻ നഗരങ്ങളിൽ തുടർ പ്രശ്‌നങ്ങളാണ്. ദുരഭിമാനക്കൊലകൾ, തുടരുന്ന സ്ത്രീധനം. വിവാഹധൂർത്ത്, ഒരേ ലിംഗക്കാരുടെ ലൈംഗികതയ്ക്കുള്ള സമൂഹത്തിലെ അസ്വീകാര്യത. അവരുടെ വിവാഹം അനുവദിക്കായ്ക, ട്രാൻസ്‌ജെൻഡറുകളുടെ പ്രശ്‌നങ്ങൾ എന്നിങ്ങനെ മാധ്യമങ്ങൾ പരാമർശിക്കുന്ന ഒരു പിടി പ്രശ്‌നങ്ങൾ വേറേ.
ലൈംഗികാതിക്രമ അപവാദക്കേസുകൾ സമൂഹത്തിലെ എല്ലാ തലങ്ങളിലും നിന്ന് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. പോലീസ് ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, മദ്രസ അദ്ധ്യാപകർ, പ്രായംചെന്നവർ എന്നിങ്ങനെ പോക്‌സോ കേസുകളിൽ ദീർഘ ശിക്ഷാവിധികളിൽ ഉൾപ്പെടുന്ന മാന്യതയുള്ള തൊഴിലുകളിൽപ്പെട്ടവർ തന്നെ എത്രയാണ്. മുൻ എം.എൽ.എയും ചലച്ചിത്ര അക്കാദമി ചെയർമാനും നിലവിലെ 'യുവതുർക്കി'യായ എം.എൽ.എയുമെല്ലാം കുറ്റാരോപിതരായവരുടെ പട്ടികയിൽപ്പെട്ടു പരസ്യ വിചാരണ ചെയ്യപ്പെടുന്നു: ചിലത് രാഷ്ട്രീയ പ്രതികരണങ്ങളും വാദകോലാഹലങ്ങളുമുള്ള ദ്വന്ദ്വയുദ്ധങ്ങളുമാവുന്നു.
ഇതിലൊക്കെ ഇവ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഭാഷയും മാധ്യമ ഭാഷയും വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ദൃശ്യ ഇലക്ട്രോണിക് മാധ്യമങ്ങൾ കൂടുതലായും രതി ആക്രമണ/അപവാദക്കേസുകളിൽ വേട്ട വേട്ടക്കാർ-ഇര ശൈലിയിൽ റിപ്പോർട്ട് ചെയ്യാനാണ് താത്പ്പര്യപ്പെടുന്നത്. തുല്യർ തമ്മിലുള്ള ഒരു തർക്കമായി ഒരിക്കലുമതു കാണപ്പെടുന്നില്ല. പോലീസ് അന്വേഷണം പരാതിക്കപ്പുറം അധികം പോകാത്ത സാഹചര്യത്തിൽ ഉത്തരവാദപ്പെട്ട ഒരു വിദേശരാജ്യത്തിലും ഇത്തരത്തിൽ ഒരു ഭാഗത്തിന്റെ പ്രതിപാദ്യം പരസ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു സമീപനം അനുവദിയ്ക്കുകയില്ല. എം.എൽ.എക്കെതിരേ 'പെണ്ണ് കേസ്' എന്ന തലക്കെട്ടു തന്നെ എത്ര അപലനീയവും ഭാഷാപ്രയോഗവൈരുദ്ധ്യവുമാണ് എന്നോർക്കണം. ഒരു ലൈംഗിക/രതി അപവാദക്കേസിലും പെണ്ണ് വാദിക്കുന്നതും മാത്രം ഉൾപ്പെട്ടതുമായ ഒന്നില്ല. എങ്ങനെ വന്നാലും ആണും പെണ്ണും അഥവാ ഒരേ ലിംഗത്തിൽപ്പെട്ട രണ്ടുപേർ ഉൾപ്പെട്ടതാണ് ഏറ്റവും ലളിതമായ ലൈംഗിക കുറ്റകൃത്യം. സത്യത്തിൽ പോലീസ് പരിശോധിക്കുന്ന ഇത്തരം ക്രൈം ഉൾപ്പെടുന്ന എല്ലാ കുറ്റകൃത്യവും അഥവാ ആരോപണവും ലൈംഗിക/രതിയെ സംബന്ധിച്ച കുറ്റകൃത്യമാണ്. ഇംഗ്ലീഷിൽ 'ടലഃ ഇൃശാല' എന്ന് വിവക്ഷിക്കാം. അവർ അങ്ങനെയാണു വിളിക്കാറും. ഇതിനെ 'പെണ്ണ് കേസ്' എന്ന് ചുരുക്കുന്നത് ആഭാസകരമാണ്. കൂടുതൽ ലൈംഗിക കുറ്റകൃത്യകേസുകളും യുവതികളായ സ്ത്രീകളോടാണ് അഥവാ പ്രായപൂർത്തി യോടടുക്കുന്ന പെൺകുട്ടികളോടാണ് എന്നത് ഒരു സത്യമാണ്. എന്നിരിക്കലും ഏറെ പരാമർശിക്കപ്പെട്ട നടിയുടെ ക്വട്ടേഷൻ ബലാത്സംഗക്കേസ് എടുത്താലും അതിനെ 'നടിക്കേസ്' എന്നു വിളിക്കുന്നത് ഒരിക്കലും ശരിയല്ല. നടിയെ ലൈംഗിക കുറ്റകൃത്യം/ബലാത്സംഗം ചെയ്ത കേസ് എന്നു പറഞ്ഞാൽ ഒരു വിധം ഭാഷാപരമായെങ്കിലും ശരിയായി.
ഇനി ഈ കുറിപ്പിൽ മാറിവരുന്ന; പ്രത്യേകിച്ച് മലയാളിയുടെ ലൈംഗികതയെ സംബന്ധിച്ച ഭാവുകത്വത്തെക്കുറിച്ച് ചിലതു കുറിക്കാം. ഒറ്റപ്പെട്ട നിരീക്ഷങ്ങളായി കണ്ടാൽ മതി. പക്ഷേ ഇവയുടെ പശ്ചാത്തലമില്ലാതെ നമുക്കു ചുറ്റും ഉയരുന്ന കുറ്റകൃത്യങ്ങളുടെ വേലിയേറ്റ മടക്കം കാണുമ്പോൾ ധരിക്കുന്നത് അപായകരമായ ലൈംഗിക അരാജകത്വം ചുറ്റും പെട്ടെന്നുണ്ടായി എന്നൊക്കെയാണ്. അത് വസ്തുതയല്ല. നമ്മുടെ പീനൽക്കോഡ് നിർവ്വചിക്കുന്ന കുറ്റകൃത്യങ്ങൾ വളരെ വർദ്ധിക്കുന്നുണ്ട് എന്നതു ശരിയാണ്. ഇത് സമൂഹത്തിൽ ലൈംഗിക ഇടപെടലിന് വലിയ പരിമിതികൾ സൃഷ്ടിച്ചിരിക്കുന്ന സമൂഹത്തിന്റെ നിർബന്ധബുദ്ധിയുടേയും ലക്ഷണമാണ്. സംഘടിതമായ പെൺകുട്ടികളുടെ സെക്‌സ് ട്രാഫിക്കിംഗും മറ്റും വിസ്മരിക്കുന്നില്ല. എന്നാൽ നിനച്ചിരിക്കാതെ പരിചിത വ്യക്തികൾ തമ്മിൽ ഉദിക്കുന്ന ലൈംഗികാതിക്രമ ആരോപണങ്ങളും അതിന്മേൽ രജിസ്റ്റർ ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളുമെല്ലാം കൂടുതൽ വ്യക്തമായി സ്വഭാവം മാറ്റുന്ന ലൈംഗികത എന്ന പ്രതിഭാസത്തെയും മനസ്സിലാക്കേണ്ടതുണ്ട്.
ഒന്നാമതായി ലൈംഗിക പങ്കാളികളെ സാങ്കേതിക വിദ്യ ഒരു ഗ്രൂപ്പിലും ഫേസ് ബുക്കിലും ആപ്പിലും ഒന്നിച്ചു കൊണ്ടു വന്നിരിക്കുന്നു, അലസ നിമിഷങ്ങളിൽ ഏതാനും വിരലുകൾ ചലിപ്പിച്ചാൽ സത്യമോ മിഥ്യയോ ആയ ആകർഷകത്വമുള്ള തത്പ്പരയായി തൽപ്പരനായ ഒരു പങ്കാളിയെ മിക്ക അഭിരുചിക്കാർക്കും ലഭിക്കും. ക്യാംപസ്സിൽ ഡേറ്റിംഗ് ത്വരിതപ്പെടുത്താൻ തുടങ്ങിയ ഗവേഷണമാണ് 'ഫേസ് ബുക്കിൽ' സുക്കർബർഗ്ഗിനെ പോലും എത്തിച്ചത്.
പരസ്യ ലൈംഗികത സാങ്കേതിക വിദ്യയാലും സങ്കേതം നൽകുന്ന പോർണ്ണോഗ്രഫിപോലെയുള്ള ഇൻസ്റ്റന്റ് ലൈംഗികതകളാലും ക്ഷിപ്രസാധ്യമായാൽ അതിന്റെ ആത്യന്തിക നിയന്ത്രണം സ്‌ത്രൈണ ലൈംഗിക സ്വീകാര്യതയിലാണിരിക്കുക. സ്ത്രീ ലൈംഗിക ഇടപെടൽ സ്വീകരിക്കുന്നതിന്റെ തോത് മറ്റെല്ലാത്തതിനെയും നിയന്ത്രിക്കും. ഇങ്ങനെ വരുമ്പോൾ സ്‌ത്രൈണ ലൈംഗികത പുരുഷനെ അഥവാ ഇണയെ സ്വീകരിക്കുന്നതിന് സ്വീകരിക്കുന്ന മുന്നുപാധികൾ (പണം/മറ്റാവശ്യങ്ങൾ) വളരെ വളരെ പ്രധാനമാവും. ഫലത്തിൽ ദാമ്പത്യം, ലൈംഗികബന്ധം, വിവാഹം എന്നിങ്ങനെ വലിയ ലൈംഗിക പ്രാധാന്യമുള്ള തീരുമാനങ്ങളൊക്കെ 'അനുമതി' (രീിലെി)േ എന്ന തത്വത്തിലെത്തി നിൽക്കും.
സ്‌ത്രൈണ ലൈംഗികതയെ അപേക്ഷിച്ച് പുരുഷന്റേത് ക്ഷിപ്രവും അൽപ്പായുസ്സുമാണ്. ഒരു ദിവസം ശരാശരി യൂറോപ്യൻ സ്ത്രീ പുരുഷന്മാർ 200-300 വട്ടം ലൈംഗിക ചിന്തകളിൽ സ്വന്തം തിരിച്ചറിവില്ലാതെ അബോധത്തിൽ ഇടപെടുന്നു എന്നതാണ് വാസ്തവം. ഭക്ഷണചിന്തപോലും ഇതിൽ താഴെ തന്നെ മാത്രമേ ഉണ്ടാകുന്നുള്ളൂ. പരിചയമായ ഒരു സ്ത്രീക്ക് പുരുഷന്റെ ലൈംഗിക ക്ഷിപ്രത അറിയും. ഒൻപതു മിനിറ്റ് അത്ഭുതങ്ങളാണ് (ിശില ാശിൗലേ െംീിറലൃ)െ പുരുഷന്മാർ എന്നു പറയുന്നത് ഇതുകൊണ്ടാണ്.
എത്ര ആധുനികവൽക്കരിച്ച സംസ്‌കൃതചിത്തനായ പുരുഷനിലും വേട്ടക്കാരനും മാസങ്ങൾ വീടൊഴിഞ്ഞു കടൽയാനം ചെയ്തവനുമായ ഒരു നാവികനും ഒളിച്ചിരിക്കുന്നു എന്നതും യാഥാർത്ഥ്യമാണ്. സാധനചെയ്ത ഋഷീശ്വരന്മാരും സന്യാസിമാരും വരെയാണ് രതി കുറ്റകൃത്യങ്ങളിൽ തടവറയിലുള്ളത്. ഇത് മനസ്സിലാക്കി നിയന്ത്രിച്ചു പൊരുമാറേണ്ട ഒരു പ്രതിഭാസമാണ്. പൂർണ്ണമായ ആത്മനിയന്ത്രണം വളരെക്കുറച്ചു പേർക്കുമാത്രം സാധ്യമാവുന്ന ഒരു അപൂർവ്വസിദ്ധിയാണ്.
ലൈംഗിക പങ്കാളികൾ തമ്മിൽ പിണങ്ങുന്നതും പരസ്പരം സംശയിക്കുന്നതും ചിലപ്പോൾ ആക്രമിക്കുന്നതും കൊന്നുകളയുന്നതും പരസ്പരം കേസുകൾ കൊടുക്കുന്നതും ഒന്നും അപൂർവ്വമല്ല. ബന്ധങ്ങളിലുണ്ടായിരുന്ന രണ്ട് പങ്കാളികൾ പറയുന്ന കഥയും അർദ്ധസത്യങ്ങളായിരിക്കും. സംഭവിച്ചതിന്റെ നേരായ ഒരു പകർപ്പ് ഒരിക്കലും അവർക്ക് തുറന്നു പറയാനാവുകയില്ല.
ഈ തോതിൽ ലൈംഗികത എല്ലാവർക്കും പ്രാപ്യമായാൽ ഇന്ന് കേരളം ചർച്ച ചെയ്യുന്ന സാമൂഹ്യ നയത്തിൽ ലൈംഗിക ഇടപെടൽ കേന്ദ്രങ്ങളടക്കം തീർത്തും അസാധ്യമല്ല. പതിയെ സുരക്ഷിത ലൈംഗികത പ്രോത്സാഹിപ്പിക്കുന്ന നിലപാട് ലൈംഗികത്തൊഴിലാളിയെ അംഗീകരിക്കുന്നതിലടക്കം ചിന്തിക്കേണ്ടതായി വരും. നിലവിൽ തന്നെ അഞ്ചോളം യൂറോപ്യൻ രാജ്യങ്ങളിൽ നികുതി സ്വീകരിക്കുന്ന, നിയന്ത്രിക്കപ്പെടുന്ന തൊഴിലായി ലൈംഗികവൃത്തിയെ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതര രാജ്യങ്ങളിൽ ഭരണകൂടം ഇതിനെ നിയമബാഹ്യമെങ്കിലും കണ്ണടച്ചു അനുവദിക്കുന്നു.
തീർത്തും യാഥാസ്ഥിതികമായി നമ്മൾ സ്വയം വിശ്വസിച്ചു വന്നവഴിയിലെ ലൈംഗിക നയങ്ങൾ ഇനി ഇന്ത്യയിലും തുടരാവാനില്ല. ഇതര രാജ്യങ്ങൾ നിർമ്മിക്കുന്ന ഉദാരനിയമങ്ങളുടെ സ്വാധീനം താമസിയാതെ ഇന്ത്യൻ വിപണിയിലും സമൂഹത്തിലും പ്രകടമാവും.
വാണിജ്യബന്ധങ്ങൾ രൂഢമാകുന്നതോടെ സാംസ്‌കാരിക ഇടപെടലും ശക്തമാകും. വിശ്വ ലൈംഗിക പ്രവണതകൾ ലോകമെങ്ങും വിപുലീകരിക്കുന്ന മലയാളി നാട്ടിലേക്കും കൊണ്ടു വരും. മലയാളനാട്ടിൽ പ്രവാസികളായ അതിഥിത്തൊഴിലാളികൾ വഴി ഇന്ത്യയാകെയും പടരും. ഇത് ഒഴിവുകഴിവില്ലാത്ത ഒരു യാഥാർത്ഥ്യമാണ്.
ലൈംഗിക വിദ്യാഭ്യാസം സ്‌കൂളുകളിൽ ശക്തമാക്കാതെയും കുട്ടികളെ ലൈംഗികപ്രവൃത്തി എന്ത് എങ്ങനെ എന്നു ബോധ്യപ്പെടുത്താതെയും ഈ ദിശയിൽ ഒരു ലോക സാധാരണത്വം കൈവരിക്കാനാവുകയില്ല. ലൈംഗികതയെ തുറന്നു സമീപിക്കാത്ത, തുറന്ന് കുറ്റകൃത്യങ്ങളെ സംബന്ധിച്ച് മാതാപിതാക്കളും ഗുരുക്കന്മാരും സംസാരിക്കാത്തയിടത്ത് കുട്ടികളുടെ അപകടസാധ്യതകൾ കൂട്ടുകയേയുള്ളൂ.
സർക്കാരിന് ഇതിലൊക്കെ സമഗ്ര സമീപനം എടുക്കാനുള്ള പരിമിതികൾ കണ്ടറിഞ്ഞ് വൈജ്ഞാനിക തൊഴിൽ അറിവുമേഖലയിലുള്ളവർ സമീപനങ്ങൾ സ്വീകരിക്കാൻ മുന്നോട്ടു വരണം.
നല്ല പൊതുചർച്ചകളിലൂടെ ഉരുത്തിരിഞ്ഞുവരുന്ന പരസ്യലൈംഗികതയും സമൂഹത്തിന്റെ അഭിരുചിയിലെ ക്ഷിപ്രമാറ്റവും പരുവപ്പെടുത്തേണ്ട പ്രത്യേകിച്ച് സ്ത്രീ-ശിശു സുരക്ഷയുറപ്പാക്കുന്ന സമീപനവും ശ്രദ്ധിക്കേണ്ട സമയമാണ് 'പെണ്ണ് കേസ് അവസാനിപ്പിച്ച് 'ലൈംഗിക കുറ്റം കുറ്റകൃത്യം ശിക്ഷ' എന്ന് പറയേണ്ടതിന്റെ ഭാഷാപരവും ലിംഗപരവുമായ പ്രാധാന്യം.
(അഭിപ്രായം വ്യക്തിപരം)











