09:53am 13 November 2026
NEWS
കൊച്ചിക്കു സമീപം അറബിക്കടലില്‍ ചരക്കു കപ്പല്‍ പൂര്‍ണ്ണമായും മുങ്ങി കണ്ടെയ്നര്‍ ഭീതിയില്‍ കേരള തീരം
25/05/2025  01:51 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചിക്കു സമീപം അറബിക്കടലില്‍ ചരക്കു കപ്പല്‍ പൂര്‍ണ്ണമായും മുങ്ങി കണ്ടെയ്നര്‍ ഭീതിയില്‍ കേരള തീരം

കൊച്ചി : വിഴിഞ്ഞം തുറമുഖത്തു നിന്ന് ഇന്നലെ പോന്ന ഫീഡര്‍ ചരക്ക് കപ്പല്‍  കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍  പൂര്‍ണ്ണമായും മുങ്ങിത്താഴ്ന്നു. ചരിഞ്ഞ കപ്പല്‍ മുങ്ങിത്തുടങ്ങിയതോടെ 24 ജീവനക്കാരില്‍ 21 പേരെ തീരസേനയും നാവികസേനയും ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. തുടര്‍ന്നും കപ്പലില്‍ തുടര്‍ന്ന ക്യാപ്റ്റനും രണ്ട് എന്‍ജിനീയര്‍മാരും നാവിക സേനയുടെ ഐഎന്‍എസ് സുജാതയില്‍ ഇന്നു രക്ഷപ്പെട്ടു.

കപ്പലിലെ ഏകദേശം 400 കണ്ടെയ്‌നറുകളില്‍ അപകടകരമായ രാസവസ്തുക്കള്‍ ഉണ്ടാകാമെന്ന സൂചനയുണ്ട്. കപ്പലില്‍ ഉപയോഗിക്കുന്ന ബങ്കര്‍ ഓയില്‍ ആയിരിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. കപ്പല്‍ കമ്പനിയില്‍ നിന്നുള്ള അറിയിപ്പ് ലഭ്യമായിട്ടില്ല. അനന്തര നടപടികള്‍ എന്തൊക്കെയാകണമെന്നു ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. കേരള  തീരദേശത്ത് ജാഗ്രത നിര്‍ദ്ദേശം നല്‍കി. കടലില്‍ വീണ കണ്ടെയ്നറുകള്‍ തീരത്തടിയുകയാണെങ്കില്‍, കൊച്ചി തീരത്തോ ആലപ്പുഴ തീരത്തോ വൈകാതെ കണ്ടേക്കാമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പു നല്‍കി. കണ്ടെയ്നറുകള്‍ കേരള തീരത്ത് അടിഞ്ഞാല്‍ ആരും അടുത്തേക്ക് പോകരുതെന്നും 112 ലേക്ക് ഉടന്‍ വിളിച്ച് വിവരം പറയാനുമാണ് നിര്‍ദ്ദേശം. കൊല്ലം, തിരുവനന്തപുരം തീര ജനതയും 'കണ്ടെയ്നര്‍ ഭീതി'യിലാണ്.

വിഴിഞ്ഞത്ത് നിന്നും കൊച്ചിയിലേക്കു വന്ന എംഎസ്സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പലാണ് തീരത്തു നിന്നു 38 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്നലെ മുങ്ങിത്തുടങ്ങിയത്. വിഴിഞ്ഞം തുറമുഖത്തു നിന്നും പുറപ്പെട്ട ഫീഡര്‍ ചരക്കുകപ്പല്‍ കൊച്ചി പുറംകടലില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. റഷ്യന്‍ പൗരനായ ക്യാപ്റ്റനും 20 ഫിലിപ്പിന്‍സ് സ്വദേശികളും യുക്രൈനില്‍ നിന്നുള്ള രണ്ടു പേരും ഒരു ജോര്‍ജിയന്‍ സ്വദേശിയുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്.

കടല്‍ക്ഷോഭത്തിനിടെ കപ്പല്‍ ചരിഞ്ഞതോടെ കണ്ടെയ്‌നറുകള്‍ കടലില്‍ വീണുതുടങ്ങിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതോടെ കണ്ടെയ്നറുകള്‍ മറ്റൊരു കപ്പലിലേക്ക് മാറ്റി തീരത്തേക്ക് അടുപ്പിക്കാനായിരുന്നു ആദ്യ പദ്ധതി.ഇതിനിടെയാണ് കപ്പല്‍ പൂര്‍ണ്ണമായും മുങ്ങിയത്. കണ്ടെയ്നറുകളില്‍ നിന്ന് ലീക്കായ ഓയില്‍ ഏത് ഭാഗത്തേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമായിട്ടില്ല. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള തീരങ്ങളില്‍ ഓയില്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം.കടലിലേക്ക് ഇന്ധനം ചോരുന്നതായി വിവരമുണ്ട്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍ ഇന്ധനം കൂടുതലായി കടലില്‍ കലരുന്നത് തടയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ധനം ചോര്‍ന്നാല്‍ അത് കടലിലെ ജീവികളെ ബാധിക്കും.

കോസ്റ്റ് ഗാര്‍ഡിന്റെ സക്ഷം കപ്പലിന് ഇന്ധനം കടലില്‍ കലരുന്നത് തടയുന്നതിനുള്ള സംവിധാനങ്ങളുണ്ട്. ഫ്‌ളോട്ടിങ് പൈപ്പ് വല പോലെ വിരിച്ച് ബ്ലോക്ക് ചെയ്യുകയാണ് ഒരു മാര്‍ഗം. പ്രത്യേക രാസവസ്തു വെള്ളത്തില്‍ കലര്‍ത്തി ഇന്ധനത്തിന്റെ ഒഴുക്ക് തടയും. കണ്ടെയ്‌നറുകളില്‍ രാസവസ്തുക്കളുണ്ടെങ്കില്‍ അത് നീക്കുന്നതിനും വിദഗ്ധസംവിധാനങ്ങളുണ്ട്. കപ്പലില്‍ നിലവില്‍ ഉള്ളതും കടലില്‍ ഒഴുകി നടക്കുന്നതുമായ കണ്ടെയ്‌നറുകളിലെ കാര്‍ഗോ എന്താണെന്ന് കപ്പല്‍ കമ്പനിക്കുമാത്രമേ അറിയാനാകൂ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img