06:06am 22 April 2025
NEWS
'സൂപ്പർതാരപദവിയിലുള്ള നടിയിൽ നിന്നുണ്ടായത് ഞെട്ടിക്കുന്ന ദുരനുഭവം' തുറന്നു പറഞ്ഞ് മെറീന
14/03/2025  11:15 PM IST
അപ്പൂസ് കെ.എസ്‌
'സൂപ്പർതാരപദവിയിലുള്ള നടിയിൽ നിന്നുണ്ടായത് ഞെട്ടിക്കുന്ന ദുരനുഭവം' തുറന്നു പറഞ്ഞ് മെറീന

മെറീനയുടെ പല ഇന്റർവ്യൂകളും പുറത്തിറങ്ങുമ്പോൾ ആളുകൾ വലിയ രീതിയിൽ ചർച്ച ചെയ്യുന്നു. പുതിയ തലമുറയുടെ ഭാഷയിൽ പറഞ്ഞാൽ എയറിലാകുന്നു എന്നുപറയാം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ?

അഭിമുഖങ്ങൾ ആളുകൾക്ക് ഇടയിലേക്ക് എത്തുന്നു എന്നതിന്റെ തെളിവാണ് അത്. പിന്നെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്, നമ്മൾ സത്യങ്ങൾ വിളിച്ചു പറയുമ്പോൾ അത് ചില ആളുകൾക്ക് ഇഷ്ടപ്പെടാതെ വരികയും അതിനെച്ചൊല്ലി കുറെ വിവാദങ്ങൾ പടച്ചുവിടുന്നതുമാണ് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. എനിക്ക് പറയേണ്ടത് ഞാൻ പറയേണ്ട സമയത്ത് പറഞ്ഞിട്ടുണ്ട് എന്നതിൽ അഭിമാനമുണ്ട്.

ലിംഗപരമായ അസമത്വം ഇൻഡസ്ട്രിയിൽ നിന്ന് നേരിട്ടിട്ടുണ്ടോ?

ഇൻഡസ്ട്രിക്ക് അകത്തുള്ള എല്ലാ ആണുങ്ങളും മോശക്കാരാണ് എന്ന് പറയാനാകില്ല. സ്വന്തം സഹോദരിമാരെപ്പോലെ നമ്മളെ കാണുന്ന ആളുകളും ഇൻഡസ്ട്രിയിലെ പുരുഷന്മാർക്കിടയിലുണ്ട്. സ്ത്രീകളിൽ നിന്നുവരെ എനിക്ക് അത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഒരേ കാറിൽ കയറാൻ സമ്മതിക്കാതിരിക്കുക പോലെ നമ്മുടെ പൊസിഷനനുസരിച്ച് ഒക്കെ വിവേചനം ഉണ്ടായിട്ടുണ്ട്. അത് നമ്മുടെ കരിയർ ഗ്രോത്തിന് അനുസരിച്ചായിരിക്കും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സ്ത്രീകൾ മാത്രമേ ഇൻഡസ്ട്രിയിൽ മോശം അനുഭവങ്ങൾക്ക് ഇരയാകുന്നതെന്ന് എനിക്ക് അഭിപ്രായമില്ല. പിന്നെ, നമ്മൾ നമ്മുടെ അവകാശങ്ങൾ നേടിയെടുക്കണം. അത് നമ്മളെക്കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. കൺസന്റ് എന്നുപറയുന്ന കാര്യം എല്ലായിടത്തും വളരെ പ്രധാനമാണ്.

മറീന ഒരു ലൊക്കേഷനിൽ പോയപ്പോൾ നേരിട്ട ദുരനുഭവത്തെക്കുറിച്ച് പറഞ്ഞിരുന്നുവല്ലോ?

ഞാൻ ഒരു ലൊക്കേഷനിൽ പോയപ്പോൾ ഇൻഡസ്ട്രിയിലെ സൂപ്പർതാരപദവിയിലുള്ള ഒരു സ്ത്രീയിൽ നിന്നാണ് എനിക്ക് ആ അനുഭവം ഉണ്ടായത്. അവർ വളലെ ഫ്രണ്ട്‌ലി ആയിട്ടുതന്നെയായിരുന്നു എന്നോട് പെരുമാറിയിരുന്നത്. പതിയെ ആയിരുന്നു ആ മാറ്റം. അന്ന് ഞാൻ ലൊക്കേഷനിൽ പോയപ്പോൾ അവർ കാറിന്റെ ഡോർ ശക്തമായി വലിച്ചടച്ച് എന്നോട് എന്തോ വലിയ ദേഷ്യം ഉള്ളതുപോലെ പെരുമാറി. ഞാൻ ആകെ ഞെട്ടിപ്പോയി. അന്ന് ഞാൻ ആ വണ്ടിയിൽ ഉണ്ടായിരുന്നു. ഞാൻ കാറിൽ മുന്നിൽ ഇരുന്നതാണ് പ്രശ്‌നമെന്ന് തോന്നുന്നു. അത് കാർ ഡ്രൈവർക്ക് പോലും വിഷമമുണ്ടാക്കി. ഒരേ കാരവനിൽ കയറാൻ സമ്മതിക്കില്ല. അതാണ് അന്ന് അവിടെയുണ്ടായത്. ഒരു സ്ത്രീയിൽ നിന്നും അത്തരം ഒരു അനുഭവം ഉണ്ടാകുമ്പോൾ അത് നമ്മളെ നന്നായി ബാധിക്കുമല്ലോ.

ഇൻഡസ്ട്രിയിൽ നിന്നും ഇതുപോലെ ഒരുപാട് അവഗണനകൾ മറീനയ്ക്ക് ഉണ്ടായിട്ടുണ്ട്. എപ്പോഴെങ്കിലും ഇൻഡസ്ട്രി വിട്ട് പോകണം എന്നൊക്കെ തോന്നിയിട്ടുണ്ടോ?

ഒരിക്കലുമില്ല. ഇൻഡസ്ട്രിയിൽ ഉള്ള ആളുകൾക്ക് മാത്രമാണ് പ്രശ്‌നം ഉള്ളത്. ചില ആളുകളെ ഇൻഡസ്ട്രിക്ക് ആവശ്യമില്ല. അതിന്റെ ഒരു ഒഴിവാക്കൽ പ്രക്രിയയാണ് ഇപ്പോൾ മലയാള സിനിമയിൽ നടക്കുന്നത്. ആ ഒരു അഴിച്ചുപണി നടക്കട്ടെ. ഇന്ന് ഒരാൾക്ക് കാസ്റ്റിംഗ് കൗച്ചിന് വേണ്ടി ചോദിക്കാൻ തന്നെ ഭയം ഉണ്ടാകണം. നാല് വർഷം കഴിഞ്ഞാലും പണി വരുമെന്ന ബോധം അവർക്ക് വേണം. അതുകൊണ്ട് ഈ ക്രിയ നടക്കട്ടെ.

സിനിമയിലേക്ക് വരുമ്പോൾ നായികാമോഹം ഉണ്ടായിട്ടില്ലേ? അതിന് തടസ്സം സൃഷ്ടിച്ചത് എന്താണ്?         

ഇത്ര വർഷത്തെ കലാജീവിതത്തിൽ സംവിധായകനിൽ നിന്നോ മറ്റോ എനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ല. പക്ഷേ നമുക്ക് പരിചയം ഇല്ലാത്ത ആളുകളിൽ നിന്ന് ഒരു മോശം അനുഭവം ഉണ്ടാകുമ്പോൾ ആണ് ഏറ്റവും വലിയ ബുദ്ധിമുട്ട് ആകുന്നത്. അങ്ങനെ ഒരു അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്. അത് വളരെ വല്ലാതെ വിഷമിപ്പിച്ചു. നമ്മൾ അവർക്ക് കൊടുത്ത ഒരു സ്ഥാനം അവർ ദുരുപയോഗം ചെയ്തു എന്നേ പറയാനുള്ളൂ.

ഇൻഡസ്ട്രി നല്ലതാണെന്ന് മാത്രമേ മറീനയ്ക്ക് അഭിപ്രായമുള്ളൂ?

അതെ, മലയാള സിനിമാമേഖല വളരെ നല്ലത് തന്നെയാണ്. എല്ലാ തൊഴിൽമേഖലകളിലും ഇത്തരം പ്രശ്‌നങ്ങളുണ്ട്. സിനിമാമേഖല ആകുമ്പോൾ ആളുകൾ കൂടുതൽ അറിയും. പക്ഷേ ജോലി ചെയ്യണമെങ്കിൽ വഴങ്ങണം അല്ലെങ്കിൽ ജോലി നിഷേധിക്കും എന്നൊക്കെ പറയുന്നത് എത്ര ക്രൂരമായാണ് കാണേണ്ടത്.

സിനിമാമേഖലയിൽ സൗഹൃദം ഉള്ള ആളുകളിൽ നിന്ന് ദുരനുഭവം ഉണ്ടായി എന്നുപറഞ്ഞു. അവരുമായി പിന്നീട് ഒരുമിച്ച് അഭിനയിക്കേണ്ടി വരിക എന്നുള്ളത് എങ്ങനെയാണ് കാണുന്നത്?

അഭിനയിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. അഭിനയിക്കാൻ പോകുന്നതിന് മുമ്പ് നല്ലൊരു സംഭാഷണമുണ്ടാകും. അതിനുശേഷമേ ക്യാമറയ്ക്ക് മുന്നിൽ വരൂ. പക്ഷേ പിന്നീട് അവരുമായി പഴയ സൗഹൃദം ഒരു കാലത്തും സാധ്യമല്ല. തൊഴിലിൽ വ്യക്തിപരമായ കാര്യങ്ങൾ കൊണ്ടുവരേണ്ടതില്ല എന്നാണ് അഭിപ്രായം.

വലിയ ആർട്ടിസ്റ്റുകൾക്കുള്ള പരിഗണന മറ്റ് സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകൾക്ക് ഇപ്പോഴും ഇല്ല എന്ന അഭിപ്രായം ഉണ്ടോ?

എല്ലാ അഭിനേതാക്കളും ഒരുപാട് സ്ട്രഗിൾ ചെയ്താണ് വരുന്നത് എന്ന ബോധം ഉണ്ടായാൽ മതി. അങ്ങനെയാണ് ഇന്ന് കാണുന്ന ഒരുപാട് വലിയ താരങ്ങൾ ഉണ്ടായിട്ടുള്ളത്. പണ്ടത്തെക്കാലത്ത് ഷീലാമ്മ ഒക്കെ കിടക്കാൻ ഒരിടംപോലും ഇല്ലാത്ത അവസ്ഥ പറഞ്ഞിട്ടുണ്ടല്ലോ. അഭിനേതാക്കളെ ട്രീറ്റ് ചെയ്യേണ്ടത് ഇൻഡസ്ട്രിയാണ്. പിന്നെ ഇനി പറയുന്ന വിധത്തിൽ വലിയ താരങ്ങൾ മറ്റുള്ളവരോട് കൊടിയ അവഗണന കാണിക്കുന്നുണ്ട് എന്ന് പറയാനാകില്ല. അങ്ങനെ ഉണ്ടെന്ന് വിശ്വസിക്കുന്നില്ല.

ചെയ്ത ജോലിക്ക് വേതനം ഇല്ലായ്മ ഈ ഫീൽഡിൽ ഒരു സ്ഥിരം പതിവാണ് അല്ലേ?

ഞാൻ മോഡലിംഗ് ചെയ്തുതുടങ്ങുന്ന സമയത്ത് വളരെ ചെറിയ പൈസ ഒക്കെ വാങ്ങിയിട്ടുണ്ട്. ഇന്ന് അതല്ല കഥ. ഡയറക്ടർ മുതൽ അസോസിയേറ്റ് വരെയുള്ള ഒരു ഗ്രാഫ് കൃത്യമായി മുന്നോട്ടുപോകണം. ആദ്യം വേതനം കുറവാണെങ്കിലും പിന്നീട് നമ്മുടെ കഴിവിന് അനുസരിച്ച് വേതനം കൂടും. കൂടണം. ഒരു കഴിവും ഇല്ലാതെ സിനിമ ആയതുകൊണ്ട് ഒരുപാട് വേതനം വേണം എന്ന് നിർബന്ധം പിടിക്കാൻ പാടില്ല. ആദ്യം തൊഴിൽ പഠിക്കുക, പിന്നീട് വേതനം കൂട്ടി ചോദിച്ചാൽ  അത് സാധ്യമാകും.

മെന്റൽ സ്‌ട്രെസ് കുറയ്ക്കാൻ എന്താണ് ചെയ്യുക?

ആദ്യമൊക്കെ യോഗ ചെയ്യുമായിരുന്നു. ഇപ്പോൾ സ്‌ട്രെസ്സ് ഉണ്ടെങ്കിൽ പാട്ട് കേൾക്കും. എങ്ങനെ എങ്കിലും നമ്മുടെ മനസ്സിനെ വഴിതിരിച്ചുകൊണ്ടുവരണം. അതിന് വേണ്ടതൊക്കെ ചെയ്യും.

ഒരു പ്രണയത്തകർച്ചയിലൂടെ മറീന കടന്നുപോയിട്ടുണ്ട്. അതെങ്ങനെ നേരിട്ടു...?

ഞാൻ എന്റെ നൂറുശതമാനം കൊടുത്താണ് ബന്ധങ്ങളിൽ നിന്നിട്ടുള്ളത്. ഞാൻ ആളുകളെ കൂടുതൽ അടുപ്പിക്കാറില്ല. അടുത്ത ഒരാള് ഇങ്ങനെ പിരിഞ്ഞുപോകുമ്പോൾ വലിയ വിഷമം തീർച്ചയായും കാണുമല്ലോ. പക്ഷേ ആ ബന്ധം അങ്ങനെ പോയത് പിന്നീട് നന്നായി എന്ന് തോന്നി. അന്ന് എനിക്ക് ഒരുപാട് വിഷമങ്ങൾ അടുപ്പിച്ചുണ്ടായിരുന്നു. അച്ഛന് സുഖം ഇല്ലായിരുന്നു. അതിനിടയ്ക്ക് ആണ് ബ്രേക്ക് അപ്പ് നടക്കുന്നത്. മൊത്തത്തിൽ തകർച്ചയായിരുന്നു. പക്ഷേ അതിജീവിച്ചു.

കല്യാണം എപ്പോൾ എന്ന് കേട്ട് മടുത്തോ?

എനിക്ക് തീർച്ചയായും ഒരു കുടുംബം വേണം. കുടുംബത്തിൽ കല്യാണത്തെക്കുറിച്ച് ചോദ്യങ്ങൾ ഉണ്ടാകുന്നുണ്ട്. പക്ഷേ നടക്കുമ്പോൾ നടക്കട്ടെ എന്നാണ് ഞാൻ കരുതുന്നത്. ഇപ്പോൾ ലൈഫിൽ പ്രത്യേകിച്ച് പ്ലാനുകൾ ഒന്നുമില്ല.

അപ്പൂസ് കെ.എസ്‌

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.