12:49pm 09 November 2026
NEWS
മാർപാപ്പ: ട്രംപ് പ്രവാചകനോ അതോ സൂത്രധാരനോ?
09/05/2025  07:48 AM IST
nila
മാർപാപ്പ: ട്രംപ് പ്രവാചകനോ അതോ സൂത്രധാരനോ?

വത്തിക്കാൻ സിറ്റി: കത്തോലിക്ക സഭയുടെ ച‌രിത്രത്തിൽ ഇന്നുവരെ അമേരിക്കയിൽ നിന്നും ഒരാൾ മാർപാപ്പ ആയിട്ടില്ല. ഇക്കുറിയും ആ കീഴ്വഴക്കം ലംഘിക്കപ്പെടും എന്ന് ആരും കരുതിയതുമില്ല. എന്നാൽ, എല്ലാ മുൻവിധികളുയും തകിടംമറിച്ചാണ് സിസ്റ്റൈൻ ചാപ്പലിന്റെ പുകക്കുഴലിൽ നിന്നും ഇന്നലെ വെളുത്തപുക ഉയർന്നത്. കർദിനാളായി രണ്ടാം വർഷം മാർപാപ്പ എന്ന പരമാധികാരത്തിലേക്ക് എത്തിയിരിക്കുകയാണ്  കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത് എന്ന അറുപത്തൊൻപതുകാരൻ.

ആരാകും അടുത്ത മാർപാപ്പയെന്ന ചോദ്യത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ മറുപടി വലിയ വാർത്തയായിരുന്നു. തനിക്ക് മാർപാപ്പയാകാൻ ആ​ഗ്രഹമുണ്ട് എന്നായിരുന്നു ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ‘എനിക്കു പാപ്പയായാൽ കൊള്ളാമെന്നുണ്ട്. എന്റെ ആദ്യതാൽപര്യവും അതാണ്’എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ജനപ്രിയനായ ഒരു കർദിനാൾ നമുക്കുണ്ടെന്നും അന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മാർപാപ്പയുടെ വേഷം ധരിച്ച തന്റെ ചിത്രവും ട്രംപ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ തികച്ചും അപ്രതീക്ഷിതമായി കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത് മാർപാപ്പയായതോടെ ട്രംപിന്റെ പ്രവചന സ്വഭാവമുള്ള പ്രതികരണവും പെരുമാറ്റവും വലിയ ചർച്ചയാകും എന്ന കാര്യത്തിലും സംശയമില്ല. 

ആഗോള കത്തോലിക്കാ സഭയുടെ 267 മത് മാർപാപ്പയാണ്കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത്. സാമൂഹിക നീതി ഉയർത്തിപ്പിടിച്ച ലിയോ പതിമൂന്നാമൻ മാർപാപ്പ (1878-1903) യുടെ പേരിലാകും ഇനി ഇദ്ദേഹം അറിയപ്പെടുക. കത്തോലിക്ക സഭയിൽ അമേരിക്കൻ ഇടപെടൽ ഇനിയുണ്ടാകുമോ എന്നും കണ്ടറിയണം. സഭ ദരിദ്രർക്കും പോരാടുന്നവർക്കുമൊപ്പം നിലനിൽക്കുമെന്ന സന്ദേശമാണ് പുതിയ മാർപാപ്പ നൽകുന്നത്.

1955 സെപ്റ്റംബർ 14ന് അമേരിക്കയിലെ ഷിക്കാഗോയിലാണ് കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്തിന്റെ ജനനം. ലൊയോള യൂണിവേഴ്സിറ്റിയിൽ നിന്നു ഫിലോസഫിയിൽ ബിരുദം നേടിയ അദ്ദേഹം, റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി. വിശുദ്ധ അഗസ്തീനോസിന്റെ ജീവിതത്തിൽ ആകർഷിക്കപ്പെട്ട അദ്ദേഹം സെന്റ് അഗസ്റ്റിൻ ഓർഡറിൽ സഭയിൽ ചേർന്നു. 

1987-ൽ അദ്ദേഹം വൈദികനായി അഭിഷിക്തനായി. 2001-ൽ, അദ്ദേഹത്തെ പെറുവിലെ ട്രുജിയോ രൂപതയിലെ മെത്രാനായി നിയമിച്ചു. അവിടെ അദ്ദേഹം ദാരിദ്ര്യത്തിനും അനീതിക്കും എതിരെ ശക്തമായ നിലപാടു സ്വീകരിച്ചു.  ലാറ്റിനമേരിക്കൻ സഭയുടെ സാമൂഹിക, ആത്മീയ വെല്ലുവിളികൾ നേരിട്ടനുഭവിച്ച അദ്ദേഹം‘ദരിദ്രർക്കായുള്ള സഭ’ എന്ന ദർശനത്തിന്റെ വക്താവായി.‌ 2019 ൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വത്തിക്കാന്റെ ബിഷപ്പുമാർക്കുള്ള സിനഡിന്റെ തലവനായി നിയമിച്ചു, ലോകമെമ്പാടുമുള്ള മെത്രാന്മാരുടെ നിയമനത്തിനും പരിശീലനത്തിനും മേൽനോട്ടം വഹിക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തി. 2023ലാണ് അദ്ദേഹം കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. ഇപ്പോഴിതാ, രണ്ടു വർഷത്തിനുള്ളിൽ മാർപാപ്പയുമായി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img