04:08am 29 October 2026
NEWS
മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിൽ മൊബൈൽ ഫോണുമായി ഒരു കർദിനാൾ; സിസ്റ്റീൻ ചാപ്പലിനുള്ളിൽ അന്ന് നടന്ന രഹസ്യങ്ങളെല്ലാം പുറത്ത്
01/03/2026  12:10 PM IST
nila
മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിൽ മൊബൈൽ ഫോണുമായി ഒരു കർദിനാൾ; സിസ്റ്റീൻ ചാപ്പലിനുള്ളിൽ അന്ന് നടന്ന രഹസ്യങ്ങളെല്ലാം പുറത്ത്

വത്തിക്കാൻ സിറ്റി: കത്തോലിക്ക സഭയുടെ തലവനായി പോപ്പ് ലിയോയെ തെരഞ്ഞെടുത്ത രഹസ്യ കോൺക്ലേവിൽ ഒരു കർദിനാൾ മൊബൈൽ ഫോണുമായാണ് എത്തിയതെന്ന് വെളിപ്പെടുത്തൽ. ജെറാർഡ് ഒ’കോന്നലും എലിസബറ്റ പിക്കെയും രചിച്ച “The Election of Pope Leo XIV” എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്. ദീർഘകാലമായി വത്തിക്കാൻ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന രണ്ട് പത്രപ്രവർത്തകരാണ് പുസ്കതത്തിന്റെ രചയിതാക്കൾ. കോൺക്ലേവിൽ പങ്കെടുത്ത 133 കാർദിനാളുകളിൽ ഒരാളുടെ പക്കൽ മൊബൈൽ ഫോൺ കണ്ടെത്തിയതിനെ തുടർന്ന് കോൺക്ലേവ് താൽക്കാലികമായി തടസ്സപ്പെട്ടു എന്നും പുസ്തകത്തിൽ പറയുന്നു. ഇത് ഗുരുതരമായ സുരക്ഷാ ലംഘനമായിരുന്നുവെന്ന് ഞായറാഴ്ച പുറത്തിറങ്ങിയ പുസ്തകം വെളിപ്പെടുത്തുന്നു.

വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിനുള്ളിൽ ആദ്യ വോട്ടെടുപ്പിന് കർദിനാൾമാർ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. പുറംലോകവുമായി ബന്ധപ്പെടുന്നത് തടയാൻ ജാമിംഗ് ഉപകരണങ്ങൾ ഘടിപ്പിച്ചിരുന്ന ചാപ്പലിനുള്ളിൽ, ഒരു സജീവ മൊബൈൽ സിഗ്നൽ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി. കർദിനാൾമാർ പരസ്പരം അവിശ്വാസത്തോടെ നോക്കി. തുടർന്ന് മുതിർന്ന ഒരു കർദിനാൾ തന്റെ പോക്കറ്റിൽ ഫോൺ ഉണ്ടെന്ന് കണ്ടെത്തി അത് കൈമാറിയതായി പുസ്കതം വ്യക്തമാക്കുന്നു. 

അതേസമയം, ഫോണുമായി കോൺക്ലേവിനെത്ത കർദിനാളിന്റെ പേര് പുസ്തകത്തിൽ വെളിപ്പെടുത്തുന്നില്ല. ഫോൺ കൈവശം വെച്ചതിന് പിന്നിൽ ഏതെങ്കിലും ഉദ്ദേശമുണ്ടായിരുന്നുവെന്ന് സൂചനയും നൽകുന്നില്ല. ആ നിമിഷം അദ്ദേഹത്തെ “അവസ്ഥകുഴപ്പത്തിലേക്കും മാനസിക വിഷമത്തിലേക്കും” നയിച്ചുവെന്നാണ് പുസ്തകം പറയുന്നത്.

“ആധുനിക കോൺക്ലേവുകളുടെ ചരിത്രത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത, സിനിമയിലും ചിന്തിക്കാൻ കഴിയാത്ത ഒരു രംഗം” എന്നാണ് ജെറാർഡ് ഒ’കോന്നലും എലിസബറ്റ പിക്കെയും എഴുതുന്നത്. 2024-ലെ ഹിറ്റ് സിനിമയായ “Conclave” ഒരു പോപ്പ് തിരഞ്ഞെടുപ്പിനിടെ നടക്കുന്ന ഗൂഢാലോചനകളെ അവതരിപ്പിച്ചിരുന്നു. എന്നാൽ യഥാർത്ഥ ജീവിതത്തിൽ കഴിഞ്ഞ വർഷം നടന്ന ഈ ഫോൺ കണ്ടെത്തൽ ആ സിനിമയിൽ കാണിച്ചതിലുപരി ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്ന് ഒ’കോന്നൽ വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സിനോട് പറഞ്ഞു. “കഥാസാഹിത്യത്തേക്കാൾ യാഥാർഥ്യം മികച്ചതായിരുന്നു,” അദ്ദേഹം പറഞ്ഞു.

കോൺക്ലേവിൽ പങ്കെടുക്കുന്ന വൈദികർ പുറംലോകവുമായി ബന്ധപ്പെടില്ലെന്ന് സത്യം ചെയ്യുകയും, സമ്മേളനം നീളുന്ന കാലയളവിൽ (അത് ദിവസങ്ങൾ നീളാം) അവരുടെ മൊബൈൽ ഫോണുകളും മറ്റ് ആശയവിനിമയ ഉപകരണങ്ങളും കൈമാറുകയും വേണം. ലോകത്തിലെ ഏറ്റവും രഹസ്യമായി നടത്തപ്പെടുന്ന തെരഞ്ഞെടുപ്പുകളിൽ ഒന്നായ ഈ കോൺക്ലേവിനെക്കുറിച്ച് പിന്നാമ്പുറ വിവരങ്ങൾ നൽകുന്ന പുസ്തകത്തെ കുറിച്ച് വത്തിക്കാൻ പ്രസ്സ് ഓഫീസ് പ്രതികരിച്ചില്ല.

കോൺക്ലവിൽ പങ്കെടുത്ത കർദിനാൾമാരുമായി നടത്തിയ അഭിമുഖങ്ങളെ അടിസ്ഥാനമാക്കി, കോൺക്ലേവിലെ വോട്ടിംഗ് വിവരങ്ങളും പുസ്കത്തിൽ വെളിപ്പെടുത്തുന്നുണ്ട്. അന്തരിച്ച പോപ്പ് ഫ്രാൻസിസിന്റെ പിൻഗാമിയെ തെരഞ്ഞെടുക്കാൻ, മേയ് 7–8 തീയതികളിൽ രണ്ട് ദിവസത്തെ കോൺക്ലേവിനായി കർദിനാൾമാർ യോ​ഗം ചേർന്നു. ലോകമാകെ ഈ കോൺക്ലേവ് ഉറ്റുനോക്കുകയായിരുന്നു. 70 രാജ്യങ്ങളിൽ നിന്നുള്ള കർദിനാൾമാരായിരുന്നു കോൺക്ലേവിൽ പങ്കെടുത്തത്. ഭൂമിശാസ്ത്രപരമായി ചരിത്രത്തിലെ ഏറ്റവും വൈവിധ്യമാർന്ന കോൺക്ലേവായതിനാൽ, ഏഷ്യയിലോ ആഫ്രിക്കയിലോ നിന്നൊരു പോപ്പിനെ തിരഞ്ഞെടുക്കാമെന്നായിരുന്നു അന്നത്തെ വ്യാപകമായ അഭ്യൂഹങ്ങൾ. എന്നാൽ പുസ്തകമനുസരിച്ച്, ആ പ്രദേശങ്ങളിൽ നിന്നുള്ള സ്ഥാനാർഥികൾക്ക് കാര്യമായ പിന്തുണ ലഭിച്ചില്ല. 

കോൺക്ലേവ് ആരംഭിച്ച ഉടൻ തന്നെ രണ്ട് സ്ഥാനാർഥികൾ മുൻനിരയിലെത്തി. ദീർഘകാലമായി വത്തിക്കാൻ ഉദ്യോഗസ്ഥനായ ഇറ്റാലിയൻ കർദിനാൾ പിയെട്രോ പരോളിൻ ആയിരുന്നു ഒരാൾ. പല മാധ്യമങ്ങളും അദ്ദേഹം മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടുമെന്ന് നേരത്തേ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.  സഭാ വൃത്തങ്ങൾക്ക് പുറത്തു കൂടുതലായി അറിയപ്പെടാത്ത അമേരിക്കൻ കർദിനാൾ റോബർട്ട് പ്രിവോസ്റ്റ് ആയിരുന്നു മറ്റൊരാൾ. അവസാനം അദ്ദേഹം തന്നെയാണ് പോപ്പ് ലിയോ ആയി തിരഞ്ഞെടുക്കപ്പെട്ടത്. അങ്ങനെ കർദിനാൾ റോബർട്ട് പ്രിവോസ്റ്റ് അമേരിക്കയിൽ നിന്നുള്ള ആദ്യ പോപ്പായി.

ഭാവിയിലെ പോപ്പിന്റെ അനുമതിയില്ലാതെ കോൺക്ലേവിലെ രഹസ്യ വോട്ടെടുപ്പ് വിവരങ്ങൾ പുറത്തുപറയുന്നത് കർശനമായി നിരോധിച്ചിരിക്കുന്നുവെങ്കിലും, വർഷങ്ങൾക്കുശേഷം വൈദികരിൽ നിന്ന് ഇത്തരം വിവരങ്ങൾ പത്രപ്രവർത്തകർ ശേഖരിക്കുന്നത് സാധാരണമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img