
പാലായിൽ കാറും സ്കൂട്ടറുകളും കൂട്ടിയിടിച്ച് രണ്ടു യുവതികൾക്ക് ദാരുണാന്ത്യം. പ്രവിത്താനം അല്ലപ്പാറ പാലക്കുഴക്കുന്നേൽ സുനിലിന്റെ ഭാര്യ ജോമോൾ (35), മേലുകാവ് നല്ലംകുഴിയിൽ സന്തോഷിന്റെ ഭാര്യ ധന്യ (38) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ജോമോളുടെ ഏകമകൾ അന്നമോൾ (12)ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അന്നമോളെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഒമ്പതരയോടെ പാലാ തൊടുപുഴ ഹൈവേയിൽ മുണ്ടാങ്കൽ പള്ളിക്കു സമീപത്തുവെച്ചാണ് അപകടമുണ്ടായത്.
പാലായിൽനിന്ന് തൊടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് സ്കൂട്ടറുകളെ ഇടിച്ചു തെറിപ്പിച്ചതെന്നാണ് വിവരം. സ്കൂട്ടർ യാത്രക്കാർ തൊടുപുഴ ഭാഗത്തുനിന്ന് പാലായിലേക്ക് പോകുകയായിരുന്നു. പാലാ സെന്റ് മേരീസ് സ്കൂളിൽ ആറാംക്ലാസ് വിദ്യാർത്ഥിനിയായ അന്നമോളെ സ്കൂളിൽ വിടാൻ പോകുകയായിരുന്നു ജോമോൾ. പാലായിലെ സ്വകാര്യ ബാങ്കിൽ ജീവനക്കാരിയായ ധന്യ ജോലിക്കു പോകുമ്പോഴായിരുന്നു അപകടം. ധന്യയുടെ മക്കൾ: ശ്രീനന്ദൻ, ശ്രീഹരി.











