
കോട്ടയം: എസ്‌ഐആർ ജോലി സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നും ജോലിയിൽ നിന്നും ഒഴിവാക്കിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും ബിഎൽഒ. കോട്ടയം ജില്ലയിലെ പൂഞ്ഞാർ മണ്ഡലത്തിലെ 110-ാം നമ്പർ ബൂത്തിലെ ബിഎൽഒ ആന്റണിയാണ് എസ്ഐആർ ജോലിയിൽ നിന്നും ഒഴിവാക്കിയില്ലെങ്കിൽ ജീവനൊടുക്കുമെന്ന് ശബ്ദസന്ദേശം അയച്ചത്.
ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ആന്റണി ശബ്ദസന്ദേശം പങ്കുവെച്ചത്. ഇടുക്കിയിൽ പോളിടെക്‌നിക് ജീവനക്കാരനാണ് ആന്റണി. പൂഞ്ഞാർ മണ്ഡലത്തിലെ 110-ാം നമ്പർ ബൂത്തിലെ ബിഎൽഒ ആയാണ് ഇദ്ദേഹത്തെ നിയോഗിച്ചത്. എസ്ഐആർ ജോലികളുമായി ബന്ധപ്പെട്ട് ഭയങ്കര മാനസിക സമ്മർദത്തിലാണെന്ന് ആന്റണി ശബ്ദസന്ദേശത്തിൽ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് തങ്ങളെ എല്ലാത്തരത്തിലും ചൂഷണം ചെയ്യുകയാണെന്നും ആന്റണി കുറ്റപ്പെടുത്തുന്നുണ്ട്.
മാനസികമായും ശാരീരികമായും പീഡിപ്പിച്ചിട്ടാണ് ഈ പണി ചെയ്യിപ്പിക്കുന്നതെന്നും ഈ അടിമപ്പണി ദവയുചെയ്ത് നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. തന്നെ ദയവുചെയ്ത് ഈ ജോലിയിൽ നിന്നും ഒഴിവാക്കണമെന്നും അല്ലെങ്കിൽ വില്ലേജ് ഓഫീസിന്റെയോ കളക്ടറേറ്റിന്റെയോ മുന്നിൽ വന്ന് വിഷം കഴിച്ച് ജീവനൊടുക്കുമെന്നുമാണ് ബിഎൽഒ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അയച്ച ഓഡിയോ സന്ദേശത്തിൽ പറയുന്നത്.
ബിഎൽഒയുടെ ഓഡിയോ സന്ദേശത്തിലെ പ്രസക്ത ഭാഗങ്ങൾ
'ഗ്രൂപ്പ് അംഗങ്ങളും ബഹുമാനപ്പെട്ട വില്ലേജ് ഓഫീസറും ഉത്തരവാദിത്തപ്പെട്ടവരും കേൾക്കാൻ പറയുകയാണ്. എസ്‌ഐആർ ജോലികളുമായി ബന്ധപ്പെട്ട് ഭയങ്കര മാനസിക സമ്മർദത്തിലാണ് ഞാൻ. നിങ്ങൾ പറഞ്ഞതനുസരിച്ച് ഒരാഴ്ച്ചയ്ക്കുളളിൽ വോട്ടർമാരുടെ വീടുകളിൽ കൊണ്ടുപോയി ഫോം കൊടുത്തു. ഒരുവശം പോലും പൂരിപ്പിക്കാതെയാണ് പലരും തരുന്നത്. ഇവരുടെ മൊത്തം വിവരങ്ങൾ ഞാൻ കണ്ടുപിടിച്ച് പൂരിപ്പിച്ച് കൊടുക്കണം. അതിന് കാൽ കാശ് കിട്ടുന്നില്ല. നിങ്ങൾ ഇതിന് വേണ്ടി യാതൊരു ഉപകരണങ്ങളും തരുന്നില്ല. മൊബൈലോ ഇന്റർനെറ്റോ ഇല്ല.
തെരഞ്ഞെടുപ്പ് കമ്മീഷനും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് ഞങ്ങളെ എല്ലാത്തരത്തിലും ചൂഷണം ചെയ്യുകയാണ്. ഞങ്ങളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിട്ടാണ് ഈ പണി ചെയ്യിപ്പിക്കുന്നത്. ഈ അടിമപ്പണി ദവയുചെയ്ത് നിർത്തണം. എന്റെ മാനസികനില തകർന്നുപോകുന്ന അവസ്ഥയിലാണ്. മനസിന്റെ സമനിലയും മാനസികാരോഗ്യവും നഷ്ടപ്പെട്ട് ഞാൻ ആരെയെങ്കിലും കൊല്ലും. അല്ലെങ്കിൽ ആരെങ്കിലും എന്നെ കൊല്ലും. ദയവുചെയ്ത് എന്നെ ഈ ജോലിയിൽ നിന്ന് ഒഴിവാക്കണം. സഹികെട്ടാണ് പറയുന്നത്. അല്ലെങ്കിൽ വില്ലേജ് ഓഫീസിന്റെയോ കളക്ടറേറ്റിന്റെയോ മുന്നിൽ വന്ന് വിഷം കഴിച്ച് ഞാൻ ചാവും.
എനിക്ക് അതുപോലെ മാനസിക സംഘർഷമാണ്. എനിക്ക് സമാധാനപരമായി ജോലി ചെയ്യാനുളള സാഹചര്യമില്ല. നാട്ടുകാരുടെ തെറി കേൾക്കണം. റവന്യൂ ഉദ്യോഗസ്ഥരുടെ തെറി കേൾക്കണം. ഒരുമിനിറ്റ് കൊണ്ട് പൂർത്തിയാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയും. ഇങ്ങേർക്കൊക്കെ എസി റൂമിൽ നിന്ന് പറയാം. പുറത്ത് വെയിലത്ത് ജോലി ചെയ്യുന്നവരുടെ അവസ്ഥ നിങ്ങൾക്കറിയേണ്ട. ജനത്തിന്റെയും നിങ്ങളുടെയും തെറി കേൾക്കാൻ പറ്റില്ല. ഒന്നുകിൽ ഞാൻ ആത്മഹത്യ ചെയ്യും. അതിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനും എസ് ഐ ആറും ആണെന്ന് മാത്രമേ എനിക്ക് പറയാനുളളു'










