12:04pm 07 August 2026
NEWS
പെർഫെക്റ്റ് വിക്റ്റിം' ആശയങ്ങൾ മിഥ്യ; ലൈംഗികാതിക്രമത്തെ അതിജീവിച്ചവർ പെരുമാറേണ്ടത് ഇന്ന രീതിയിലെന്ന് വിധിക്കാനാകില്ല: തരുൺ തേജ്പാൽ കേസിൽ ബോംബെ ഹൈക്കോടതി
07/08/2026  08:24 AM IST
നിയമകാര്യ ലേഖകൻ
പെർഫെക്റ്റ് വിക്റ്റിം ആശയങ്ങൾ മിഥ്യ; ലൈംഗികാതിക്രമത്തെ അതിജീവിച്ചവർ പെരുമാറേണ്ടത് ഇന്ന രീതിയിലെന്ന് വിധിക്കാനാകില്ല: തരുൺ തേജ്പാൽ കേസിൽ ബോംബെ ഹൈക്കോടതി

​പനാജി: ലൈംഗികാതിക്രമത്തിന് ഇരയായ ഒരു വ്യക്തി തങ്ങളുടെ വിശ്വാസ്യത തെളിയിക്കാൻ ഇന്ന രീതിയിൽ മാത്രമേ പെരുമാറാവൂ എന്ന പരമ്പരാഗത ധാരണകളെ തള്ളി ബോംബെ ഹൈക്കോടതി. 2013-ലെ ലൈംഗിക പീഡനക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാലിനെ കുറ്റക്കാരനായി കണ്ടെത്തിയ വിധിക്കിടെയാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.
​ലൈംഗികാതിക്രമ കേസിൽ 'പൂർണ്ണയായ ഇര' (Perfect Victim) എന്ന ആശയം കേവലം മിഥ്യ മാത്രമാണെന്ന് ജസ്റ്റിസ് ഡോ. നീല ഗോഖലെ, ജസ്റ്റിസ് അമിത് ജാംസണ്ഡേക്കർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഓരോ വ്യക്തിയും മാനസികാഘാതത്തോട് (Trauma) പ്രതികരിക്കുന്നത് വ്യത്യസ്ത രീതികളിലാണ്. അതിനാൽ തന്നെ ഇത്തരം സംഭവങ്ങളിൽ മുൻവിധികളുടെയോ സങ്കൽപ്പങ്ങളുടെയോ അടിസ്ഥാനത്തിലാകരുത്, മറിച്ച് തെളിവുകളുടെ അടിസ്ഥാനത്തിലാകണം അതിജീവിച്ചയാളുടെ മൊഴി വിലയിരുത്തേണ്ടത്.
​കേസിൽ തേജ്പാലിനെ മുൻപ് വെറുതെവിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. അതിക്രമത്തിന് ശേഷമുള്ള പെരുമാറ്റത്തിന്റെ പേരിൽ അതിജീവിച്ചയാളുടെ മൊഴി തള്ളിക്കളഞ്ഞ വിചാരണക്കോടതി നിലപാടിനെ ബെഞ്ച് ശക്തമായി വിമർശിച്ചു. അതിക്രമത്തിന് ഇരയായ സ്ത്രീ വൈകാരികമായി തകർന്നവളായോ, നിസ്സഹായയോ, പൂർണ്ണമായും നിഷ്ക്രിയയോ ആയി കാണപ്പെടണമെന്ന രീതിയിലാണ് വിചാരണക്കോടതി സമീപിച്ചതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
​പരാതി നൽകാൻ വൈകുന്നതും, പ്രതിയെ നേരത്തെ പരിചയമുള്ളതും, മദ്യം കഴിക്കുന്നതും, അതിക്രമത്തിന് ശേഷം സാമൂഹിക പരിപാടികളിൽ പങ്കെടുക്കുന്നതും, പ്രത്യക്ഷത്തിൽ നിരാശ പ്രകടിപ്പിക്കാത്തതുമെല്ലാം ഇരകളെ സംശയ നിഴലിൽ നിർത്താൻ ഉള്ള കാരണങ്ങളാകരുത്. ഇത്തരം ധാരണകൾ ഇരകൾ അനുഭവിച്ച വേദനയെ ലഘൂകരിക്കുകയും അപ്രായോഗികമായ മാനദണ്ഡങ്ങൾ അവരുടെമേൽ അടിച്ചേൽപ്പിക്കുകയുമാണ് ചെയ്യുന്നത്.
​കേസിന്റെ വിചാരണ വേളയിൽ അതിജീവിച്ചയാളെ ചോദ്യം ചെയ്ത രീതിയെയും കോടതി വിമർശിച്ചു. അവരുടെ സ്വകാര്യ സന്ദേശങ്ങൾ, ഇമെയിലുകൾ, ചിത്രങ്ങൾ, വ്യക്തിബന്ധങ്ങൾ എന്നിവ കോടതിക്ക് മുന്നിൽ അവതരിപ്പിച്ചത് ധാർമ്മികതയെ ചോദ്യം ചെയ്യാനാണ്. ഒരു സ്ത്രീ സദാചാര വിരുദ്ധ സ്വഭാവമുള്ളവളാണെന്ന് ആരോപിക്കപ്പെട്ടാൽ പോലും അവളെ ലൈംഗികമായി ആക്രമിക്കാൻ ആർക്കും അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.
​സംഭവത്തിന് ശേഷവും അതിജീവിച്ചയാൾ പാർട്ടികളിൽ പങ്കെടുത്തതിന്റേയും മദ്യ ഗ്ലാസ് കൈയ്യിലേന്തിയതിന്റേയും ചിത്രങ്ങൾ കാണിച്ചാണ് പ്രതിഭാഗം വാദിച്ചിരുന്നത്. എന്നാൽ ഒരു വ്യക്തി അതിക്രമത്തെ എങ്ങനെ നേരിടണം എന്ന് നിശ്ചയിക്കാൻ കോടതിക്കോ പ്രതിക്കോ സാധിക്കില്ലെന്ന് ഹൈക്കോടതി മറുപടി നൽകി.
​സ്വന്തം തൊഴിലുടമയും, പിതാവിന്റെ സുഹൃത്തും, വഴികാട്ടിയുമായ വ്യക്തിയിൽ നിന്നാണ് യുവതിക്ക് അതിക്രമം നേരിടേണ്ടി വന്നത്. ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയും അവർക്കുണ്ടായിരുന്നു. അതിനാൽ തന്നെ ലൈംഗിക കുറ്റകൃത്യങ്ങളിൽ തെളിവുകൾ വിലയിരുത്തുമ്പോൾ പുരുഷാധിപത്യപരമായ ചിന്താഗതികളും ധാർമ്മിക വിധി പറയലുകളും കോടതികൾ ഒഴിവാക്കണമെന്ന് വിധിയിൽ പറയുന്നു. ഒരു സ്ത്രീയുടെ ജീവിതരീതിയോ ബന്ധങ്ങളോ സാമൂഹിക പെരുമാറ്റമോ എന്തുതന്നെയായാലും, ആത്മാഭിമാനത്തിനും ലൈംഗിക സ്വയംഭരണത്തിനുമുള്ള അവകാശം ഓരോ സ്ത്രീക്കുമുണ്ടെന്ന് ഉറപ്പിച്ചു പറയുന്നതാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img