
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് പി.എസ്.സി അംഗങ്ങൾ ഹാജരാകണമെന്ന കർശന നിലപാടുമായി ക്രൈം ബ്രാഞ്ച് (എസ്.ഐ.ടി). നാല് അംഗങ്ങൾക്ക് നൽകിയ നോട്ടീസ് പ്രകാരം ചൊവ്വാഴ്ച ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം.
ഭരണഘടനാ പദവിയും പ്രോട്ടോക്കോളും ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പി.എസ്.സി സെക്രട്ടറി കത്ത് നൽകിയെങ്കിലും അന്വേഷണ സംഘം ഇത് അംഗീകരിച്ചിട്ടില്ല. അന്വേഷണവുമായി സഹകരിക്കാൻ ബാദ്ധ്യതയുള്ള പി.എസ്.സി ചെയർമാനും അംഗങ്ങളും ആവശ്യപ്പെടുന്നിടത്ത് ഹാജരാകില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നാണ് നിലപാട്. ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മെമ്പർമാരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
100 മാർക്കിന്റെ പൊതുപരീക്ഷയിൽ 58 മാർക്കിന് മൂല്യനിർണയം നടത്താതെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും, ഇടതു സംഘടനാ നേതാവിന് നിയമനം നൽകുകയും ചെയ്തതിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നാണ് സംഘം പരിശോധിക്കുന്നത്.
വകുപ്പുതല നടപടിക്ക് ശുപാർശ
സംഭവത്തിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയ പി.എസ്.സി പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ഹരി, മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷ് എന്നിവർക്കെതിരെ വകുപ്പുതല നടപടിക്ക് എസ്.ഐ.ടി സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്. കേസിൽ മൊഴിയെടുക്കണമെങ്കിൽ ക്രൈം ബ്രാഞ്ച് പി.എസ്.സി ആസ്ഥാനത്തെത്തണമെന്നാണ് പി.എസ്.സി അറിയിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ വീണ്ടും നിയമോപദേശം തേടിയിരിക്കുന്ന പി.എസ്.സി, നാളെ ചേരുന്ന യോഗത്തിൽ വിഷയം ചർച്ച ചെയ്യും. എന്നാൽ പ്രോട്ടോക്കോളിന്റെ പേരിൽ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കുന്നത് പൊതുജനങ്ങൾക്കിടയിൽ സംശയങ്ങൾക്കിടയാക്കുമെന്ന് കരുതുന്ന ഒരു വിഭാഗം പി.എസ്.സി അംഗങ്ങളും ഇതിനകത്ത് ഉണ്ട്.
രാജ്യത്തെ നിയമസംവിധാനങ്ങൾ പാലിക്കാമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നവരാണ് പി.എസ്.സി അംഗങ്ങൾ. അന്വേഷണ ഏജൻസി ആവശ്യപ്പെട്ടാൽ ഹാജരാകാൻ അവർ ബാദ്ധ്യസ്ഥരാണ്. പരിരക്ഷയുണ്ടെന്ന് പറയുന്നത് അറിവില്ലായ്മയും അഹങ്കാരവും ധാർഷ്ട്യവുമാണെന്ന് നിയമവിദഗ്ധർ .











