
കമ്പാല: 15 വർഷത്തിനിടെ 38 പേരെ കൊലപ്പെടുത്തിയെന്നും മൃതദേഹങ്ങൾ ഭക്ഷിച്ചെന്നും ആരോപണം നേരിടുന്നയാൾ യുഗാണ്ടയിൽ അറസ്റ്റിലായി. മുജുറിസി മോസസ് എന്നയാളെയാണ് സുരക്ഷാസേന പിടികൂടിയത്. 2010 മുതൽ 2025 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന കൊലപാതകങ്ങളിലും ദുരൂഹ തിരോധാനങ്ങളിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് ആരോപണം.
യുഗാണ്ടൻ സൈനിക മേധാവി ജനറൽ മുഹൂസി കൈനറുഗബയാണ് മോസസിന്റെ അറസ്റ്റുവിവരം എക്സിലൂടെ പുറത്തുവിട്ടത്. മസാക്ക, ഇബാൻഡ, കസോ ജില്ലകളിലായി 38 പേരെ കൊലപ്പെടുത്തിയെന്നാണ് ഇയാൾക്കെതിരായ പ്രധാന ആരോപണം. മൃതദേഹങ്ങൾ ഭക്ഷിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. യുഗാണ്ടയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ സീരിയൽ കൊലപാതകിയും നരഭോജിയുമെന്നാണ് മുഹൂസി ഇയാളെ വിശേഷിപ്പിച്ചത്. പ്രതിയെ പരസ്യവിചാരണയ്ക്ക് വിധേയനാക്കി വധശിക്ഷ നൽകണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവച്ചു. എന്നാൽ, കേസിലെ വിചാരണയും ശിക്ഷയും സംബന്ധിച്ച അന്തിമ തീരുമാനം കോടതിയുടേതാണ്.
വീടുകളിൽ അതിക്രമിച്ചുകയറി വെട്ടുകത്തി ഉപയോഗിച്ച് ആക്രമണം നടത്തിയാണ് മോസസ് കൊലപാതകങ്ങൾ നടത്തിയിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ചില സംഭവങ്ങളിൽ കുടുംബങ്ങളെ ഒന്നടങ്കം ലക്ഷ്യമിട്ടതായും ആരോപണമുണ്ട്. പെന്തക്കോസ്ത് സഭാ പാസ്റ്ററായ സ്റ്റീവൻ മുഗാംബയുടെ വീട്ടിൽ നടന്ന കൂട്ടക്കൊലയും ഇയാളുമായി ബന്ധപ്പെടുത്തി പരാമർശിക്കപ്പെടുന്നു. സംഭവങ്ങളിൽ മോസസിന് പുറമെ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.
പ്രണയബന്ധം നടിച്ച് ആളുകളെ വശീകരിച്ച് കൊലപ്പെടുത്തിയെന്ന ആരോപണവും പ്രതിക്കെതിരെയുണ്ട്. മുൻപും പലതവണ ഇയാൾ പിടിയിലായിരുന്നുവെന്നും പിന്നീട് രക്ഷപ്പെട്ടതായോ ദുരൂഹ സാഹചര്യങ്ങളിൽ വിട്ടയയ്ക്കപ്പെട്ടതായോ റിപ്പോർട്ടുകളുണ്ട്. നേരത്തെയുള്ള കേസുകളിൽനിന്ന് ഇയാൾ എങ്ങനെ രക്ഷപ്പെട്ടുവെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതുസംബന്ധിച്ചും വിശദമായ അന്വേഷണം ആവശ്യമാണ്.
പ്രതിയുടെ താമസസ്ഥലത്തുനിന്ന് കേസുകളുമായി ബന്ധപ്പെട്ട തെളിവുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. വിവിധ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്ത തിരോധാനക്കേസുകളും കൊലപാതകങ്ങളും അന്വേഷണസംഘം വീണ്ടും പരിശോധിക്കുകയാണ്. 38 കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സ്ഥിരീകരിക്കുന്നതിനും മറ്റ് കേസുകളിൽ പ്രതിയുടെ പങ്ക് കണ്ടെത്തുന്നതിനും കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.










