
തിരുവനന്തപുരം: മൂന്ന് മുന്നണികളും നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ പ്രാഥമിക ഘട്ടത്തിലേക്ക് കടക്കുമ്പോൾ കേരള രാഷ്ട്രീയം ചർച്ചകളുടെ ചൂടിലാണ്. ഔദ്യോഗിക പ്രഖ്യാപനങ്ങൾ വരാനിരിക്കുന്നതേയുള്ളൂ എങ്കിലും വിജയസാദ്ധ്യതയുള്ള പ്രമുഖരുടെ പേരുകൾ ഇതിനോടകം തന്നെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാണ്.
യു.ഡി.എഫ്:
മുതിർന്നവർ കളത്തിൽ, പുതുമുഖങ്ങൾക്ക് വഴിമാറി കെ. ബാബു
യു.ഡി.എഫിൽ പ്രമുഖ നേതാക്കളുടെ സ്ഥാനാർത്ഥിത്വം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു.
ഉറപ്പായവർ: രമേശ് ചെന്നിത്തല (ഹരിപ്പാട്), തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോട്ടയം), കെ. മുരളീധരൻ (വട്ടിയൂർക്കാവ്).
മാറ്റങ്ങൾ: തൃപ്പൂണിത്തുറയിലെ സിറ്റിംഗ് എം.എൽ.എ കെ. ബാബു ഇക്കുറി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചു. പാലക്കാട് സീറ്റിൽ ഇത്തവണ രാഹുൽ മാങ്കൂട്ടത്തിൽ ഉണ്ടാവില്ലെന്നതും ശ്രദ്ധേയമാണ്.
മറ്റു 20 സിറ്റിംഗ് എം.എൽ.എമാരും വീണ്ടും ജനവിധി തേടും. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് കോന്നിയിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് ഇത്തവണ കൂടുതൽ പുതുമുഖങ്ങളെ പരീക്ഷിക്കാനാണ് ഒരുങ്ങുന്നത്.
എൽ.ഡി.എഫ്:
കരുത്തുറ്റ നിരയുമായി ഇടത് മുന്നണി
വിജയസാദ്ധ്യതയും ഭരണത്തുടർച്ചയും ലക്ഷ്യമിട്ട് സിറ്റിംഗ് എം.എൽ.എമാർക്കും മന്ത്രിമാർക്കും മുൻഗണന നൽകാനാണ് ഇടതുപക്ഷത്തിന്റെ നീക്കം.
വീണ്ടും മത്സരിക്കുന്നവർ: മുഖ്യമന്ത്രി പിണറായി വിജയൻ, കെ.കെ. ശൈലജ, വി.എൻ. വാസവൻ തുടങ്ങിയവർ വീണ്ടും കളത്തിലിറങ്ങും.
മാറ്റങ്ങൾ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇക്കുറി മത്സരിക്കില്ല. സി.പി.ഐയിൽ കൊല്ലം ജില്ലാ സെക്രട്ടറിയായ പി.എസ്. സുപാൽ, ചിറയിൻകീഴിൽ വി. ശശി, വൈക്കത്ത് സി.കെ. ആശ, തൃശൂരിൽ പി. ബാലചന്ദ്രൻ എന്നിവർക്ക് പകരം പുതിയ സ്ഥാനാർത്ഥികൾ വന്നേക്കും.
ബി.ജെ.പി: പട്ടിക തയ്യാർ,കേന്ദ്രാനുമതിക്കായി കാത്തിരിപ്പ്
ബി.ജെ.പി മത്സരിക്കുന്ന 90 സീറ്റുകളിലേക്കും ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ പച്ചക്കൊടി ലഭിച്ചാലേ അന്തിമ പട്ടിക പുറത്തുവിടൂ.
പ്രധാനികൾ: സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ശോഭാ സുരേന്ദ്രൻ എന്നിവരുടെ സ്ഥാനാർത്ഥിത്വം ഉറപ്പാണ്.
അഖിൽ മാരാർ ട്വന്റി 20 സ്ഥാനാർത്ഥി
സിനിമാ സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി 20 സ്ഥാനാർത്ഥിയായി മത്സരിക്കും. എൻ.ഡി.എയുടെ ഭാഗമായാണ് ട്വന്റി 20 ഇക്കുറി പോരാട്ടത്തിനിറങ്ങുന്നത്. താൻ എവിടെ മത്സരിക്കണമെന്ന് എൻ.ഡി.എ തീരുമാനിക്കുമെന്ന് അഖിൽ മാരാർ വ്യക്തമാക്കി.











