
തിരുവനന്തപുരം: നിയമസഭാ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന തർക്കങ്ങളിൽ തിങ്കളാഴ്ചയോടെ പൂർണ്ണമായ വ്യക്തത വരുമെന്ന് കെ. മുരളീധരൻ. സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾക്കായി ഹൈക്കമാൻഡ് വിളിച്ചുചേർത്ത ഇലക്ഷൻ കമ്മിറ്റി യോഗം തിങ്കളാഴ്ച ഡൽഹിയിൽ നടക്കും. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും പങ്കെടുക്കുന്ന ഈ യോഗത്തോടെ നിലവിലെ വിവാദങ്ങളെല്ലാം അവസാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സിറ്റിംഗ് എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിൽ മാറ്റമുണ്ടാകുമോ എന്നതിന്റെ അന്തിമ അധികാരം ഹൈക്കമാൻഡിനാണെന്ന് അദ്ദേഹം പറഞ്ഞു. ഭൂരിഭാഗം എം.പിമാർക്കും മത്സരിക്കാൻ താല്പര്യമുണ്ടെങ്കിലും, അവർ ഒഴിയുന്ന ലോക്സഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് വരുന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കും. ഓരോ മണ്ഡലത്തിലെയും സാഹചര്യം വിലയിരുത്തി മാത്രമേ തീരുമാനമെടുക്കൂ എന്നും മുരളീധരൻ വ്യക്തമാക്കി.
ഈഴവ പ്രാതിനിധ്യവും കെ. സുധാകരനും
സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഈഴവ സമുദായത്തിന് അർഹമായ പരിഗണന ഇത്തവണ ഉണ്ടാകുമെന്ന് മുരളീധരൻ ഉറപ്പുനൽകി. തോൽക്കുന്ന സീറ്റുകൾ മാത്രമാണ് നൽകുന്നതെന്ന ആക്ഷേപം അദ്ദേഹം തള്ളി. സി.പി.എമ്മിൽ നിന്ന് അസംതൃപ്തരായി പുറത്തുവരുന്നവരുടെ കാര്യത്തിൽ നിലവിൽ പാർട്ടി നയം വ്യക്തമാക്കിയിട്ടില്ലെങ്കിലും, ജി. സുധാകരൻ സ്വതന്ത്രനായി മത്സരിക്കുകയാണെങ്കിൽ കോൺഗ്രസ് പിന്തുണയ്ക്കുമെന്ന സൂചനയും അദ്ദേഹം നൽകി.താൻ മത്സരരംഗത്തുണ്ടാകുമോ എന്ന കാര്യത്തിൽ പാർട്ടി തീരുമാനമെടുത്തിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം, മത്സരിക്കുകയാണെങ്കിൽ തന്റെ പഴയ തട്ടകമായ വട്ടിയൂർക്കാവ് തന്നെ വേണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. ബി.ജെ.പി സ്ഥാനാർത്ഥിയായ സഹോദരി പത്മജ വേണുഗോപാലിനെതിരെ കടുത്ത രാഷ്ട്രീയ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
"രാഷ്ട്രീയത്തിൽ സഹോദരനും സഹോദരിയുമില്ല. അവർ ബി.ജെ.പി സ്ഥാനാർത്ഥിയാണ്. വട്ടിയൂർക്കാവിലായിരുന്നെങ്കിൽ ഒന്ന് മുട്ടാമായിരുന്നു," അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ്സ് ആരെയും ഉയർത്തിക്കാട്ടാറില്ല. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം എം.എൽ.എമാരും ഹൈക്കമാൻഡും ചേർന്നാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.
തിങ്കളാഴ്ചയോടെ സ്ഥാനാർത്ഥി പട്ടികയിൽ അന്തിമ തീരുമാനമാകുമെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടൻ പട്ടിക പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.











