
കാൻക്യൂർ ഫൌണ്ടേഷൻ നയാരാ എനെർജിയുമായി 2 കോടിയുടെ ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ മുഖ്യമന്ത്രിയോടൊപ്പം ഇടത്തുനിന്ന് - അചിന്ത്യ സിംഗ്, സമീർ ഷാ, എസ്. രാജ്‌മോഹൻ നായർ , ഡോ. സി. എം. രാധാകൃഷ്ണൻ, പ്രസാദ് കെ. പണിക്കർ, ഡോ. ജുനൈദ് റഹ്മാൻ, ആർ. മാധവ് ചന്ദ്രൻ, ജെ. വിഗ്നേഷ് എന്നിവർ
തിരുവനന്തപുരം: കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ കാൻക്യൂർ ഫൌണ്ടേഷൻറെ പ്രവർത്തന ചെലവുകൾക്കായി 2 കോടിയുടെ സി എസ് ആർ സഹായവുമായി നയാരാ എനർജി. വൈപ്പിനിൽ പ്രവർത്തിക്കുന്ന സൗജന്യ ഡയാലിസിസ് പാലിയേറ്റീവ് കെയർ കേന്ദ്രമായ കാൻക്യൂർ സാന്ത്വനകേന്ദ്രത്തിന്റെ സേവന പങ്കാളികൾ ആകുവാനുള്ള ധാരണാ പത്രം മുഖ്യമന്ത്രി വി. ഡി. സതീശന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരത്തു വച്ച് നയാരാ എനർജി നാഷണൽ സി. എസ്. ആർ. ഹെഡ് അചിന്ത്യ സിംഗും കാൻക്യൂർ ഫൌണ്ടേഷൻ സെക്രട്ടറി ആർ. മാധവ് ചന്ദ്രനും ഒപ്പുവച്ചു. നയാരാ എനർജി ചെയർമാനും മാനേജിങ് ഡയറക്ടറുമായ പ്രസാദ് കെ. പണിക്കർ മുഖ്യാതിഥിയായ ചടങ്ങിൽ കാൻക്യൂർ പ്രസിഡന്റ് ഡോ. ജുനൈദ് റഹ്മാൻ, വൈസ് പ്രസിഡന്റുമാരായ ഡോ. സി. എം. രാധാകൃഷ്ണൻ, എസ്. രാജ്‌മോഹൻ നായർ, നയാരാ എനർജി ഉദ്യോഗസ്ഥരായ സമീർ ഷാ, ജെ. വിഗ്നേഷ് തുടങ്ങിയവർ പങ്കെടുത്തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഡയാലിസിസ് രോഗികൾക്കും ഗവണ്മെന്റ് ആശുപത്രികളിൽ നിന്നുള്ള ചികിത്സക്ക് ശേഷം പാലിയേറ്റീവ് ശുശ്രൂഷയ്ക്ക് ആരോരുമില്ലാത്ത നിർദ്ധനരായ രോഗികൾക്കും പൂർണമായും സൗജന്യമായി സേവനം നൽകിവരുന്ന സംഘടനയാണ് കാൻക്യൂർ ഫൌണ്ടേഷൻ. 2021ൽ ആരംഭിച്ച സാന്ത്വനകേന്ദ്രത്തിൽ 16 ഡയാലിസിസ് മെഷീനുകളിലൂടെ 18000 ത്തോളം ഡയാലിസിസും 40 പാലിയേറ്റീവ് കിടക്കകളിലൂടെ 200ൽ പരം രോഗികൾക്ക് ശുശ്രൂഷയും നാളിതുവരെ നൽകിയതായി കാൻക്യൂർ സെക്രട്ടറി ആർ. മാധവ് ചന്ദ്രൻ അറിയിച്ചു. പദ്ധതിയുടെ വികസനത്തിന്റെ ഭാഗമായി പുതുതായി പണിഞ്ഞുകൊണ്ടിരിക്കുന്ന കെട്ടിട സമുച്ചയം പൂർത്തിയാവുമ്പോൾ 100 പാലിയേറ്റീവ് കിടക്കകളും 25 ഡയാലിസിസ് മെഷീനുകളും കേന്ദ്രത്തിലുണ്ടാവും.
Photo Courtesy - Google










