
Dr. Keith Flaherty inaugurating the Lakeshore Yathra project.
കൊച്ചി: പ്രാരംഭ ഘട്ടത്തിലുള്ള രോഗനിർണയത്തിലൂടെ കാൻസർ തിരിച്ചറിയാൻ കഴിഞ്ഞാൽ മികച്ച ചികിത്സ ഫലം ലഭ്യമാക്കാനും രോഗം പൂർണമായി ഭേദമാക്കാനും സാധിക്കുമെന്ന് പ്രശസ്ത ഓങ്കോളജിസ്റ്റും മസ്സാചുസെറ്റ്സ് ജനറൽ ഹോസ്പിറ്റൽ ക്ലിനിക്കൽ റിസേർച്ച് ഡയറക്ടറും ഹാർവാഡ് മെഡിക്കൽ സ്കൂൾ പ്രൊഫസറും അമേരിക്കൻ അസോസിയേഷൻ ഫോർ കാൻസർ റിസേർച്ച് പ്രസിഡന്‍റുമായ ഡോ. കെയ്ത് ടി.ഫ്ലാഹെർടി. ആരോഗ്യസംരക്ഷണവും മുൻകൂട്ടിയുള്ള കാൻസർ നിർണയവും ലക്ഷ്യമിട്ട് വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിൽ ആരംഭിച്ച യാത്ര പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കാൻസർ ചികിത്സയുടെ സാധ്യതകളെക്കുറിച്ചും പ്രിസിഷൻ മെഡിസിൻ എന്ന ആശയത്തിന്‍റെ കാൽനൂറ്റാണ്ടായുള്ള വികാസത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പ്രിസിഷൻ മെഡിസിൻ, ടാർഗെറ്റഡ് കാൻസർ തെറാപ്പി എന്നിവയുടെ വികാസം യാഥാർഥ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചതിലൂടെ ആഗോള തലത്തിൽ ഓങ്കോളജി മേഖലക്ക് പുതിയ ദിശാബോധം നൽകിയ വ്യക്തിയാണ് അദ്ദേഹം. പ്രിസിഷൻ ഓങ്കോളജി, ദീർഘവീക്ഷണത്തോടെയുള്ള ചികിത്സ രീതി എന്നീ മേഖലകളിൽ വലിയ സംഭാവനകൾ നൽകാൻ ഇന്ത്യക്ക് മികച്ച ശേഷിയുണ്ട്. എങ്കിലും ഇന്ത്യയിൽ കണ്ടുവരുന്ന കാൻസറുകളിലെ മോളിക്യൂലാർ ഘടന സംബന്ധിച്ച പഠനങ്ങളിൽ ഇനിയും നിർണായക പുരോഗതി കൈവരിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചികിത്സ സംവിധാനങ്ങൾക്ക് പുറമെ രോഗപ്രതിരോധം, മുൻകൂട്ടിയുള്ള രോഗനിർണയം എന്നിവയിലും ആരോഗ്യസ്ഥാപനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് വി.പി.എസ് ലേക്‌ഷോര്‍ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പറഞ്ഞു. യാത്ര പദ്ധതി മുഖാന്തിരം ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും കൃത്യമായ പരിശോധനകളിലൂടെ മുൻകൂട്ടി രോഗനിർണയം നടത്താൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. കാൻസർ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുന്നതിലൂടെ ചികിത്സ ഫലങ്ങളിലും രോഗിയുടെ ജീവിത നിലവാരത്തിലും വലിയ മാറ്റങ്ങളുണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ഡെന്‍റൽ ഡോക്ടർമാർക്ക് വായിലെ കാൻസർ ലക്ഷണങ്ങൾ തിരിച്ചറിയാനും കൃത്യസമയത്ത് വിദഗ്ധ ചികിത്സക്കായി റഫർ ചെയ്യാനും പരിശീലനം നൽകുന്നതിന് ഇന്ത്യൻ ഡെന്‍റൽ അസോസിയേഷനുമായി (ഐ.ഡി.എ) ചേർന്ന് വി.പി.എസ് ലേക്‌ഷോര്‍ സംസ്ഥാന തല കാമ്പെയിൻ നടത്തിവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കാൻസർ തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതിന് മൂന്ന് തലങ്ങളിലുള്ള പ്രവർത്തനങ്ങളാണ് പ്രധാനമായും വി.പി.എസ് ലേക്‌ഷോര്‍ നടത്തുന്നതെന്ന് ഹെഡ് ആൻ നെക്ക് ഓങ്കോളജി വിഭാഗം മേധാവി ഡോ. മോനി എബ്രഹാം കുര്യാക്കോസ് വ്യക്തമാക്കി. ആശുപത്രിയിലെത്തുന്ന രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നടത്തുന്ന രോഗനിർണയ പരിപാടികളാണ് ഒന്ന്. എൻ.ജി.ഓകൾ, തൊഴിലിടങ്ങൾ എന്നിവയുമായി സഹകരിച്ച് കാൻസറും മറ്റ് രോഗങ്ങളും കണ്ടെത്തുന്നതിനുള്ള വിപുലമായ ക്യാമ്പുകളാണ് രണ്ടാമത്തേത്. വീടുകളിലെത്തി രോഗ നിർണയ പരിശോധനകൾ ലഭ്യമാക്കുന്ന മൊബൈൽ മെഡിക്കൽ യൂണിറ്റിന്‍റെ സേവനമാണ് മൂന്നാമത്തേതെന്നും അദ്ദേഹം വിശദീകരിച്ചു.
ചടങ്ങിൽ പങ്കെടുത്ത ഡോക്ടർമാരുമായി ഡോ. കെയ്ത് കെയ്ത്.ടി.ഫ്ലാഹെർടി സംവദിച്ചു. വി.പി.എസ് ലേക്‌ഷോര്‍ സി.ഇ.ഓ ജയേഷ് വി. നായർ സ്വാഗതവും ഗ്രൂപ്പ് സി.ഒ.ഒ ലക്ഷ്മൺ സേതുരാമൻ നന്ദിയും പറഞ്ഞു. സീനിയർ കൺസൾട്ടന്‍റുമാർ, ഫാക്കൽറ്റി അംഗങ്ങൾ, ആരോഗ്യവിദഗ്ധർ തുടങ്ങിയവർ പങ്കെടുത്തു.
Photo Courtesy - Google









