04:10pm 14 October 2026
NEWS
അർബുദ മരുന്നുകൾക്ക് 30ശതമാനം ലാഭപരിധി; മറ്റു മരുന്നുകളുടെ വിലയിൽ നിയന്ത്രണമില്ലാത്തതെന്ത്? കേന്ദ്രത്തോട് സുപ്രീംകോടതി
13/10/2026  11:46 AM IST
nila
അർബുദ മരുന്നുകൾക്ക് 30ശതമാനം ലാഭപരിധി; മറ്റു മരുന്നുകളുടെ വിലയിൽ നിയന്ത്രണമില്ലാത്തതെന്ത്? കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡൽഹി: അർബുദ മരുന്നുകളുടെ പരമാവധി വിൽപ്പനവിലയിൽ ലാഭം 30 ശതമാനമായി പരിമിതപ്പെടുത്തിയതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ, ഈ നടപടി മാത്രം മതിയാകില്ലെന്ന് നിരീക്ഷിച്ച കോടതി, മറ്റു മരുന്നുകളുടെ ലാഭത്തിനും നിയന്ത്രണം ഏർപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്രത്തോട് ചോദിച്ചു. യഥാർഥത്തിൽ 11 രൂപ വിലയുള്ള സലൈൻ ഡ്രിപ്പ് 270 രൂപയ്ക്കു വിൽക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി.

അർബുദ മരുന്നുകളുടെ ലാഭവിഹിതം നിയന്ത്രിച്ചതിലൂടെ രോഗികൾക്ക് പ്രതിവർഷം 3,500 കോടി രൂപയുടെ സാമ്പത്തിക നേട്ടമുണ്ടാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. എന്നാൽ, അർബുദ മരുന്നുകൾക്ക് മാത്രമായി ലാഭപരിധി നിശ്ചയിക്കുന്നതിന്റെ യുക്തിയെക്കുറിച്ചായിരുന്നു ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം. ഈ നടപടി മറ്റു മരുന്നുകളുടെ കാര്യത്തിലും നടപ്പാക്കാൻ കഴിയില്ലേയെന്നും കോടതി ആരാഞ്ഞു.

മരുന്നുകളുടെ വില നിയന്ത്രണം, ജനറിക് മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ലഭ്യത, ഡോക്ടർമാർ മരുന്നുകൾ കുറിച്ചുനൽകുന്ന രീതിയിലെ പ്രശ്നങ്ങൾ എന്നിവ ഉന്നയിച്ച് ഡോ. സഞ്ജയ് കുലക്ഷേത്രയും കിഷൻ ചന്ദ് ജെയിനും സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

മരുന്നുകളുടെ പ്രാരംഭ വില നിശ്ചയിക്കുന്നതിന് ഫലപ്രദമായ നിയന്ത്രണ സംവിധാനം നിലവിലില്ലെന്നതാണ് പ്രധാന പ്രശ്നമെന്ന് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. മരുന്നുകളുടെ വിലയിൽ സുതാര്യത ഉറപ്പാക്കുകയും അമിതവില ഈടാക്കുന്നത് തടയുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും ഇതോടെ വീണ്ടും ചർച്ചയാകുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img