
ദോഹ: കാനഡയുടെ പ്രധാനമന്ത്രി ഡോ. മാർക്ക് കാർണി ഔദ്യോഗിക സന്ദർശനത്തിനായി ശനിയാഴ്ച ദോഹയിലെത്തി. അദ്ദേഹത്തോടൊപ്പം എത്തിയ ഉന്നതതല പ്രതിനിധി സംഘത്തെയും ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു.
ഖത്തർ ഊർജ്ജകാര്യ സഹമന്ത്രി എഞ്ചിനീയർ സഅദ് ബിൻ ഷരീദ അൽ കഅബിയും ഖത്തറിലെ കനേഡിയൻ അംബാസഡർ കരീം മോർകോസും ചേർന്നാണ് കാനഡ പ്രധാനമന്ത്രിയെയും പ്രതിനിധി സംഘത്തെയും വിമാനത്താവളത്തിൽ സ്വാഗതം ചെയ്തത്.
ഈ സന്ദർശനം ഖത്തർ–കാനഡ ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വഴിയൊരുക്കുമെന്ന് വിലയിരുത്തപ്പെടുന്നു. പ്രത്യേകിച്ച് ഊർജ്ജം, സാമ്പത്തിക സഹകരണം, നിക്ഷേപം, അന്താരാഷ്ട്ര വിഷയങ്ങളിലെ സഹകരണം എന്നിവ സംബന്ധിച്ച ചർച്ചകൾ സന്ദർശനത്തിന്റെ ഭാഗമായി നടക്കുമെന്നാണ് പ്രതീക്ഷ.
അന്താരാഷ്ട്ര രംഗത്ത് സുപ്രധാന പങ്ക് വഹിക്കുന്ന രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുന്നതിൽ ഔദ്യോഗിക സന്ദർശനം നിർണായകമാകും.
പരസ്പര താൽപ്പര്യ വിഷയങ്ങളിൽ ധാരണകൾ കൈവരിക്കാൻ കാനഡ പ്രധാന മന്ത്രിയുടെ ദോഹ സന്ദർശനം സഹായകരമാകുമെന്നും നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു.











