
ടൊറന്റോ: സ്വന്തം മണ്ണിൽ വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ കാനഡയ്ക്ക് ബോസ്നിയ ശക്തമായ വെല്ലുവിളിയായി. ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. 21-ാം മിനിറ്റിൽ ജോവോ ലുക്കിച്ച് ബോസ്നിയയെ മുന്നിലെത്തിച്ചപ്പോൾ, മത്സരാവസാനത്തോട് അടുക്കുമ്പോൾ കൈൽ ലാറിൻ നേടിയ ഗോളാണ് കാനഡയെ തോൽവിയിൽ നിന്ന് രക്ഷപ്പെടുത്തിയത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇരു ടീമുകളും ആക്രമണ രീതി പുറത്തെടുത്തെങ്കിലും പിന്നീട് കളിയുടെ നിയന്ത്രണം കാനഡ ഏറ്റെടുത്തു. ജൊനാഥൻ ഡേവിഡ്, ടാനി ഒലുവസെയി, ടയോൺ ബുക്കാനൻ എന്നിവർ നിരന്തരം ബോസ്നിയൻ പ്രതിരോധത്തെ പരീക്ഷിച്ചെങ്കിലും ഗോൾ നേടാനായില്ല.
അതേസമയം, 21-ാം മിനിറ്റിൽ ലഭിച്ച കോർണറിൽ നിന്നാണ് ബോസ്നിയ ലീഡ് നേടിയത്. ഇവാൻ ബാസിച്ചിന്റെ കോർണർ സെഡ് കൊളാസിനാക് തലകൊണ്ട് ജോവോ ലുക്കിച്ചിന് ഒരുക്കിനൽകി. ലുക്കിച്ചിന്റെ ഹെഡർ കാനഡയുടെ ഗോൾകീപ്പർ മാക്സിം ക്രെപൗവിന് തടയാനായില്ല.
ഗോൾ വഴങ്ങിയതോടെ കാനഡ ആക്രമണത്തിന്റെ വേഗം കൂട്ടി. മില്ലറും ലാറിയയും വിങ്ങുകളിലൂടെ നടത്തിയ മുന്നേറ്റങ്ങൾ ബോസ്നിയൻ പ്രതിരോധത്തെ സമ്മർദത്തിലാക്കി. എന്നാൽ മികച്ച പ്രതിരോധ പ്രകടനവുമായി ബോസ്നിയ ലീഡ് നിലനിർത്തി.
രണ്ടാം പകുതിയിൽ കാനഡ നിരവധി സുവർണാവസരങ്ങൾ സൃഷ്ടിച്ചു. 52-ാം മിനിറ്റിൽ ലാറിയയുടെ ഷോട്ട് ഗോൾകീപ്പറെ മറികടന്നെങ്കിലും കൊളാസിനാക്കിന്റെ സമയോചിത ഇടപെടൽ ഗോൾ ഒഴിവാക്കി. പിന്നാലെ 65-ാം മിനിറ്റിൽ ടാനി ഒലുവസെയിയുടെ ഹെഡർ നിക്കോള കാറ്റിച്ച് ഗോൾലൈനിൽ നിന്ന് ക്ലിയർ ചെയ്തതും ബോസ്നിയയ്ക്ക് ആശ്വാസമായി.
ഒടുവിൽ 79-ാം മിനിറ്റിൽ കാനഡയുടെ സമനില ഗോൾ പിറന്നു. ജൊനാഥൻ ഡേവിഡ് നൽകിയ മികച്ച ഫ്ളിക്കിൽ നിന്ന് പന്ത് സ്വീകരിച്ച കൈൽ ലാറിൻ ബോക്സിനുള്ളിൽ മനോഹരമായ വോളിയിലൂടെ വല കുലുക്കുകയായിരുന്നു. പകരക്കാരനായി ഇറങ്ങി നാല് മിനിറ്റിനകം ഗോൾ നേടിയ ലാറിൻ കാനഡയുടെ രക്ഷകനായി മാറി.
ശേഷിക്കുന്ന സമയത്ത് വിജയഗോളിനായി കാനഡ ശക്തമായി ശ്രമിച്ചെങ്കിലും ബോസ്നിയയുടെ പ്രതിരോധനിര ഉറച്ചുനിന്നതോടെ മത്സരം 1-1 എന്ന സ്കോറിൽ അവസാനിച്ചു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇറ്റലിയെ അട്ടിമറിച്ച ആത്മവിശ്വാസം ആദ്യ മത്സരത്തിലും ബോസ്നിയ നിലനിർത്തിയപ്പോൾ, അൽഫോൺസോ ഡേവിസിന്റെ അഭാവം കാനഡയ്ക്ക് തിരിച്ചടിയായി.











