
കൊച്ചി: എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഗ്യാസ്‌ട്രോ എന്ററോളജി (ഉദരരോഗ) വിഭാഗത്തിന്റെ നേതൃത്വത്തില്‍ അമിതവണ്ണം ചികിത്സയിലൂടെ കുറയ്ക്കുന്നതിന്റെ നൂതനരീതികള്‍ സംബന്ധിച്ച ശില്‍പ്പശാലയ്ക്ക് തുടക്കമായി. ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോഎന്ററോളജി കേരള ചാപ്റ്ററിന്റെയും, കൊച്ചിന്‍ ഗട്ട് ക്ലെബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് തെന്നിന്ത്യയിലെ ഇരുന്നൂറോളം ഉദരരോഗ ചികിത്സാവിദഗ്ധര്‍ പങ്കെടുക്കുന്ന ഊ ശില്പശാല രണ്ട് ദിവസങ്ങളിലായി നടക്കുന്നത്.
പാലാരിവട്ടം ഹോളിഡെ ഇന്നില്‍ നുവാല്‍സ് വൈസ് ചാന്‍സലര്‍ ജസ്റ്റിസ് എസ് സിരിജഗന്‍ ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മെഡിക്കല്‍ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ. പി വി ലൂയിസ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ട്രസ്റ്റിലെ മെഡിക്കല്‍ ആന്റ് കമേഷ്യല്‍ ഡയറക്ടര്‍ ഡോ. പി വി തോമസ്, ഡോ. മാത്യു ഫിലിപ്പ്, ഡോ. ജേക്കബ് എബ്രഹാം, ഡോ. ഇസ്മയില്‍ സിയാദ്, ഡോ. സുനില്‍ കെ മത്തായി, ഡോ. ബിനോയ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ബാരിയാട്രിക് സയന്‍സ് എന്ന വിഷയത്തില്‍ ഡോ. അനില്‍ ജോസ് കൊക്കാട്ട് (കണ്‍സള്‍ട്ടന്റ് ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ്, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍), ഡോ. മനോയല്‍ ഗാല്‍വയോ നെറ്റോ (ഡയറക്ടര്‍ ഓഫ് ബാരിയാട്രിക് റിസര്‍ച്ച്, ഒര്‍ലാന്റോ ഹെല്‍ത്ത്), ഡോ. മോഹിത് ഭണ്ഡാരി (ഡയറക്ടര്‍, മൊഹക് ബാരിയാട്രിക് ആന്റ് റോബോട്ടിക്‌സ്, ഇന്‍ഡോര്‍- പ്രസിഡന്റ് ഐ ആര്‍ സി എ ഡി ഇന്ത്യ), ഡോ. രാകേഷ് കലപല (ഡയറക്ടര്‍ ഓഫ് എന്റോസ്‌കോപി, സെന്റര്‍ ഓഫ് ഒബേസിറ്റി ആന്റ് മെറ്റാബോളിക് തെറാപ്പി) എന്നിവര്‍ വിവിധ സെഷനുകളില്‍ അദ്ധ്യക്ഷത വഹിക്കുന്നു.
അമിതവണ്ണം കുറയ്ക്കാനുള്ള ഫലപ്രദമായ ചികിത്സാ രീതികളാണ് മുഖ്യമായും ഈ ശില്പശാലയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്റോസ്‌കോപ്പിക് സ്ലീവ് ഗാസ്‌ട്രോപ്ലാസ്റ്റി ചികിത്സാ രീതികളുടെ തത്സമയ പ്രക്ഷേപണം വീക്ഷിക്കുന്നതിന് ഹോട്ടല്‍ ഹോളിഡെ ഇന്‍ ആണ് വേദി ഒരുക്കിയിട്ടുള്ളത്. ശില്പശാലയില്‍ പങ്കെടുക്കുന്ന ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ ട്രസ്റ്റിലെ എന്‍ഡോസ്‌കോപ്പിയില്‍ നടക്കുന്ന ആധുനിക ചികിത്സാരീതികള്‍ നേരിട്ട് സ്‌ക്രീനില്‍ വീക്ഷിക്കുവാനും വിദഗ്ധരുമായി സംവാദിക്കാനും അവസരമൊരുക്കിയിട്ടുണ്ട്.









