03:30pm 02 September 2026
NEWS
39 ചെങ്കോട്ടകളിൽ പതിനഞ്ചും തകർന്നടിഞ്ഞു; അണികളെ പഴിചാരി പിണറായി വിജയന് രക്ഷപെടാനാകുമോ?
02/09/2026  06:41 AM IST
nila
39 ചെങ്കോട്ടകളിൽ പതിനഞ്ചും തകർന്നടിഞ്ഞു; അണികളെ പഴിചാരി പിണറായി വിജയന് രക്ഷപെടാനാകുമോ?

സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും ഇത്തവണ നേരിട്ട കനത്ത തിരിച്ചടിയുടെ കാരണം പാർട്ടിക്കുള്ളിൽ വലിയ ചർച്ചയാകുകയാണ്. കണ്ണൂരിലെ പയ്യന്നൂരിലും തളിപ്പറമ്പിലുമുണ്ടായ പരാജയത്തിന് പ്രവർത്തകരെയാണ് പിണറായി വിജയൻ കുറ്റപ്പെടുത്തുന്നതെങ്കിലും, സമാനമായി ശക്തമായ നിരവധി മണ്ഡലങ്ങൾ കൈവിട്ടതിന്റെ ഉത്തരവാദിത്തം ആരുടേതെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. 2021ൽ എൽഡിഎഫ് സ്ഥാനാർഥികൾ 20,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച 39 മണ്ഡലങ്ങളിൽ 15 എണ്ണമാണ് ഇത്തവണ നഷ്ടമായത്. തിരഞ്ഞെടുപ്പിന് മുമ്പ് എൽഡിഎഫ് ഏറെ സുരക്ഷിതമെന്ന് വിലയിരുത്തിയ മണ്ഡലങ്ങളായിരുന്നു ഇവ. ഇവിടെ വലിയ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പാണെന്നായിരുന്നു മുന്നണിയുടെ കണക്കുകൂട്ടൽ.

39 മണ്ഡലങ്ങളിൽ 24 എണ്ണം നിലനിർത്തിയെങ്കിലും അതിൽ ഒൻപതിടത്ത് ഭൂരിപക്ഷം 10,000ൽ താഴെയായി. ഇതിൽ മണലൂരും ഉൾപ്പെടുന്നു. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 126 വോട്ടിനാണ് ഇവിടെ എൽഡിഎഫ് വിജയിച്ചത്. എൽഡിഎഫിന്റെ സുരക്ഷിത മണ്ഡലങ്ങളായി കണക്കാക്കിയ 29 സീറ്റുകൾ സിപിഎമ്മിന്റേതായിരുന്നു. ഇതിൽ 11 സീറ്റുകളാണ് ഇത്തവണ കൈവിട്ടത്.

2021ൽ 22,689 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന തളിപ്പറമ്പിലെ തോൽവിക്ക് വിമത സ്ഥാനാർഥിയുടെ കുപ്രചാരണങ്ങളിൽ പ്രവർത്തകർ വീണതാണ് കാരണമെന്നാണ് പിണറായി വിജയന്റെ വിശദീകരണം. എന്നാൽ തളിപ്പറമ്പിനേക്കാൾ ഉയർന്ന ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലങ്ങളിലും ഇത്തവണ സിപിഎമ്മിന് തിരിച്ചടി നേരിട്ടിട്ടുണ്ട്. 2021ൽ തൃക്കരിപ്പൂരിൽ 26,137, കോങ്ങാട്ട് 27,219, ഉടുമ്പൻചോലയിൽ 38,305, ഇരവിപുരത്ത് 28,121, കഴക്കൂട്ടത്ത് 23,497, കാട്ടാക്കടയിൽ 23,231 എന്നിങ്ങനെയായിരുന്നു ഭൂരിപക്ഷം. ഇത്തവണ ഈ മണ്ഡലങ്ങളിലെല്ലാം സിപിഎം പരാജയപ്പെട്ടു.

തൃക്കരിപ്പൂരിൽ 4,431, കോങ്ങാട്ട് 3,706, ഉടുമ്പൻചോലയിൽ 20,021, ഇരവിപുരത്ത് 8,803, കഴക്കൂട്ടത്ത് 428, കാട്ടാക്കടയിൽ 7,136 വോട്ടുകൾക്കാണ് പരാജയം. പേരാമ്പ്ര, ബാലുശേരി, വട്ടിയൂർക്കാവ് തുടങ്ങിയ പാർട്ടി ഉറച്ച മണ്ഡലങ്ങളിലും ഇത്തവണ തിരിച്ചടിയുണ്ടായി. പരാജയപ്പെട്ട മണ്ഡലങ്ങൾക്കു പുറമേ, സിപിഎം നിലനിർത്തിയ പല ശക്തികേന്ദ്രങ്ങളിലും ഭൂരിപക്ഷത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.

കല്യാശേരിയിൽ 2021ലെ 44,393 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ 18,433 ആയി കുറഞ്ഞു. ധർമടത്ത് 50,123ൽ നിന്ന് 19,247 ആയും തലശേരിയിൽ 36,801ൽ നിന്ന് 20,523 ആയും മട്ടന്നൂരിൽ 60,963ൽ നിന്ന് 14,168 ആയും ഭൂരിപക്ഷം ഇടിഞ്ഞു. ഷൊർണൂരിൽ 36,674ൽ നിന്ന് 16,517, ആലത്തൂരിൽ 34,118ൽ നിന്ന് 8,553, ചേലക്കരയിൽ 39,400ൽ നിന്ന് 29,386, ചെങ്ങന്നൂരിൽ 32,093ൽ നിന്ന് 10,292, ആറ്റിങ്ങലിൽ 31,636ൽ നിന്ന് 13,375 എന്നിങ്ങനെയാണ് ഭൂരിപക്ഷം കുറഞ്ഞത്.

സിപിഐയുടെ പ്രകടനം താരതമ്യേന മെച്ചമാണ്. 2021ൽ 20,000ത്തിലേറെ ഭൂരിപക്ഷത്തിൽ വിജയിച്ച എട്ട് മണ്ഡലങ്ങളിൽ രണ്ടിടത്ത് മാത്രമാണ് ഇത്തവണ പരാജയം നേരിട്ടത്. കൊടുങ്ങല്ലൂരും വൈക്കവുമാണ് നഷ്ടമായത്. അതേസമയം, സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ പാർട്ടി വോട്ടിലുണ്ടായ ചോർച്ചയാണ് നേതൃത്വത്തെ കൂടുതൽ ആശങ്കപ്പെടുത്തുന്നത്. വൻ ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലങ്ങളിൽ പോലും വോട്ട് വിഹിതം ഇടിഞ്ഞതിന്റെ കാരണം എന്താണെന്ന ചോദ്യത്തിന് പാർട്ടിക്ക് വ്യക്തമായ വിശദീകരണം നൽകേണ്ടിവരും.

തളിപ്പറമ്പിലെയും പയ്യന്നൂരിലെയും പരാജയം വിപുലീകൃത സംസ്ഥാന സമിതിയോഗത്തിൽ വിശദമായി ചർച്ചയായാൽ അത് കണ്ണൂർ ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനുമെതിരായ വിമർശനമായി മാറാനുള്ള സാധ്യതയുണ്ട്. അതിനാൽ പരാജയത്തിന്റെ ഉത്തരവാദിത്തം നേതൃത്വത്തിൽനിന്ന് അണികളിലേക്ക് മാറ്റാനുള്ള ശ്രമമാണോ നടക്കുന്നതെന്ന സംശയവും പാർട്ടിക്കുള്ളിൽ ശക്തമാണ്. തളിപ്പറമ്പിൽ പ്രവർത്തകർക്ക് പിഴച്ചുവെന്ന വിശദീകരണം മറ്റു മണ്ഡലങ്ങളിലെ തിരിച്ചടിക്ക് ബാധകമാകുമോ എന്നതാണ് ഇനി നിർണായകം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img