
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ( 2023) പഴയ മൈസൂരു മേഖലയിലെ വൊക്കലിഗ കോട്ടകളിൽ കടന്നുകയറി ജെഡിഎസ്സിനെ തകർത്തതും കോൺഗ്രസ്സിന്റെ ആധിപത്യം സ്ഥാപിച്ചതും ഡി കെ ശിവകുമാറാണ്. മുഖ്യമന്ത്രിയായതോടെ വൊക്കലിഗ സമുദായക്കാർക്കിടയിൽ ഡി കെയുടെ അംഗീകാരം ഒന്നുകൂടി വർദ്ധിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രിയും ജെഡിഎസ്സ് ദേശീയ അധ്യക്ഷനുമായ ദേവഗൗഡയായിരുന്നു ദശകങ്ങളോളം വൊക്കലിഗരുടെ അനിഷേധ്യ നേതാവ്. പ്രായാധിക്യവും രാഷ്ട്രീയ തിരിച്ചടികളും ദേവഗൗഡയെ വല്ലാതെ അവശനാക്കിയിരിക്കുന്നു. ആ സ്ഥാനത്താണ് മുഖ്യമന്ത്രിയായ ഡി കെ കടന്നുകയറുന്നത്. ആകെ തളർന്നുപോയ ജെഡിഎസ് ഇപ്പോൾ ബിജെപിയോടൊപ്പമാണ്. ഈ ടേമിൽ അവശേഷിക്കുന്ന രണ്ടുവർഷത്തെ ഭരണമല്ല, 2028 ൽ തുടർഭരണം ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഡി കെ തുറന്നടിക്കുന്നു. ബംഗളുരു സൗത്തിൽ (പഴയ രാമനഗര ജില്ല ) നിന്ന് മറ്റൊരു ഡി കെയെ സൃഷ്ടിക്കാൻ ബിജെപി- ജെഡിഎസ്സ് കൂട്ടുകെട്ടിന് സാധിക്കുമോ? അദ്ദേഹം ചോദിക്കുന്നു. മുഖ്യമന്ത്രിയായ ശേഷം സ്വന്തം തട്ടകമായ കനകപുരയിൽ(ബംഗളുരു സൗത്ത്) സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ഡി കെ. " ഈ മേഖലയിലെ പ്രമുഖ രാഷ്ട്രീയ പ്രതിയോഗികളായിരുന്ന പി ജി ആർ സിന്ധ്യ, വിശ്വനാഥ്, നാരായണഗൗഡ, യു കെ സ്വാമി തുടങ്ങിയ എതിർകക്ഷി നേതാക്കളെല്ലാം ഇപ്പോൾ എന്റെ കൂടെയാണ്. ഇവിടെ എന്നല്ല സംസ്ഥാനത്ത് ഒരിടത്തും എത്ര പരിശ്രമിച്ചാലും മറ്റൊരു ഡി കെയെ സൃഷ്ടിക്കാൻ ബിജെപിയ്ക്കോ ജെഡിഎസ്സിനോ കഴിയില്ല. കോൺഗ്രസ്സ് ആധിപത്യം തുടരും"പുതിയ മുഖ്യമന്ത്രി അവകാശപ്പെട്ടു.
Photo Courtesy - Google










